മുംബൈ: ആര്യൻ ഖാൻ പ്രതിയായ ലഹരിമരുന്ന് കേസിലെ ആദ്യ അന്വേഷണ ഉദ്യോഗസ്‌ഥനായ സമീർ വാങ്കഡെക്ക് എതിരെ കുരുക്ക് മുറുകുന്നു. സമീർ വാങ്കെഡെയ്‌ക്ക് എതിരെ സിബിഐ കേസെടുത്തു. അഴിമതിക്കുറ്റം ചുമത്തിയാണ് കേസ്. ആര്യൻ ഖാൻ പ്രതിയായ കേസ് ഒതുക്കാൻ എൻസിബി മുംബൈ സോൺ മുൻ മേധാവി സമീർ വാങ്കഡെ ആവശ്യപ്പെട്ടത് 25 കോടിയാണെന്നാണ് വിവരം. ഇതിൽ 50 ലക്ഷം രൂപ കൈപ്പറ്റിയെന്നും സിബിഐക്ക് രഹസ്യവിവരം ലഭിച്ചിട്ടുണ്ട്.
സമീർ വാങ്കഡെ അടക്കം മൂന്ന് ഉദ്യോഗസ്‌ഥർക്ക് എതിരെയാണ് കേസ്. ഇതിന് പിന്നാലെ ഡെൽഹി, മുംബൈ, റാഞ്ചി, ലഖ്‌നൗ, ഗുവാഹത്തി, ചെന്നൈ അടക്കമുള്ള മുപ്പതോളം ഇടങ്ങളിൽ സിബിഐ റെയ്‌ഡ് നടക്കുകയാണ്. വിജിലൻസ് നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോർട് അനുസരിച്ചാണ് ഐആർഎസ് ഉദ്യോഗസ്‌ഥനായ വാങ്കെഡെയ്‌ക്ക് എതിരെ കേസ് എടുത്തിരിക്കുന്നതാണെന്ന് സിബിഐ കഴിഞ്ഞ വ്യക്‌തമാക്കിയിരുന്നു.
2021 ഒക്‌ടോബർ രണ്ടിനാണ് മുംബൈ തീരത്തെ ആഡംബര കപ്പലിൽ നടത്തിയ റെയ്‌ഡിൽ ആര്യൻ ഖാൻ ഉൾപ്പടെയുള്ളവർ അറസ്‌റ്റിലാകുന്നത്. കേസിന്റെ ആദ്യ അന്വേഷണ ഉദ്യോഗസ്‌ഥനായിരുന്നു നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ മുംബൈ സോൺ മേധാവി കൂടിയായിരുന്ന സമീർ വാങ്കഡെ. കേസുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് ഇദ്ദേഹത്തെ അന്വേഷണ ചുമതലയിൽ നിന്ന് മാറ്റി.
എൻസിബിയുടെ പ്രത്യേക അന്വേഷണ സംഘമായിരുന്നു പിന്നീട് കേസ് അന്വേഷിച്ചിരുന്നത്. ലഹരിമരുന്ന് കേസിൽ ആര്യൻ ഖാന് എൻസിപി ക്‌ളീൻ ചിറ്റ് നൽകുകയും ചെയ്‌തു. ആര്യൻ ഉൾപ്പടെ ആറ് പേർക്കെതിരെ തെളിവില്ലെന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.
ലഹരി കേസിൽ 14 പേർക്കെതിരെയാണ് എൻസിബി കുറ്റപത്രം സമർപ്പിച്ചത്. സർക്കാർ ജോലി ലഭിക്കാൻ സമീർ വാങ്കഡെ വ്യാജ രേഖകൾ ഹാജരാക്കിയെന്ന ആരോപണം മഹാരാഷ്‌ട്ര മന്ത്രി നവാബ് മാലിക്കാണ് ഉന്നയിച്ചത്. കേസ് ഒതുക്കി തീർക്കാൻ സമീറും രണ്ടു ഉദ്യോഗസ്‌ഥരും ആഡംബര കപ്പലിൽ റെയ്‌ഡ് നടത്തിയപ്പോൾ ഉണ്ടായിരുന്ന സാക്ഷിയും ചേർന്നാണ് പണം ആവശ്യപ്പെട്ടത്.
Most Read: ക്‌ളിക്കുകൾക്ക് വേണ്ടിയുള്ള ‘വ്യാജ വാർത്തകൾ’ വർധിക്കുന്നു; തടയേണ്ട സർക്കാർ ഊർജം പകരുന്നു