ബെംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുനെ കണ്ടെത്താനായി ഡ്രഡ്‌ജർ ഉപയോഗിച്ചുള്ള തിരച്ചിൽ ഇന്നും തുടരും. ഡ്രഡ്‌ജിങ് കമ്പനിയുമായുള്ള കരാർ ഒരാഴ്‌ച കൂടി നീട്ടാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. എൻഡിആർഎഫ്, എസ്‌ഡിആർആർഎഫ് സംഘങ്ങൾ കൂടി ഇന്ന് ദൗത്യത്തിന്റെ ഭാഗമാകും.
റിട്ട. മേജർ ജനറൽ എം ഇന്ദ്രബാലൻ ഇന്ന് ഷിരൂരിലെത്തും. ജിപിഎസ് സംവിധാനം വഴി നേരത്തെ കണ്ടെത്തിയ സ്‌പോട്ടുകളിൽ കൂടുതൽ സാധ്യതയുള്ള മേഖല കണ്ടെത്താനുള്ള ശ്രമമായിരിക്കും ഇന്ന് നടക്കുന്നത്. തുടർന്ന് ആ മേഖല കേന്ദ്രീകരിച്ചാവും ഇന്നത്തെ തിരച്ചിൽ നടക്കുക. ഉത്തര കന്നഡ എസ്‌പി നാരായണ ഇന്നത്തെ തിരച്ചിലിന് നേതൃത്വം നൽകും.
അതേസമയം, പുഴയിൽ നിന്ന് ഇന്നലെ കണ്ടെത്തിയ അസ്‌ഥിയുടെ ഭാഗം ഡിഎൻഎ പരിശോധനക്കായി ഐഎഫ്എസ്‌എല്ലിലേക്ക് അയച്ചു. ഫലം ലഭിക്കാൻ അഞ്ചുദിവസത്തോളം സമയം എടുക്കും. മനുഷ്യന്റേതാണോ അതോ മൃഗങ്ങളുടെ അസ്‌ഥിയുടെ ഭാഗമാണോ എന്ന കാര്യത്തിൽ തീർപ്പ് കൽപ്പിക്കുന്നതും ലാബിലെ പരിശോധനാ ഫലം വന്ന ശേഷം മാത്രമാകും. നേരത്തെ, തന്നെ കാണാതായ ആളുകളുടെ ബന്ധുക്കളിൽ നിന്ന് ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചിരുന്നു.
അതിനിടെ, തിരച്ചിൽ നിർത്തിയ ഈശ്വർ മൽപെയുടെ സേവനം തുടർന്നും ലഭ്യമാക്കണമെന്ന് അർജുന്റെ ലോറി ഉടമ മനാഫ് കാർവാർ എംഎൽഎയോട് അഭ്യർഥിച്ചിട്ടുണ്ട്. ഭരണകൂടവുമായുള്ള ഭിന്നതയ്‌ക്ക് പിന്നാലെ കഴിഞ്ഞ ദിവസം മൽപെ തിരച്ചിൽ അവസാനിപ്പിച്ച് പോയിരുന്നു. ഇനി ഷിരൂരിലേക്ക് ഇല്ലെന്നും ഉഡുപ്പിയിലേക്ക് മടങ്ങുകയാണെന്നും അറിയിച്ച മൽപെ, അർജുന്റെ കുടുംബത്തോട് ക്ഷമ ചോദിക്കുന്നുവെന്നും പറഞ്ഞു.
Most Read| ഹേമ കമ്മിറ്റി റിപ്പോർട്; ദേശീയ വനിതാ കമ്മീഷൻ കേരളത്തിലേക്ക്