ന്യൂഡെൽഹി: ആഡംബര കപ്പലിലെ ലഹരിപ്പാർട്ടിക്കിടെ അറസ്റ്റിലായ ആര്യൻ ഖാന് ജാമ്യം അനുവദിച്ച് മഹാരാഷ്ട്ര ഹൈക്കോടതി. നാർക്കോട്ടിക്സ് കൺട്രോൾ ബ്യുറോ അറസ്റ്റ് ചെയ്ത ആര്യൻ ഖാൻ 25 ദിവസങ്ങൾക്ക് ശേഷമാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്നത്. കേസിൽ ആര്യനൊപ്പം അറസ്റ്റിലായ അർബാസ് മാർച്ചന്റിനും മുൻ മുൻ ധമേച്ചേയ്ക്കും കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്.
മുംബൈയിലെ പ്രത്യേക കോടതിയിൽ നേരത്തെ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും കോടതി ഇത് തള്ളിയിരുന്നു. അതിന് ശേഷമാണ് മഹാരാഷ്ട്ര ഹൈക്കോടതിയിൽ ജാമ്യഹരജി സമർപ്പിച്ചത്. ആര്യൻഖാന് വേണ്ടി മുതിർന്ന അഭിഭാഷകനായ മുകുൾ റോത്തഗിയാണ് കോടതിയിൽ ഹാജരായത്. ആര്യനിൽ നിന്നും ലഹരി മരുന്ന് പിടിച്ചിട്ടില്ലെന്നും, ലഹരിമരുന്ന് ഉപയോഗിച്ചതിന് വൈദ്യ പരിശോധനാ ഫലം പോലുമില്ലെന്നും റോത്തഗി വാദത്തിനിടെ ചൂണ്ടിക്കാട്ടിയിരുന്നു.
കൂടാതെ കേസിലെ പ്രധാന തെളിവായ വാട്സ്ആപ്പ് ചാറ്റ് 2018 കാലത്തേതാണെന്നും റോത്തഗി കോടതിയിൽ ചൂണ്ടിക്കാട്ടി. നിലവിൽ ആർതർ റോഡ് ജയിലിൽ കഴിയുന്ന ആര്യൻ ഖാൻ വെള്ളിയാഴ്ചയോ, ശനിയാഴ്ചയോ പുറത്തിറങ്ങും. കഴിഞ്ഞ ഒക്ടോബർ 3ആം തീയതിയാണ് ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടി കേസില്‍ ആര്യന് ഖാന്റെയും മറ്റ് രണ്ടുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 20 പേരെയാണ് എന്‍സിബി അറസ്റ്റ് ചെയ്തത്.
Read also: ചെറിയാൻ ഫിലിപ്പ് കോൺഗ്രസിലേക്ക് തിരികെയെത്തുന്നു; പ്രഖ്യാപനം നാളെ








































