എന്തുകൊണ്ടാണ് ജയിലിൽ കഴിയേണ്ടി വന്നത്? മകന് ഉറക്കം പോലും നഷ്‌ടപ്പെട്ടുവെന്ന് ഷാരൂഖ്

By News Desk, Malabar News
aryan khan and sharuq question to ncb officer
Representational Image

മുംബൈ: ലഹരിമരുന്ന് കേസിൽ ചോദ്യശരങ്ങളുമായി ആര്യൻ ഖാൻ. എന്തുകൊണ്ടാണ് തനിക്ക് ആഴ്‌ചകളോളം ജയിലിൽ കഴിയേണ്ടി വന്നതെന്ന് ആര്യൻ ചോദിക്കുന്നു. ലഹരിമരുന്ന് കേസിന്റെ അന്വേഷണത്തിനിടെ പ്രത്യേക അന്വേഷണ സംഘത്തലവനായ സഞ്‌ജയ് സിങ്ങിനോടായിരുന്നു ആര്യന്റെ ചോദ്യം.

എന്‍സിബി ഉദ്യോഗസ്‌ഥര്‍ തന്റെ സല്‍പ്പേര് കളങ്കപ്പെടുത്തിയെന്നും ഇതെല്ലാം താന്‍ ശരിക്കും അര്‍ഹിച്ചിരുന്നോ എന്നും ആര്യന്‍ ഖാന്‍ സഞ്‌ജയ് സിങ്ങിനോട് ചോദിച്ചുവെന്ന് ഇന്ത്യ ടുഡേ റിപ്പോർട് ചെയ്യുന്നു. കേസിന്റെ അന്വേഷണത്തിനിടെ ആര്യന്‍ ഖാനുമായി നടത്തിയ സംഭാഷണങ്ങളുടെ വിശദാംശങ്ങളാണ് ഇന്ത്യാ ടുഡേ മാഗസിന്റെ കവര്‍ സ്‌റ്റോറിയില്‍ എന്‍സിബി ഡെപ്യൂട്ടി ഡയറക്‌ടർ വെളിപ്പെടുത്തിയിരിക്കുന്നത്.

ഏറെ വിവാദങ്ങളുയര്‍ന്നതോടെ ലഹരിമരുന്ന് കേസില്‍ എന്‍സിബിയുടെ പ്രത്യേകസംഘം അന്വേഷണം നടത്തിയിരുന്നു. എന്‍സിബി ഡെപ്യൂട്ടി ഡയറക്‌ടറായ സഞ്‌ജയ് സിങ്ങായിരുന്നു പ്രത്യേക അന്വേഷണസംഘത്തിന്റെ തലവന്‍. ആര്യന്‍ ഖാനില്‍നിന്ന് ഒരിക്കലും ആത്‌മാന്വേഷണപരമായ ചോദ്യങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നായിരുന്നു സഞ്‌ജയ് സിങ്ങിന്റെ പ്രതികരണം. തുറന്ന മനസോടെയാണ് താന്‍ വന്നിരിക്കുന്നതെന്ന് പറഞ്ഞ്, കംഫര്‍ട്ടബിളാണെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ആര്യനോട് സംസാരിച്ച് തുടങ്ങിയത്. ഇതിനിടെയാണ് ആര്യന്‍ ചില കാര്യങ്ങള്‍ ചോദിച്ചത്.

‘സര്‍ നിങ്ങള്‍ എന്നെ ഒരു അന്താരാഷ്‌ട്ര ലഹരി കടത്തുകാരനായും ലഹരി കടത്തിന് സാമ്പത്തികസഹായം നല്‍കുന്നവനായും ചിത്രീകരിച്ചു. ഈ കുറ്റങ്ങളെല്ലാം തീര്‍ത്തും അസംബന്ധമായിരുന്നില്ലേ? എന്റെ കൈയില്‍നിന്ന് അവര്‍ക്ക് ഒരു ലഹരിമരുന്നും കിട്ടിയിരുന്നില്ല, എന്നിട്ടും അവര്‍ എന്നെ അറസ്‌റ്റ് ചെയ്‌തു. സര്‍ നിങ്ങള്‍ എന്റെ സല്‍പ്പേര് കളങ്കപ്പെടുത്തി. എന്ത് കൊണ്ടാണ് എനിക്ക് ആഴ്‌ചകളോളം ജയിലില്‍ കിടക്കേണ്ടിവന്നത്, ഞാന്‍ ശരിക്കും ഇത് അര്‍ഹിച്ചിരുന്നോ?’ എന്നായിരുന്നു ആര്യന്‍ ഖാന്റെ ചോദ്യങ്ങൾ.

അന്വേഷണത്തിനിടെ ആര്യന്‍ ഖാന്റെ പിതാവും ബോളിവുഡ് താരവുമായ ഷാരൂഖ് ഖാനെ നേരിട്ടുകണ്ട അനുഭവവും സഞ്‌ജയ് സിങ് വെളിപ്പെടുത്തിയിട്ടുണ്ട്. ഷാരൂഖ് ഖാനാണ് അന്വേഷണ ഉദ്യോഗസ്‌ഥനെ കാണണമെന്ന് ആവശ്യപ്പെട്ടത്. കേസിലെ മറ്റുപ്രതികളുടെ മാതാപിതാക്കളെ കണ്ടതിനാല്‍ ഷാരൂഖിനെയും നേരിട്ട് കാണാമെന്ന് സമ്മതിച്ചു. നേരിട്ട് കണ്ടപ്പോള്‍ ആര്യന്റെ മാനസിക-ശാരീരികാവസ്ഥകളെ സംബന്ധിച്ചാണ് ഷാരൂഖ് ആശങ്കപ്പെട്ടത്.

ആര്യന്‍ ശരിക്കും ഉറങ്ങുന്നില്ലെന്നും രാത്രി മുഴുവന്‍ മകന്റെ കിടപ്പുമുറിയിലെത്തി അവന് കൂട്ടിരിക്കുകയാണെന്നും ഷാരൂഖ് പറഞ്ഞു. യാതൊരു തെളിവും ഇല്ലാതിരുന്നിട്ടും മകന് നേരേ അപവാദപ്രചാരണമുണ്ടായി. സമൂഹത്തെ നശിപ്പിക്കാനിറങ്ങിയ വലിയ ക്രിമിനലുകളായും രാക്ഷസരായുമാണ് തങ്ങളെ ചിത്രീകരിച്ചതെന്നും ഷാരൂഖ് കരഞ്ഞുപറഞ്ഞതായും അദ്ദേഹം വെളിപ്പെടുത്തി.

വിവാദമായ ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസിൽ ആര്യന്‍ ഖാനടക്കം ആറ് പ്രതികൾക്ക് എന്‍സിബി ക്‌ളീൻ ചിറ്റ് നൽകിയിരുന്നു. കേസില്‍ ഇവര്‍ക്കെതിരേ മതിയായ തെളിവുകളില്ലെന്നും അന്വേഷണത്തില്‍ അപാകമുണ്ടായെന്നുമാണ് എന്‍സിബി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറഞ്ഞിരുന്നത്. ലഹരിമരുന്ന് കേസില്‍ അറസ്‌റ്റിലായ ആര്യന്‍ ഖാന് 26 ദിവസമാണ് ജയിലില്‍ കഴിയേണ്ടി വന്നത്.

Most Read: മുഹ്‌സിനക്ക് ഇനി പുസ്‌തകങ്ങൾ നനയാതെ സൂക്ഷിക്കാം; അധ്യാപികയുടെ സ്‌നേഹത്തണലിൽ വീടൊരുങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE