ബെംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുനെയും മറ്റു രണ്ടുപേർക്കുമായുള്ള തിരച്ചിൽ ആരംഭിച്ചു. ഇന്നത്തെ തിരച്ചിൽ നിർണായകമാണ്. ട്രക്കിലുണ്ടായ ഭാഗങ്ങൾ കണ്ടെത്തിയ സ്‌ഥലത്താണ് ഇന്ന് വ്യാപകമായ തിരച്ചിൽ നടത്തുന്നത്. എട്ടുമണിയോടെയാണ് തിരച്ചിൽ പുനരാരംഭിച്ചത്.
ഈശ്വർ മൽപേയും സംഘവും തിരച്ചിലിനുണ്ട്. ഇന്ന് ഗംഗാവലിപുഴയിൽ തെളിഞ്ഞ അന്തരീക്ഷമാണ്. ക്യാമറ അടക്കമുള്ള മുങ്ങൽ വിദഗ്‌ധർ ആണ് ആദ്യഘട്ടം തിരച്ചിലിന് ഇറങ്ങുന്നത്. ഡൈവ് ചെയ്‌ത് താഴെത്തട്ടിൽ എന്തൊക്കെയുണ്ട് എന്ന് അറിഞ്ഞതിന് ശേഷമായിരിക്കും കാര്യമായ തിരച്ചിൽ നടത്തുകയുള്ളൂ. തിരച്ചിലിനൊപ്പം തന്നെ മൺകൂനകൾ മാറ്റുന്നതിനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
അതേസമയം, അർജുന്റെ സഹോദരി അഞ്‌ജു അടക്കമുള്ള ബന്ധുക്കൾ ഷിരൂരിലെത്തിയിട്ടുണ്ട്. ‘എത്രയും പെട്ടെന്ന് ലോറിയുടെ അടുത്ത എത്താൻ സാധിക്കുമെന്നാണ് വിശ്വാസം. ഡ്രഡ്‌ജർ എത്തിക്കാൻ കഴിഞ്ഞതോടെ പ്രതീക്ഷയുണ്ട്. ഒരുപാട് സഹായങ്ങൾ ലഭിച്ചിട്ടുണ്ട്. കേരള സർക്കാരും കൂടെയുണ്ടായി. എന്തെങ്കിലും ഉത്തരം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. ഒരുപാട് പേരുടെ പ്രാർഥനയും പിന്തുണയുമുണ്ട്. എല്ലാവർക്കും നന്ദി’- അഞ്‌ജു പറഞ്ഞു.
ഇന്നത്തെ തിരച്ചിലിൽ മാദ്ധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഡ്രഡ്‌ജിങ്ങിന്റെ എതിർവശത്ത് നിന്ന് റിപ്പോർട് ചെയ്യണമെന്നാണ് നിർദ്ദേശം. കൂടാതെ, ബാരിക്കേഡുകൾ വെച്ച് റിപ്പോർട് ചെയ്യുന്ന സ്‌ഥലത്തിനും പരിധി വെച്ചിട്ടുണ്ട്. ഡ്രഡ്‌ജർ ഉൾപ്പടെയുള്ള സംവിധാനങ്ങൾ ഇന്നലെ വൈകുന്നേരം തന്നെ ഗംഗാവലി പുഴയിലെത്തിച്ചു നേരത്തെ ലോഹഭാഗങ്ങൾ കണ്ടെത്തിയ ഇടത്ത് പ്രാഥമികമായ അന്വേഷണം നടത്തിയിരുന്നു.
Most Read| രണ്ട് തലയും ഒരു ഉടലും; അപൂർവ രൂപത്തിലുള്ള പശുക്കുട്ടിയെ കാണാൻ ജനത്തിരക്ക്