ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനാകുന്ന കുമരകം കുന്നത്തുകളത്തിൽ അരുൺ ഷാജിക്കായി ബസ് ഉടമയുടെ സഹായ ഹസ്തം. ഒരു ദിവസത്തെ മുഴുവൻ കളക്ഷൻ തുകയും നൽകിയാണ് ബസ് ഉടമയായ രശ്മി ശശിധരൻ അരുൺ ഷാജിക്കായി സഹായ ഹസ്തം നീട്ടിയത്.
രശ്മി ശശിധരന്റെ ഉടമസ്ഥതയിലുള്ള നാല് ബസുകളാണ് അരുൺ ഷാജിക്ക് വേണ്ടി ഓടിയത്. അരലക്ഷത്തിലധികം രൂപ കളക്ഷനും ലഭിച്ചു. കോട്ടയം- ചേർത്തല റൂട്ടിൽ സർവീസ് നടത്തുന്ന രണ്ട് കാർത്തിക ബസുകൾ, കോട്ടയം-കുമരകം- കൈപ്പുഴമുട്ട്-വൈക്കം റൂട്ടിൽ സർവീസ് നടത്തുന്ന വിശ്വനാഥ് ബസ്, കൈപ്പുഴ മുട്ട് വൈക്കം റൂട്ടിലോടുന്ന കാർത്തിക ബസ് എന്നിവയുടെ ബുധനാഴ്ചത്തെ ഒരു ദിവസത്തെ കളക്ഷനാണ് നൽകിയത്.
ബസിൽ നിന്ന് 48,270 രൂപയും അരുൺ ഷാജിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് 6000 രൂപയുമാണ് ബസ് യാത്രയുടെ ഭാഗമായി സമാഹരിച്ചത്. പണമായി സമാഹരിച്ച 48,270 രൂപ സഹായനിധി കൺവീനർ കെജി. ബിനുവിന് കൈമാറി. 30 ലക്ഷത്തിലേറെ രൂപയോളം ചികിൽസയ്ക്ക് ചെലവാകും.
കുമരകത്തിന്റെ വിവിധ വാർഡുകളിൽ നിന്ന് സമാഹരിച്ച തുകയ്ക്കൊപ്പം 315 നമ്പർ സർവീസ് സഹകരണ ബാങ്ക് സഹായ സമിതിയുടെ അക്കൗണ്ടിൽ ഈ പണം നിക്ഷേപിക്കുമെന്നും ശസ്ത്രക്രിയയ്ക്ക് മുമ്പായി പരമാവധി തുക സമാഹരിച്ച് അരുണിന് നൽകുമെന്നും കെജി. ബിനു പറഞ്ഞു.
Most Read| 91ആം വയസിലും ‘ജിൽ’ മുത്തശ്ശി ‘ചിൽ’; എന്റമ്മോ ആർക്കും പറ്റില്ലെന്ന് കമന്റുകൾ





































