ന്യൂഡെൽഹി: അരവിന്ദ് കെജ്‌രിവാളിന് പകരക്കാരനായി ഡെൽഹി മുഖ്യമന്ത്രി പദത്തിലെത്തുന്നത് ആരെന്ന് ഇന്നറിയാം. കെജ്‌രിവാളിന്റെ പിൻഗാമിയായി മന്ത്രിമാരായ അതിഷി, ഗോപാൽ റായ്, കൈലാഷ് ഗലോട്ട് തുടങ്ങിയവരുടെ പേരുകളാണ് ഉയർന്നുവരുന്നത്. രാവിലെ 11.30ന് നിയമസഭാ കക്ഷി യോഗത്തിന് ശേഷമാകും അന്തിമ പ്രഖ്യാപനം.
രണ്ടു ദിവസത്തിനകം ഡെൽഹി മുഖ്യമന്ത്രി പദത്തിൽ നിന്ന് രാജിവെക്കുമെന്ന് ഞായറാഴ്‌ച കെജ്‌രിവാൾ പ്രഖ്യാപിച്ചിരുന്നു. വൈകിട്ട് 4.30ന് കെജ്‌രിവാൾ ലഫ്. ഗവർണർ വികെ സക്‌സേനയെ സന്ദർശിക്കും. മദ്യനയ അഴിമതിക്കേസിൽ ജാമ്യം ലഭിച്ച് ജയിലിൽ നിന്ന് പുറത്തെത്തിയതിന് പിന്നാലെയാണ് കെജ്‌രിവാൾ രാജി പ്രഖ്യാപിച്ചത്.
മദ്യനയക്കേസിൽ സുപ്രീം കോടതി ജാമ്യം അനുവദിച്ചെങ്കിലും അഴിമതി ആരോപണം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഭരണത്തിൽ നിന്ന് ഒഴിയാനും പാർട്ടി നേതൃത്വത്തിൽ ശക്‌തമാകാനും കെജ്‌രിവാൾ തീരുമാനിച്ചതെന്ന് ആംആദ്‌മി പാർട്ടി വൃത്തങ്ങൾ പറയുന്നു. മദ്യനയ അഴിമതിക്കേസിന് പുറമെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി മോടിപിടിപ്പിച്ചതുമായി ബന്ധപ്പെട്ട ആരോപണവും സജീവമാണ്.
മദ്യനയക്കേസിൽ മാർച്ച് 21ന് അറസ്‌റ്റിലായ കെജ്‌രിവാൾ ജയിലിൽ കഴിഞ്ഞ ആറുമാസവും മുഖ്യമന്ത്രി പദവിയിൽ തുടർന്നിരുന്നു. ഫെബ്രുവരിയിലാണ് സംസ്‌ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കേണ്ടത്. എഎപിക്കെതിരെ ഭരണവിരുദ്ധ വികാരം നിലനിൽക്കുന്ന സാഹചര്യത്തിൽ തിരഞ്ഞെടുപ്പിനെ നേരിടാൻ ശക്‌തമായ ഒരുക്കങ്ങൾ വേണമെന്നാണ് പാർട്ടി വിലയിരുത്തൽ.
2013ലാണ് കെജ്‌രിവാൾ ആദ്യമായി ഡെൽഹി മുഖ്യമന്ത്രി പദത്തിൽ എത്തുന്നത്. കോൺഗ്രസുമായുള്ള കൂട്ടുകക്ഷി ഒരുവർഷം നീണ്ടില്ല. 2015ൽ മിന്നും ജയവുമായി അധികാരത്തിലെത്തിയ എഎപി 2020ൽ വീണ്ടും വിജയിച്ചു. പിന്നാലെയാണ് മദ്യനയ അഴിമതി കേസ് വിവാദം ഉയർന്നുവന്നത്.
Most Read| എംപോക്‌സ്; ലോകത്തെ ആദ്യ വാക്‌സിന് അംഗീകാരം നൽകി ലോകാരോഗ്യ സംഘടന