ആര്യന്‍ഖാന്‍ കേസ്: എന്‍സിബിയുടെ ക്രമക്കേട് വ്യക്‌തമാക്കി വിജിലന്‍സ് റിപ്പോര്‍ട്ട്

മുംബൈ നഗരത്തെ വിറപ്പിച്ച സമീർ വാങ്കഡെയും സംഘവുമാണ് ആര്യനെ അറസ്‌റ്റ് ചെയ്‌തിരുന്നത്‌. ഈ കേസ് അശ്രദ്ധമായി അന്വേഷിച്ചെന്ന കണ്ടെത്തലിന്റെ അടിസ്‌ഥാനത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വാങ്കഡെക്ക് എതിരെ നടപടിക്ക് നിർദ്ദേശം നൽകി. ഇതിന്റെ അടിസ്‌ഥാനത്തിൽ സമീർ വാങ്കഡെയെ ചെന്നൈയിലേക്ക് സ്‌ഥലം മാറ്റിയിരുന്നു.

By Central Desk, Malabar News
Aryan Khan case Malayalam
Ajwa Travels

ന്യൂഡെൽഹി: ആര്യന്‍ ഖാനെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) മയക്കുമരുന്ന് കേസിൽ ഉൾപ്പെടുത്തി അറസ്‌റ്റ് ചെയ്‌ത കേസിൽ എന്‍സിബിയുടെ തന്നെ വിജിലന്‍സ് വിഭാഗം സമർപ്പിച്ച റിപ്പോര്‍ട്ടിൽ ഉദ്യോഗസ്‌ഥരുടെ ക്രമക്കേടും അന്വേഷണ ഉദ്യോഗസ്‌ഥരുടെ ഉദ്ദേശ്യശുദ്ധിയും ചോദ്യം ചെയ്യുന്നു.

കേസില്‍ ആര്യന്‍ ഖാന് ക്ളീൻ ചിറ്റ് ലഭിച്ചതിനെ തുടര്‍ന്നാണ് എന്‍സിബിയുടെ വിജിലന്‍സ് വിഭാഗം അന്വേഷണം ആരംഭിച്ചത്. അനാവശ്യ ഇടപെടലുകളും മതിയായ തെളിവില്ലാതെ അറസ്‌റ്റ് ചെയ്‌തതും ഉൾപ്പടെയുള്ള കാര്യങ്ങൾ ബ്യൂറോ ചീഫിന് സമര്‍പ്പിച്ച റിപ്പോർട്ടിൽ ചൂണ്ടികാണിക്കുന്നുണ്ട്.

അറസ്‌റ്റിനായി നടത്തിയ നടപടിക്രമങ്ങളില്‍ ഗുരുതര വീഴ്‌ച ഉണ്ടായതായും എട്ടോളം ഉദ്യോഗസ്‌ഥര്‍ക്കും ജീവനക്കാര്‍ക്കും അനാവശ്യ തിടുക്കത്തിൽ പങ്കുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ഡെപ്യൂട്ടേഷന്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങിയവരും ഇപ്പോള്‍ എന്‍സിബിയിലുള്ളവരും നിലവില്‍ ബ്യൂറോയില്‍ ഇല്ലാത്തവരും ഇതില്‍ ഉള്‍പ്പെടുന്നതായും റിപോർട്ട് പറയുന്നുണ്ടെന്ന് ദേശീയ മാദ്ധ്യമങ്ങൾ ചൂണ്ടികാണിക്കുന്നു.

ബ്യൂറോയില്‍ നിന്നുള്ള ഉദ്യോഗസ്‌ഥര്‍, കേസ് നടക്കുമ്പോള്‍ എന്‍സിബിയിലെടുത്തവര്‍, എന്‍സിബി മുംബൈ ഓഫീസിലുള്ള ഉദ്യോഗസ്‌ഥര്‍ എന്നിവര്‍ക്കെതിരെ നടപടിയെടുക്കാന്‍ റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നുണ്ട്. അന്വേഷണത്തില്‍ വിജിലന്‍സ് 65 മൊഴികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കോളിളക്കം സൃഷ്‌ടിച്ച അറസ്‌റ്റിനു ശേഷം ആര്യന്‍ ഖാനെതിരെയുള്ള എല്ലാ കുറ്റങ്ങളും ഒഴിവാക്കി എൻസിബി വെറുതെ വിട്ടപ്പോൾ സമീര്‍ വാങ്കഡെയായിരുന്നു ബ്യൂറോയുടെ മുംബൈ സോണിന്റെ സോണല്‍ ഡയറക്‌ടർ.

2021 ഒക്‌ടോബർ 2നായിരുന്നു മൂംബൈയിലെ ഒരു ആഡംബരക്കപ്പലിൽ നിന്ന് ആര്യൻ ഖാൻ അടക്കം ചിലരെ എൻസിബി, നിയമ വിരുദ്ധമായി മയക്കുമരുന്നു കൈവശം വച്ചു എന്ന കുറ്റംചാർത്തി അറസ്‌റ്റ് ചെയ്‌തത്‌. അന്താരാഷ്‌ട്ര മയക്കുമരുന്ന് കടത്തിലെ പ്രധാനി, മയക്കുമരുന്നു ലോബിക്ക് ഫണ്ടിങ് നടത്തുന്നയാൾ എന്നിങ്ങനെ നിരവധി ആരോപണങ്ങളാണ് പിന്നീട് ആര്യൻഖാൻ നേരിട്ടത്.

24കാരനായ ആര്യൻ ഖാൻ ഉൾപ്പെടെ 20 പേരാണ് കേസിൽ പ്രതികളായത്. എന്നാൽ, ഉന്നയിച്ച ആരോപണങ്ങൾക്കൊന്നും തെളിവ് നിരത്താൻ കഴിയാതെ, ലഹരിമരുന്ന് സംഘവുമായോ ലഹരിക്കടത്തിന്റെ ഗൂഢാലോചനയിലോ പങ്കില്ലെന്ന് വ്യക്‌തമാക്കി ആര്യൻ ഉൾപ്പെടെ അഞ്ച് പേരെ എൻസിബിയുടെ പ്രത്യേക അന്വേഷണ വിഭാഗത്തിന് പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കേണ്ടിവന്നു. ഗൂഢാലോചന, രാജ്യാന്തര ഇടപാടുകൾ എന്നിവയും ആര്യൻഖാന് എതിരെ ഉന്നയിച്ചിരുന്നു. 26 ദിവസത്തോളം കസ്‌റ്റഡിയിൽ കഴിഞ്ഞ ആര്യന് ഒക്‌ടോബർ 28ന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. പിന്നാലെ ഒക്‌ടോബർ 30ന് മോചിതനായി.

Most Read: ഇങ്ങനെയൊന്ന് നടത്തൂ; ബിജെപി വക്‌താവിന് കിടിലൻ തിരിച്ചടി നൽകി തരൂർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE