ബ്യൂനസ് ഐറിസ്: ലോകകപ്പ് യോഗ്യത മൽസരത്തിൽ ബ്രസീലിനെ തകർത്ത് അർജന്റീനയ്‌ക്ക് തകർപ്പൻ ജയം. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് അർജന്റീന തകർപ്പൻ വിജയത്തോടെ ലോകകപ്പ് യോഗ്യതാ നേട്ടം രാജകീയമാക്കിയത്. സൂപ്പർ താരം ലയണൽ മെസ്സി ഇല്ലാതെ ഇറങ്ങിയിട്ടും അർജന്റീന സർവാധിപത്യം പുലർത്തി. ബ്രസീൽ നിരയിൽ നെയ്‌മറും ഉണ്ടായിരുന്നില്ല.
ആദ്യ മൂന്ന് ഗോളുകൾ ഒന്നാം പകുതിയിലും നാലാം ഗോൾ രണ്ടാം പകുതിയിലുമാണ് നേടിയത്. 14 കളികളിൽ നിന്ന് പത്താം ജയം കുറിച്ച അർജന്റീന, ഒരു സമനില കൂടി ചേർത്ത് 31 പോയിന്റുമായി ഒന്നാം സ്‌ഥാനക്കാരായാണ് തെക്കേ അമേരിക്കൻ യോഗ്യതാ റൗണ്ടിൽ നിന്ന് നേരിട്ട് ലോകകപ്പ് യോഗ്യത നേടുന്ന ആദ്യ ടീമായത്.
14 കളികളിൽ നിന്ന് അഞ്ചാം തോൽവി ഏറ്റുവാങ്ങിയ ബ്രസീൽ 21 പോയിന്റുമായി നാലാം സ്‌ഥാനത്തേക്ക് ഇറങ്ങി. 14 കളികളിൽ നിന്ന് ഏഴ് ജയവും അഞ്ച് സമനിലയും സഹിതം 23 പോയിന്റുമായി ഇക്വഡോറാണ് രണ്ടാമത്. 5 ജയം 6 സമനില സഹിതം 21 പോയിന്റുമായി യുറഗ്വായ് മൂന്നാമതുണ്ട്.
അർജന്റീനയ്‌ക്കായി യൂലിയൻ അൽവാരസ് (4ആം മിനിറ്റ്), എൻസോ ഫെർണാണ്ടസ് (12ആം മിനിറ്റ്), അലക്‌സിസ് അക്അലിസ്‌റ്റർ (37ആം മിനിറ്റ്), ജൂലിയാനോ സിമിയോണി (71ആം മിനിറ്റ്) എന്നിവർ ലക്ഷ്യം കണ്ടു. ബ്രസീലിന്റെ ഏക ഗോൾ 26ആം മിനിറ്റിൽ മാത്യൂസ് കുഞ്ഞ നേടി. മൽസരത്തിനിടെ ആദ്യപകുതിയിൽ ഇരു ടീമുകളിലെയും താരങ്ങൾ ഇടയ്‌ക്കിടെ കയ്യാങ്കളിയുടെ വക്കിലെത്തിയത് നാടകീയ നിമിഷങ്ങൾ സമ്മാനിച്ചു.
അതേസമയം, മൽസരം ആരംഭിക്കും മുൻപേ നിലവിലെ ചാംപ്യൻമാർ കൂടിയായ അർജന്റീന 2026ലെ ഫുട്‍ബോൾ ലോകകപ്പിന് യോഗ്യത നേടി. യുറുഗ്വായ്- ബൊളീവിയ മൽസരം സമനിലയിൽ അവസാനിപ്പിച്ചതോടെയാണ് അർജന്റീന യോഗ്യത ഉറപ്പാക്കിയത്. മൽസരത്തിൽ യുറുഗ്വായ് തോറ്റിരുന്നെങ്കിൽ ബ്രസീലിനെതിരെ സമനില നേടിയാൽ അർജന്റീന നേരിട്ട് യോഗ്യത നേടുമായിരുന്നു.
Most Read| രണ്ടാം ഭാര്യയുടെ പ്രേതത്തെ പേടി, 36 വർഷമായി സ്‌ത്രീ വേഷം കെട്ടി ജീവിക്കുന്ന പുരുഷൻ