ന്യൂഡെൽഹി: മാവോയിസ്‌റ്റ് ബന്ധവും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളും ചുമത്തിയുള്ള കേസില്‍ ജിഎൻ സായിബാബയെ കുറ്റമുക്‌തനാക്കിയ ബോംബെ ഹൈക്കോടതി വിധി സുപ്രീം കോടതി മരവിപ്പിച്ചു. ഏഴ് വര്‍ഷമായി ഏകാന്ത തടവറയിൽ തുടരുന്ന ഇദ്ദേഹത്തിന്റെ പുറത്തിറങ്ങാനുള്ള പ്രതീക്ഷയാണ് ഈ വിധിയിലൂടെ അസ്‌തമിക്കുന്നത്.
കേസിന്റെ മെരിറ്റ് പരിഗണിക്കാതെയാണ് ഹൈക്കോടതി തീരുമാനമെടുത്തതെന്ന് ജസ്‌റ്റിസ് എംആര്‍ ഷായുടെ നേതൃത്വത്തിലുള്ള ബെഞ്ച് അഭിപ്രായപ്പെട്ടു. സായിബാബയെ കുറ്റമുക്‌തനാക്കിയ വിധിക്കെതിരെ മഹാരാഷ്‌ട്ര സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് സുപ്രീം കോടതി വിധി.
ഡെൽഹി സര്‍വകലാശാല മുന്‍ പ്രൊഫസറായ ജിഎന്‍ സായിബാബയും ഒരു മാദ്ധ്യമ പ്രവര്‍ത്തകനും ജെഎന്‍യുവിലെ ഒരു വിദ്യാര്‍ഥിയും ഉള്‍പ്പടെയുള്ള അഞ്ചുപേരെ യുഎപിഎ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കോടതിയിൽ ഹാജരാക്കിയത്. 2017ലാണ് സംഭവം. മഹാരാഷ്‌ട്രയിലെ സെഷന്‍സ് കോടതിയാണ് അഞ്ചു പ്രതികൾക്കും ജീവപര്യന്തം തടവ് വിധിച്ചത്. ഈ വിധിയെ ചോദ്യം ചെയ്‌ത് സായിബാബ സമര്‍പ്പിച്ച അപ്പീലിലാണ് ബോംബെ ഹൈക്കോടതി ഇദ്ദേഹത്തെയും മറ്റു പ്രതികളെയും വെറുതേവിട്ടത്.
ഇന്നലെയാണ് ബോംബെ ഹൈക്കോടതി ഇവരെ വെറുതെ വിട്ട വിധി പ്രസ്‌താവിച്ചത്. വിധി വന്നതിനു തൊട്ടുപിന്നാലെ എതിർ അപ്പീലുമായി സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഹര്‍ജി അടിയന്തരമായി കേള്‍ക്കണമെന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ച് ഇന്ന് പ്രത്യേക സിറ്റിങ് നടത്തിയാണ് വാദം കേട്ടതും വെറുതെ വിട്ട വിധി സുപ്രീംകോടതി മരവിപ്പിച്ചതും.
മാവോയിസ്‌റ്റ് ബന്ധം ആരോപിച്ച് 2014 മെയ് ഒമ്പതിനാണ് ഇദ്ദേഹത്തിനെയും മറ്റുനാലു പേരെയും അറസ്‌റ്റ് ചെയ്‌തത്. സര്‍വകലാശാലക്ക് കീഴിലുള്ള രാം ലാല്‍ ആനന്ദ് കോളജില്‍ ഇംഗ്ലീഷ് വിഭാഗം അസിസ്‌റ്റന്റ് പ്രഫസറായ ജിഎന്‍ സായിബാബയെ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല വിദ്യാർഥിയായ ഹേമന്ത് മിശ്രയുടെ മൊഴി അനുസരിച്ചാണ് കേസിൽ ശിക്ഷിച്ചത്.
മാവോവാദികളുമായി സായിബാബ നിരന്തരം ബന്ധം പുലര്‍ത്തിയെന്നായിരുന്നു പൊലീസിന്റെ അവകാശവാദം. അധ്യാപകനും എഴുത്തുകാരനും ചിന്തകനുമായ ഇദ്ദേഹത്തിന്റെ വീട്ടിൽ നടത്തിയ റെയ്‌ഡിൽ ലഭിച്ച നൂറുകണക്കിന് പുസ്‌തകങ്ങളിൽ മാവോവാദി ലഘുലേഖകള്‍, മാവോയിസവുമായ ബന്ധപ്പെട്ട പുസ്‌തകങ്ങൾ, ഡിവിഡികള്‍ തുടങ്ങിയവയും കണ്ടെത്തിയിട്ടുണ്ടെന്നും പൊലീസ് കോടതിയിൽ വിശദീകരിച്ചിരുന്നു.
കേസില്‍ 2016ല്‍, സുപ്രീംകോടതി ജാമ്യം നല്‍കിയെങ്കിലും 2017 മാര്‍ച്ച് ഏഴിന് മഹാരാഷ്‌ട്ര ഗച്രോളി ജില്ലാ സെഷന്‍സ് കോടതി സായിബാബക്ക് എതിരായ ആരോപണങ്ങള്‍ ശരിവച്ച് ജീവപര്യന്തം ശിക്ഷ വിധിക്കുകയായിരുന്നു. യുഎപിഎ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ വിധിച്ചത്.

അഞ്ചാം വയസിൽ സായിബാബക്ക് പോളിയോ ബാധിച്ചു. അരക്കു താഴോട്ട് തളർന്നു പോയി. പിന്നീടങ്ങോട്ട് വീൽ ചെയറിൽ ഇരുന്നാണ് പഠിച്ചതും വളർന്നതും ജോലിനേടിയതും. 90 ശതമാനവും തളര്‍ന്ന ശരീരവുമായി ഇപ്പോഴും ജീവിക്കുന്ന സായിബാബ, ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ട് പോലുള്ള മാവോവാദി വിരുദ്ധ നടപടികളെ ശക്‌തമായി വിമർശിച്ചിരുന്ന വ്യക്‌തിയാണ്. ഇതാണ് ഭരണകൂട ശത്രുതക്ക് കാരണമായതെന്നാണ് ഇദ്ദേഹത്തെ അനുകൂലിക്കുന്നവരുടെ വാദം.
Most Read: ക്‌ളാസ് മുറികളിലെ മതചിഹ്‌നം മതേതര വിരുദ്ധം; ജസ്‌റ്റിസ് ഹേമന്ദ് ഗുപ്‌ത