പ്രതീക്ഷയ്‌ക്ക്‌ മങ്ങൽ? അർജുനായുള്ള തിരച്ചിൽ താൽക്കാലികമായി നിർത്തി

മംഗളൂരുവിൽ നിന്ന് എത്തിച്ച അത്യാധുനിക റഡാർ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ഇതുവരെ മണ്ണിനടിയിൽ നിന്നും ഒന്നും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നാണ് വിവരം.

By Trainee Reporter, Malabar News
Arjun Missing
Ajwa Travels

ബെംഗളൂരു: കർണാടക അങ്കോളയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ അപകടത്തിൽപ്പെട്ട മലയാളി ലോറി ഡ്രൈവർ അർജുനായുള്ള തിരച്ചിൽ താൽക്കാലികമായി നിർത്തി. നാളെ അതിരാവിലെ പുനരാരംഭിക്കും. മംഗളൂരുവിൽ നിന്ന് എത്തിച്ച അത്യാധുനിക റഡാർ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ഇതുവരെ മണ്ണിനടിയിൽ നിന്നും ഒന്നും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നാണ് വിവരം.

രണ്ടാംഘട്ട റഡാർ പരിശോധനയിൽ ഒരു സിഗ്‌നൽ കൂടി ലഭിച്ചിരുന്നു. ആകെ നാല് സിഗ്‌നലുകളാണ് ലഭിച്ചത്. ജിപിഎസ് പോയിന്റിന് മുകളിലാണ് സിഗ്‌നൽ. ആദ്യഘട്ട പരിശോധനയിൽ മൂന്ന് സിഗ്‌നലുകൾ ലഭിച്ചിരുന്നു. സൂറത്കൽ എൻഐടി സംഘമാണ് പരിശോധന നടത്തുന്നത്. നേരത്തെ റഡാറിൽ ലോറിയുള്ള സ്‌ഥലം ലൊക്കേറ്റ് ചെയ്യാനായെന്ന സൂചന ലഭിച്ചിരുന്നു.

എന്നാൽ, പിന്നീട് അത് ലോറിയല്ലെന്നും വലിയ പാറക്കല്ലോ മറ്റോ ആകാനാണ് സാധ്യതയെന്നും എൻഐടി വൃത്തങ്ങൾ അറിയിച്ചു. വൻ പാറക്കല്ലുകളും മണ്ണിനൊപ്പമുണ്ട്. അതിനാൽ റഡാറിൽ സിഗ്‌നൽ ലഭിക്കാൻ പ്രയാസം നേരിടുന്നതായും ദൗത്യസംഘം വ്യക്‌തമാക്കുന്നു. ജെസിബി ഉപയോഗിച്ച് മണ്ണ് മാറ്റിയും തിരച്ചിൽ നടത്തുന്നുണ്ട്.

രക്ഷാദൗത്യം പരാജയമാണെന്നും എപ്പോൾ വേണമെങ്കിലും വീണ്ടും മണ്ണിടിഞ്ഞു വീഴാമെന്നും കേരളത്തിൽ നിന്ന് രക്ഷാദൗത്യത്തിന്റെ ഭാഗമാകാനെത്തിയ രഞ്‌ജിത്ത്‌ ഇസ്രയേൽ പറഞ്ഞു. അർജുനായുള്ള തിരച്ചിൽ 100 മണിക്കൂർ പിന്നിട്ടു. മേഖലയിൽ ഇടയ്‌ക്ക് മഴ പെയ്യുന്നത് ആശങ്കയുയർത്തുന്നുണ്ട്. അറുപതിലേറെ രക്ഷാപ്രവർത്തകരാണ് തിരച്ചിലിനായി ഉള്ളത്. ചെളിയും പുതിയ ഉറവകളും തിരിച്ചടിയാണ്.

ലോറി കണ്ടെത്തിയാൽ അവിടം കേന്ദ്രീകരിച്ച് മണ്ണ് മാറ്റി പരിശോധന നടത്താനാണ് തീരുമാനം. പുഴയിലും പരിശോധന നടത്താൻ തീരുമാനമുണ്ട്. റഡാർ പരിശോധന ഗുണകരമാകുമെന്നാണ് കരുതുന്നതെന്നും കൂടുതൽപേർ കുടുങ്ങി കിടക്കുന്നുണ്ടോ എന്നറിയാൻ പുഴയിലും പരിശോധന നടത്തുമെന്നും ഉത്തര കന്നഡ എസ്‌പി നാരായണ പറഞ്ഞു.

കേന്ദ്രമന്ത്രി എച്ച്ഡി കുമാരസ്വാമി ഷിരൂരിലെത്തി സ്‌ഥിതിഗതികൾ വിലയിരുത്തി. നിലവിൽ സൈന്യം എത്തേണ്ട സാഹചര്യമില്ലെന്നും കുടുംബങ്ങൾക്ക് കേന്ദ്രസർക്കാർ സഹായം നൽകുമെന്നും കുമാരസ്വാമി പറഞ്ഞു. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നാളെ ഷിരൂരിലെ അപകട സ്‌ഥലത്തെത്തും. ഉത്തര കന്നഡ ജില്ലയിലെ മഴക്കെടുതി ബാധിത പ്രദേശങ്ങളും സന്ദർശിക്കും.

അങ്കോളയ്‌ക്ക് സമീപം ഷിരൂരിലാണ് കോഴിക്കോട് സ്വദേശിയായ അർജുൻ ഓടിച്ച ലോറി വൻ മണ്ണിടിച്ചിൽപ്പെട്ടത്. ചൊവ്വാഴ്‌ച രാവിലെ 8.30ന് ആയിരുന്നു അപകടം. മലപ്പുറം എടവണ്ണപ്പാറയിലേക്ക് തടിയുമായി വരികയായിരുന്നു. ഒരുവശത്ത് ചെങ്കുത്തായ മലനിരകളും മറുവശത്ത് ഗംഗാവലി നദിയുമുള്ള സ്‌ഥലത്താണ്‌ അപകടം നടന്നത്.

Most Read| നിയമസഭാ തിരഞ്ഞെടുപ്പ്; നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ നേരിടുമെന്ന് ചിരാഗ് പാസ്വാൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE