കൊച്ചി: സംവിധായിക ഐഷ സുല്‍ത്താനക്കെതിരെ ലക്ഷദ്വീപ് പോലീസെടുത്ത രാജ്യദ്രോഹ കേസിന് സ്റ്റേ. ‘ജൈവായുധ’ പരാമര്‍ശത്തിന്റെ പേരില്‍ ഐഷ സുല്‍ത്താനക്ക് എതിരെയുള്ള രാജ്യദ്രോഹ കേസിന്റെ തുടര്‍നടപടികളാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. ഈ കേസുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കേസുമായി ബന്ധപ്പെട്ട് ഇനി തുടരന്വേഷണം വേണ്ടെന്നും ഹൈക്കോടതി ഉത്തരവിട്ടു.
സുപ്രീം കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി തനിക്കെതിരെ കേന്ദ്രസര്‍ക്കാരും ലക്ഷദ്വീപ് ഭരണകൂടവും ചുമത്തിയ കേസുകള്‍ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് ഐഷ സുല്‍ത്താന ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ തുടര്‍ നടപടിയുടെ ഭാഗമാണ് ഹൈക്കോടതിയുടെ ഉത്തരവ്.
കഴിഞ്ഞ ജൂണ്‍ ഏഴിന് മീഡിയാ വണ്‍ ചാനല്‍ ചര്‍ച്ചക്കിടെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെതിരെയും ബിജെപിക്കെതിരെയും ആയിഷ സുല്‍ത്താന ‘ജൈവായുധം’ എന്ന പരാമര്‍ശം നടത്തിയത് ചോദ്യം ചെയ്ത് ലക്ഷദ്വീപ് ബിജെപി അധ്യക്ഷന്‍ നല്കിയ പരാതിയിലാണ് കേസെടുത്തത്. രാജ്യദ്രോഹ കുറ്റങ്ങള്‍ ഉള്‍പ്പെടുന്ന 12 എ, 153 ബി വകുപ്പുകളാണ് ഐഷക്കെതിരെ ചുമത്തിയത്.
ഒന്നാം കോവിഡ് തരംഗത്തില്‍ ഒരു കേസ് പോലും റിപ്പോർട് ചെയ്യാതിരുന്ന ലക്ഷദ്വീപില്‍ അഡ്മിനിസ്ട്രേറ്ററുടെ പ്രത്യേക നിര്‍ദ്ദേശത്തെ തുടര്‍ന്ന് കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയത് കോവിഡ് വ്യാപനത്തിന് കാരണമായിരുന്നു. അഡ്മിനിസ്ട്രേറ്ററുടെ ഇത്തരം നയങ്ങള്‍ ജൈവായുധം പോലെ തനിക്കു തോന്നുന്നുവെന്നായിരുന്നു ഐഷയുടെ പരാമര്‍ശം. അന്വേഷണത്തിന്റെ ഇടയില്‍ പോലീസ് ഐഷയുടെ ലാപ്ടോപ്പും മൊബൈലും പിടിച്ചെടുത്തിരുന്നു.
Most Read: അന്ന് കഥയുണ്ടാക്കിയവർ ഇന്നും അത് തുടരുന്നു; മറുപടിയുമായി മുഖ്യമന്ത്രി