തിരുവനന്തപുരം: ലോക ചാംപ്യൻമാരായ അർജന്റീന ഫുട്‍ബോൾ ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ സർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷം. ‘മെസ്സി ഈസ് മിസിങ്’ എന്ന് കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ് പരിഹസിച്ചു. മെസ്സിയുടെയും അർജന്റീനയുടെയും കാര്യത്തിൽ സർക്കാരിന്റെ അവകാശവാദങ്ങൾ പൊളിഞ്ഞെന്ന് അദ്ദേഹം പറഞ്ഞു.
ലക്ഷക്കണക്കിന് രൂപയാണ് ചിലവഴിച്ചിട്ടുള്ളത്. ഇതിന് സർക്കാർ മറുപടി പറയണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു. ക്രെഡിറ്റ് അടിച്ചെടുക്കാനുള്ള അവസരമായാണ് സർക്കാർ ഇതിനെ കണ്ടതെന്ന് ഷാഫി പറമ്പിൽ എംപി കുറ്റപ്പെടുത്തി.
ജനങ്ങളെ പറഞ്ഞ് പറ്റിച്ചു. ഇത് സർക്കാർ തള്ളി മറിച്ചുണ്ടാക്കിയ അപകടമാണ്. കേരള സർക്കാരിന്റെ വീഴ്‌ചകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്. ഇക്കാര്യത്തിൽ വ്യക്‌തത വരുത്തണം. അല്ലെങ്കിൽ ചിലവഴിച്ച പണം തിരിച്ചടക്കണമെന്നും ഷാഫി ആവശ്യപ്പെട്ടു.
സർക്കാർ യഥാർഥത്തിൽ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് ഹൈബി ഈഡൻ എംപി പറഞ്ഞു. ഇതിന് കായികമന്ത്രി ഉത്തരം പറയണം. സ്‌പെയിനിൽ പോകാൻ ലക്ഷങ്ങൾ ചിലവഴിച്ച മന്ത്രി സ്വന്തം പോക്കറ്റിൽ നിന്ന് ഖജനാവിലേക്ക് തിരിച്ചടക്കണമെന്നും ഹൈബി ആവശ്യപ്പെട്ടു.
ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട കരാർ ലംഘിച്ചത് കേരള സർക്കാരാണെന്ന് അസോസിയേഷൻ മാർക്കറ്റിങ് വിഭാഗം മേധാവി ലിയാൻഡ്രോ പീറ്റേഴ്‌സൺ വ്യക്‌തമാക്കിയിരുന്നു. അതേസമയം, ഏത് തരത്തിലുള്ള കരാർ ലംഘനമാണ് കേരളം നടത്തിയെന്ന കാര്യത്തിൽ വ്യക്‌തതയില്ല. മെസ്സിയെയും ടീമിനെയും കേരളത്തിലെത്തിക്കാൻ അർജന്റീന ഫുട്‍ബോൾ അസോസിയേഷന് 130 കോടി രൂപ നൽകിയിരുന്നുവെന്നാണ് സ്‌പോൺമാർ പറയുന്നത്.
ഈവർഷം ടീം കേരളത്തിൽ കളിക്കാമെന്ന കരാറിൽ അസോസിയേഷൻ ഒപ്പിട്ടിട്ടുണ്ട്. എന്നാൽ, അടുത്തവർഷം സെപ്‌തംബറിൽ കളിക്കാനെത്തുമെന്നാണ് ഇപ്പോൾ അവരുടെ നിലപാട്. ഈവർഷം എത്തുന്നുണ്ടെങ്കിലെ മൽസരം സംഘടിപ്പിക്കാൻ താൽപര്യമുള്ളൂവെന്നും കരാർ റദ്ദാക്കുന്നത് വലിയ സാമ്പത്തിക നഷ്‌ടത്തിന് കാരണമാകുമെന്നും കരാർ ലംഘിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്നും സ്‌പോൺസർമാർ പറഞ്ഞിരുന്നു.
Most Read| കടൽവെള്ളത്തിന് ഇളം ചുവപ്പ് നിറം! എന്തെന്ന് മനസിലാവാതെ എടക്കഴിയൂർ ഗ്രാമം