ബെംഗളൂരു: കർണാടകയിലെ അങ്കോള ഷിരൂരിൽ ഉണ്ടായ മണ്ണിടിച്ചിലിൽ അപകടത്തിൽപ്പെട്ട കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുനായുള്ള തിരച്ചിൽ ആറാം ദിവസത്തിലേക്ക് കടന്നു. ഇന്നലെ നടത്തിയ റഡാർ പരിശോധനയിൽ സിഗ്‌നൽ ലഭിച്ച ഭാഗത്തായിരിക്കും ഇന്ന് രക്ഷാപ്രവർത്തനം നടത്തുക.
അപകടം നടന്ന സ്‌ഥലത്തെ ഉപഗ്രഹ ചിത്രങ്ങൾ ലഭ്യമാക്കുമെന്ന് ഐഎസ്ആർഒ അറിയിച്ചു. ഉപഗ്രഹ ചിത്രങ്ങൾ ലഭ്യമായാൽ കൂടുതൽ കൃത്യതയോടെ രക്ഷാപ്രവർത്തകർക്ക് ലോറിയുടെ ഭാഗം കണ്ടെത്താൻ സാധിക്കും. രക്ഷാപ്രവർത്തനത്തിനായി സൈന്യം ഇന്നിറങ്ങും. ബെൽഗാമിൽ നിന്നുള്ള 60 അംഗ സംഘമാണ് രക്ഷാപ്രവർത്തനത്തിനായി രാവിലെ മേഖലയിൽ എത്തിച്ചേരുക.
മണ്ണിടിച്ചിൽ നടന്ന മേഖലകളിൽ രക്ഷാപ്രവർത്തനം നടത്തി പരിചയമുള്ള സൈനികരാണ് എത്തുന്നത്. രക്ഷാപ്രവർത്തനം ഏറെ ദുഷ്‌കരമാണെന്നാണ് കാർവാർ എംഎൽഎ സതീഷ് കൃഷ്‌ണ പറയുന്നത്. അപകട സ്‌ഥലത്ത് കൂടുതൽ മണ്ണ് മാറ്റിയുള്ള തിരച്ചിലിന് കനത്ത മഴ വെല്ലുവിളിയാകുന്നുണ്ട്. അറുപതിലേറെ രക്ഷാപ്രവർത്തകരാണ് തിരച്ചിലിനായി ഉള്ളത്. ചെളിയും പുതിയ ഉറവകളും തിരിച്ചടിയാണ്.
മംഗളൂരുവിൽ നിന്ന് എത്തിച്ച അത്യാധുനിക റഡാർ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ഇതുവരെ മണ്ണിനടിയിൽ നിന്നും ഒന്നും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നാണ് വിവരം. എന്നാൽ, രണ്ടാംഘട്ട റഡാർ പരിശോധനയിൽ ഒരു സിഗ്‌നൽ കൂടി ലഭിച്ചിരുന്നു. ആകെ നാല് സിഗ്‌നലുകളാണ് ലഭിച്ചത്. ജിപിഎസ് പോയിന്റിന് മുകളിലാണ് സിഗ്‌നൽ. ആദ്യഘട്ട പരിശോധനയിൽ മൂന്ന് സിഗ്‌നലുകൾ ലഭിച്ചിരുന്നു.
സൂറത്കൽ എൻഐടി സംഘമാണ് പരിശോധന നടത്തുന്നത്. നേരത്തെ റഡാറിൽ ലോറിയുള്ള സ്‌ഥലം ലൊക്കേറ്റ് ചെയ്യാനായെന്ന സൂചന ലഭിച്ചിരുന്നു. എന്നാൽ, പിന്നീട് അത് ലോറിയല്ലെന്നും വലിയ പാറക്കല്ലോ മറ്റോ ആകാനാണ് സാധ്യതയെന്നും എൻഐടി വൃത്തങ്ങൾ അറിയിച്ചു. വൻ പാറക്കല്ലുകളും മണ്ണിനൊപ്പമുണ്ട്. അതിനാൽ റഡാറിൽ സിഗ്‌നൽ ലഭിക്കാൻ പ്രയാസം നേരിടുന്നതായും ദൗത്യസംഘം വ്യക്‌തമാക്കുന്നു. ജെസിബി ഉപയോഗിച്ച് മണ്ണ് മാറ്റിയും തിരച്ചിൽ നടത്തുന്നുണ്ട്.
അങ്കോളയ്‌ക്ക് സമീപം ഷിരൂരിലാണ് കോഴിക്കോട് കക്കോടി സ്വദേശിയായ അർജുൻ ഓടിച്ച ലോറി വൻ മണ്ണിടിച്ചിൽപ്പെട്ടത്. ചൊവ്വാഴ്‌ച രാവിലെ 8.30ന് ആയിരുന്നു അപകടം. മലപ്പുറം എടവണ്ണപ്പാറയിലേക്ക് തടിയുമായി വരികയായിരുന്നു. ഒരുവശത്ത് ചെങ്കുത്തായ മലനിരകളും മറുവശത്ത് ഗംഗാവലി നദിയുമുള്ള സ്‌ഥലത്താണ് അപകടം നടന്നത്. അതിനിടെ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്ന് ഷിരൂരിലെ അപകട സ്‌ഥലത്തെത്തും. ഉത്തര കന്നഡ ജില്ലയിലെ മഴക്കെടുതി ബാധിത പ്രദേശങ്ങളും സന്ദർശിക്കും.
Most Read| ചന്ദ്രനിൽ വാസയോഗ്യമായ ഗുഹയുണ്ടെന്ന് സ്‌ഥിരീകരണം