ഡെല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധം കടുപ്പിക്കാൻ ആംആദ്മി പാർട്ടി. ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഔദ്യോഗിക വസതി വളഞ്ഞ് പ്രതിഷേധിക്കാൻ പാർട്ടി നേതൃത്വം ആഹ്വാനം ചെയ്തിട്ടുണ്ട്. ഈ മാർച്ചിന് പോലീസ് അനുമതിയില്ല. എന്നാൽ, ഈ മാർച്ചുമായി മുന്നോട്ട് പോകാനാണ് എഎപിയുടെ തീരുമാനം.
ഈ സാഹചര്യത്തിൽ ന്യൂ ഡെൽഹി മേഖലയിൽ കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. അതിനിടെ, കെജ്രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് പ്രൊഫൈൽ പിക്ച്ചർ ക്യാമ്പയിനുമായി എഎപി രംഗത്തെത്തിയിട്ടുണ്ട്. ‘മോദി കാ സബ്സാ ബടാ ഡർ കെജ്രിവാൾ’ എന്ന ഹാഷ് ടാഗോടെയാണ് പ്രൊഫൈൽ ചിത്രങ്ങൾ മാറ്റിയത്. എഎപി നേതാക്കളും പ്രവർത്തകരും സാമൂഹിക മാദ്ധ്യമങ്ങളിൽ പുതിയ ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്.
അതിനിടെ, ഇഡി കസ്റ്റഡിയിലുള്ള കെജ്രിവാളിന്റെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഈ മാസം 28 വരെയാണ് കെജ്രിവാളിനെ ഇഡി കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ വ്യാഴാഴ്ചയാണ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. അറസ്റ്റിലായെങ്കിലും ഡെൽഹി കെജ്രിവാൾ മുഖ്യമന്ത്രിയായി തുടരുമെന്ന് ആംആദ്മി പാർട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു.
Most Read| ഗർഭഛിദ്രം ഭരണഘടനാ അവകാശമാക്കി ഫ്രാൻസ്








































