ക്‌ളിക്കുകൾക്ക് വേണ്ടിയുള്ള ‘വ്യാജ വാർത്തകൾ’ വർധിക്കുന്നു; തടയേണ്ട സർക്കാർ ഊർജം പകരുന്നു

പൃഥ്വിരാജ്‌ 25 കോടി പിഴയടച്ചു എന്ന വ്യാജനും പ്രതികരണവും കൂടി വായിക്കാൻ മലയാളി ഇന്ന് വരെ ചെലവഴിച്ച സമയം ഏകദേശം പതിമൂന്നുകോടി അൻപത് ലക്ഷം മിനിറ്റാണ്. 'ഈ വ്യാജനിലൂടെ മാത്രം' സൃഷിടിച്ച ഏറ്റവും കുറഞ്ഞ പരസ്യവരുമാനം ഏകദേശം 25 മുതൽ 30 ലക്ഷം രൂപയാണ്!

By Esahaque Eswaramangalam, Chief Editor
  • Follow author on
Clickbait Fake News in Kerala
Representational image
Ajwa Travels

പൃഥ്വിരാജ്‌ 25 കോടി പിഴയടച്ചു എന്ന വ്യാജവാർത്ത (Clickbait Fake News)വിവിധ മലയാളം ഓൺലൈൻ മാദ്ധ്യമങ്ങളിലൂടെ രണ്ടരകോടിയോളം ആളുകൾ വായിച്ചുകഴിഞ്ഞു എന്നാണ് ഏകദേശ കണക്ക്. വ്യാജനെതിരെ പൃഥ്വിരാജ്‌ നൽകിയ മറുപടിയും ഓൺലൈനിൽ ഏകദേശം 2 കോടിയോളം ആളുകൾ വായിച്ചുകഴിഞ്ഞു. ഇത്തരം ഫേക് ‘ക്ളിക് ബൈറ്റ്’ സ്‌റ്റഫുകൾ സാധാരണ 400 മുതൽ 1000 വാക്കുകൾ വരെയാണ് പോകുക. കാരണം, വാർത്താ വായനക്കാരനെ 3 മുതൽ 5 മിനിറ്റ് വരെ വാർത്തയിൽ പിടിച്ചിരുത്തണം. എങ്കിലേ പ്രസ്‌തുത പേജിൽ നൽകുന്ന വിവിധ തരത്തിലുള്ള പരസ്യത്തിന് ഉയർന്ന വരുമാനം ലഭിക്കുകയുള്ളു.

മൂന്നു മിനിറ്റ് വെച്ച് കൂട്ടിയാൽ പോലും വ്യാജനും പ്രതികരണവും കൂടി വായിക്കാൻ മലയാളി ചെലവഴിച്ച സമയം; നാലരകോടി X മൂന്നുമിനിറ്റ് = പതിമൂന്നുകോടി അൻപത് ലക്ഷം മിനിറ്റാണ്. ഇന്റർനെറ്റ് ലോകത്തെ സാധാരണ പരസ്യനിരക്ക് അനുസരിച്ച്, ഇത്തരം വാർത്തകൾ നൽകിയ ഓൺലൈൻ മാദ്ധ്യമങ്ങൾ എല്ലാവരും ചേർന്ന് ഈ വ്യാജനിലൂടെ മാത്രം സൃഷിടിച്ച ഏറ്റവും കുറഞ്ഞ പരസ്യവരുമാനം ഏകദേശം 25 മുതൽ 30 ലക്ഷം രൂപയാണ്!

പ്രമുഖ ഓൺലൈൻ മാദ്ധ്യമങ്ങളിൽ മിക്കവരും പൃഥ്വിരാജ്‌ എന്ന പേര് പറയാതെ, എന്നാൽ ബോധമുള്ള ആർക്കും പൃഥ്വിരാജ്‌ ആണെന് തിരിച്ചറിയാനും സാധിക്കുന്ന രീതിയിലാണ് ഈ വ്യാജ വാർത്ത നൽകിയത്. പൊതുജനത്തിന് വായിക്കാനേറെ ഇഷടമുള്ള ഈ ‘സ്‌റ്റഫുകൾ’ ക്‌ളിക്കുകൾക്കും അത് വഴിയുള്ള പരസ്യ വരുമാനത്തിനും വലിയ സഹായമാണ്. ഇത്തരം വ്യാജ വാർത്തകൾ മലബാർ ന്യൂസ് പോലുള്ള ചിലരൊഴികെ, മിക്കവരും വാസ്‌തുതാന്വേഷണം ഇല്ലാതെ കോപ്പി പേസ്‌റ്റ് ചെയ്‌ത്‌ ജനങ്ങൾക്ക് വായിക്കാനെത്തിച്ചു നൽകും.

ആളുകൾ വായിക്കുകയും, പ്രസ്‌തുത വാർത്ത പരസ്യവരുമാനം കൂട്ടുകയും ചെയ്യുന്നുണ്ടെങ്കിൽ, ഈ വ്യാജനെ ന്യായീകരിക്കുന്നതും പ്രതിരോധിക്കുന്നതും നിഷ്‌പക്ഷമായി നിൽക്കുന്നതുമായ നിരവധി വാർത്തകളും തുടർന്ന് നൽകും. വരുമാനത്തിന്റെ ചാകര സൃഷ്‌ടിക്കുന്ന ഈസ്‌റ്റഫ്‌ പിന്നീട് വായനക്കാർക്ക് മടുത്തു തുടങ്ങുമ്പോഴേക്കും അടുത്തവ്യാജ എക്‌സ്‌ക്‌ളൂസീവ് ഇവർ സൃഷ്‍ടിക്കും. ഇടയിൽ, മറ്റു മാദ്ധ്യങ്ങളിൽ വരുന്ന സാധാരണ വാർത്തകളും കാണും.

Clickbait Fake News in Kerala
‘ക്ളിക് ബൈറ്റ്’ ഉദാഹരണം

മുഖ്യധാരാ മാദ്ധ്യമങ്ങളിൽ മിക്കവരും, എതിരഭിപ്രായം ഉയർന്നാൽ പ്രസ്‌തുത വാർത്ത ഓൺലൈനിൽ നിന്ന് നീക്കം ചെയ്‌ത്‌, പുതിയ വേർഷൻ കൊടുക്കും. ഇതാണ് ക്‌ളിക്കുകളെ ആശ്രയിക്കുന്ന ഓൺലൈൻ മാദ്ധ്യമങ്ങളുടെ സാധാരണ വിപണനരീതി. എന്നാൽ, ചില ഓൺലൈൻ പോർട്ടലുകൾ കുറച്ചുകൂടി കടന്നുള്ള വിപണന രീതിയാണ് സ്വീകരിക്കാറുള്ളത്. പൃഥ്വിരാജ്‌ 25 കോടി പിഴയടച്ചു എന്നും ആന്റണി പെരുമ്പാവൂർ, ലിസ്‌റ്റിൻ സ്‌റ്റീഫൻ ആന്റോ ജോസഫ്‌ എന്നിവർ അന്വേഷണ പരിതിയിലാണ് എന്നും പറഞ്ഞു കൊണ്ട് വാർത്തകൊടുക്കും.

ശേഷം, വിവാദമോ കേസോ വന്നാൽ പോലും അത് പിൻവലിക്കില്ല എന്നു മാത്രമല്ല, മുകളിൽ പറഞ്ഞതുപോലെ, ആളുകൾ വായിക്കുകയും, പ്രസ്‌തുത വാർത്ത പരസ്യവരുമാനം കൂട്ടുകയും ചെയ്യുന്നുണ്ടെങ്കിൽ, ഈ വ്യാജനെ ന്യായീകരിക്കുന്നതും പ്രതിരോധിക്കുന്നതുമായ നിരവധി വാർത്തകളും തുടർന്ന് നൽകിക്കൊണ്ടേ ഇരിക്കും.

Clickbait Fake News in Kerala
‘ക്ളിക് ബൈറ്റ്’ ഉദാഹരണം

അതിനവരുടെ വായനക്കാരോട്, അവർ പറയുന്ന ന്യായം ചങ്കൂറ്റവും സത്യസന്ധതയും ഞങ്ങൾക്ക് മാത്രമാണ് എന്നതാണ്. യഥാർഥത്തിൽ, ഈ തന്ത്രത്തിലൂടെ വൈകാരിക വായനക്കാരെ കൂട്ടുകയും പിടിച്ചുനിറുത്തുകയും ചെയ്യുക. അതിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ പത്തു മുതൽ 30 ശതമാനംവരെ (പലരുടെയും അനുപാതം പലതാണ്) കേസ് നേരിടാൻ മാറ്റിവെക്കുകയും ചെയ്യുക എന്നതാണ് ഇത്തരം ഓൺലൈൻ പോർട്ടലുകളുടെ ഒരു പൊതുരീതി.

പൃഥ്വിരാജ്‌ 25 കോടി പിഴയടച്ചു എന്ന വ്യാജവാർത്ത മുകളിൽ പറഞ്ഞ ഗണത്തിൽപ്പെടുന്ന ഒരു ഓൺലൈൻ പോർട്ടലും ഇതെഴുതുന്ന സമയംവരെ ഡിലീറ്റ് ചെയ്‌തിട്ടില്ല. കാരണം, എങ്ങനെയും പണമുണ്ടാക്കാൻ വേണ്ടി വിപണിയിലേക്ക് കച്ചകെട്ടി ഇറങ്ങിയ ഓൺലൈൻ സ്‌ഥാപനങ്ങൾക്ക്‌ ഈ കേസുകളൊന്നും പ്രശ്‌നമേയല്ല.

Clickbait Fake News in Kerala
‘ക്ളിക് ബൈറ്റ്’ ഉദാഹരണം

എന്ത് കൊണ്ടെന്നാൽ, ഇത്തരം കേസുകളിൽ പരമോന്നത കോടതിവരെയെത്തി അന്തിമ വിധിവരാൻ 20 മുതൽ 30 വർഷംവരെ സമയമെടുക്കും എന്നത് ഇവർക്കറിയാം. അതിൽ തന്നെ 99 ശതമാനം കേസിലും, വിധി വാർത്ത നൽകിയവർക്ക് അനുകൂലവുമാകും. കാരണം, ശക്‌തവും വ്യക്‌തവുമായി തെളിവുകളുടെ അഭാവം, മാദ്ധ്യമങ്ങൾക്ക് നിയമം അനുവദിച്ചു നൽകുന്ന ചില ഇളവുകൾ, പിന്നെ മാദ്ധ്യമങ്ങൾക്ക് കൂച്ചുവിലങ്ങിടാനുള്ള നിയമ നിർമാണത്തിന്, അനുകൂലമായ തലത്തിലേക്ക് സമൂഹത്തെ ഒരുക്കിയെടുക്കാനുള്ള ദീർഘ കാല പദ്ധതിമുതൽ തമ്മിലടിപ്പിക്കൽ രാഷ്‌ട്രീയം വരെയുള്ള അനേകം കാരണങ്ങളുണ്ട്.

പ്രതിരോധിക്കേണ്ട സർക്കാർ ചെയ്യുന്നത്!

സംസ്‌ഥാനത്തിന്റെ പിആർഡി വകുപ്പാണ് ഓൺലൈൻ മാദ്ധ്യമങ്ങൾക്ക് അക്രഡിറ്റേഷനും പരസ്യവും നൽകുന്നത്. ഈ വകുപ്പ് മുഖ്യമന്ത്രിക്ക് കീഴിലാണ്. എന്നാൽ, ഈ വർഷവും ഏറ്റവും മാന്യമായി പ്രവർത്തിക്കുന്ന മിക്ക ഓൺലൈൻ മാദ്ധ്യമങ്ങളും പിആർഡി അംഗീകാരത്തിന് പുറത്താണ്. കാരണം, ഏറ്റവും ചുരുങ്ങിയത് മാസത്തിൽ ഒരുലക്ഷം വായനക്കാരെ സൃഷ്‌ടിക്കുന്ന ഓൺലൈൻ മാദ്ധ്യമങ്ങൾക്ക് മാത്രമേ അക്രഡിറ്റേഷനും കേന്ദ്ര-സംസ്‌ഥാന പരസ്യങ്ങളും നൽകൂ എന്നതാണ് സർക്കാർ തീരുമാനം.

Clickbait Fake News in Kerala
Representational image

അതായത്, ഒരുലക്ഷം വായനക്കാരെ സൃഷ്‌ടിക്കാനും അത് നില നിറുത്താനും കഴിയുന്ന രീതിയിലേക്ക് അതാത് ന്യൂസ് പോർട്ടലുകൾ വളരണം. തീർന്നില്ല, ഈ ഹിറ്റ് കൂടുന്നത് അനുസരിച്ച് നിങ്ങൾക്ക്‌ സർക്കാർ നൽകുന്ന പരസ്യത്തിന്റെ നിരയ്‌ക്കും എണ്ണവും വർധിച്ചു കൊണ്ടിരിക്കും. (ചാർട്ട് കാണുക) അതെ, വിവാദ വാർത്തകൾ സൃഷ്‌ടിച്ചും, വാർത്തകളെ വൈകാരികമായി വളച്ചൊടിച്ചും മസാലകളും ഊഹാപോഹങ്ങളും ചേർത്തവതരിപ്പിച്ചും ട്രാഫിക്‌ ഉണ്ടാക്കി ക്‌ളിക് ബൈറ്റ് പരസ്യങ്ങളെ ആശ്രയിക്കുന്ന രീതിയിലേക്ക് ഓരോ ഓൺലൈൻ മാദ്ധ്യമങ്ങളും മാറണമെന്ന് പരോക്ഷമായി ഭരണകൂടം നിർദ്ദേശിക്കുന്നു!!

Clickbait Fake News in Kerala
ഈ ചാർട്ട് മാനസിലായാൽ, എന്തുകൊണ്ടാണ് വ്യാജവാർത്തകൾ ‘ഉണ്ടാക്കുന്നതെന്ന്’ മനസിലാക്കാം

ഇത്തവണയും പിആർഡി തയാറാക്കിയ പട്ടികയിൽ എല്ലാ വ്യാജൻമാരും ഉണ്ട്. കാരണം, ഹിറ്റാണല്ലോ മാനദണ്ഡം. പിആർഡി അംഗീകാരം ലഭിക്കാത്തത് കൊണ്ട് സർക്കാർ മേഖലയുമായി ബന്ധപ്പെട്ട പരസ്യം ലഭിക്കില്ല എന്നതുമാത്രമല്ല പ്രശ്‌നം. സർക്കാരുമായി ബന്ധപ്പെട്ടതോ അല്ലാത്തതോ ആയ ഒരിടത്തും പിആർഡി അക്രഡിറ്റേഷൻ ഇല്ലാത്ത സ്‌ഥാപനങ്ങൾക്ക് പ്രവേശനവുമില്ല. ശേഷം, രാത്രിയും പകലും സർക്കാരും മന്ത്രിമാരും അണികളും ഉൽഘോഷിക്കുന്നത് ഓൺലൈൻ മാദ്ധ്യമങ്ങളുടെ നൈതികത സംബന്ധിച്ചാണ്.

സർക്കാർ അക്രഡിറ്റേഷൻ നൽകാൻ പറയേണ്ടത്; ഇന്ത്യയിൽ നിയമം പാലിച്ചു റിസർവ് ചെയ്‌ത സ്‌ഥാപനമാകണം, മൂന്നു വർഷത്തിൽ കൂടുതൽ നിലനിന്ന സ്‌ഥാപനമാകണം, ഏറ്റവും ചുരുങ്ങിയത് ഇത്ര വാർത്തകളെങ്കിലും നൽകുന്ന സ്‌ഥാപനമാകണം. മിനിമം ഇത്ര ജോലിക്കാരെ നിയോഗിക്കണം. അവർക്കു അടിസ്‌ഥാന ശമ്പളം ഇത്രയാകണം, അത് ബാങ്ക് വഴിയായിരിക്കണം കൊടുക്കേണ്ടത്, മാസത്തിൽ സാമൂഹിക നൻമ ലക്ഷ്യമാക്കി ഇന്ന ഇന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട് ഇത്ര ലേഖനങ്ങൾ ചെയ്യണം. എല്ലാ ദിവസവും ഏറ്റവും ചുരുങ്ങിയത് ഇത്ര വാർത്തകൾ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ ഷെയർ ചെയ്യണം. ഗൂഗിൾ സ്‌പീഡ് ചെക്കറിൽ, വാർത്താ പോർട്ടലിന് ഏറ്റവും കുറഞ്ഞത് ഇത്ര സ്‌പീഡ്‌ ഉണ്ടാകണം. വായനക്കാരുടെ എണ്ണത്തിൽ 50 ശതമാനത്തിൽ കൂടുതൽ സ്‌ഥിരത ഉണ്ടാകണം, ഏറ്റവും കുറഞ്ഞത് ഇത്ര വർഷത്തേക്കെങ്കിലും ഡൊമൈൻ റിസർവ് ചെയ്യണം. പ്രസിദ്ധീകരിച്ച വാർത്ത / ലേഖനങ്ങൾ ഇത്ര വർഷമെങ്കിലും പോർട്ടലിൽ ലഭ്യമായിരിക്കണം, വ്യക്‌തമായ വിലാസം പോർട്ടലിൽ ഉണ്ടാകണം. ഇത്ര മണിക്കൂർ സമയം, വായനക്കാർക്ക് മൊബൈൽ സേവനം ലഭ്യമാക്കണം. തുടങ്ങിയ അനേകം മാനദണ്ഡങ്ങൾ സർക്കാരിന് നടപ്പിലാക്കാം. എന്നാലവർ നോക്കുന്നത് ഹിറ്റാണ്!

Clickbait Fake News in Kerala
Courtesy: Forbes

അതെ, വായനക്കാരുടെ എണ്ണം വർധിക്കുന്നത് ‘സ്വാഭാവികതക്ക്’ വിട്ടുനൽകി, പോർട്ടലിൽ കയറുന്ന വായനക്കാരെ മനോരോഗികൾ ആക്കാതെ, അവരെ അനാവശ്യ വൈകാരികത കുത്തിവെച്ച് നശിപ്പിക്കാത്ത വാർത്തകളും വിവരങ്ങളും അറിവുകളും പങ്കുവെച്ച് നിങ്ങളൊരു നല്ല മാദ്ധ്യമ സ്‌ഥാപനം നടത്തരുതെന്ന് ഭരണകൂടം പറയാതെ പറയുന്നു!! ശേഷമവർ, ഓൺലൈൻ മാദ്ധ്യമങ്ങളുടെ നൈതികത സംബന്ധിച്ച് നിരന്തരം ചർച്ച ചെയ്യുന്നു!

എന്തുകൊണ്ടാണ് വ്യാജൻ വിശ്വസനീയമാകുന്നത്?

വ്യാജവാർത്തകൾ സൃഷ്‌ടിക്കുന്നത്‌ പരസ്യവരുമാനം ഉണ്ടാക്കാൻ വേണ്ടിയാണ്. എന്നാൽ അത് നാം ഒരന്വേഷണവും യുക്‌തിയും കൂടാതെ വിശ്വസിക്കുന്നതും പ്രചരിപ്പിക്കുന്നതും അതിനെ ന്യായീകരിച്ച് ഊട്ടിയുറപ്പിക്കാൻ ശ്രമിക്കുന്നതും എന്തുകൊണ്ടാണ്? ഒറ്റനോട്ടത്തിൽ ശരിയാണെന്ന് വിശ്വസിക്കുന്ന വ്യാജവാർത്തകൾക്ക് എന്തുകൊണ്ടാണ് ഇത്രയധികം സ്വാധീനം നമ്മിൽ ഉണ്ടാക്കുന്നത്? പലരും അന്വേഷിക്കുന്ന വിഷയമാണിത്.

Clickbait Fake News in Kerala
Representational image

ജീവിതത്തിൽ ആഗ്രഹിച്ചതും സ്വപ്‌നം കണ്ടതും നേടാൻവേണ്ടി നിരന്തര പ്രയത്‌നം നടത്താത്തവരാണ് നമ്മിലധികം പേരും. ഇതുമൂലം നമുക്കുണ്ടായ ഒട്ടനേകം മോഹഭംഗങ്ങളിൽ നിന്നുടലെടുക്കുന്ന നിരാശയും അതിൽ നിന്ന് ഉടലെടുക്കുന്ന അസൂയയും മൂലം വൃത്തികേടായ മനസുകളാണ് നമ്മിൽ പലരുടേതും. ഇത്തരം വാർത്തകൾ ആസ്വദിക്കുന്നതിലെ, വിശ്വസിക്കുന്നതിലെ യാഥാർഥ വില്ലൻ ഇത്തരം മനസുകളാണ്. ഈ വില്ലൻമാരെ നേരിടാതെ ഭൂമിയിലെ ജീവിതം ഒരുകാലത്തും സാധ്യമല്ല എന്നത് ഓർത്തുകൊണ്ടു തന്നെ ചിലത് പറയട്ടെ.

മുകളിൽ പറഞ്ഞ രീതിയിൽ രൂപംകൊണ്ട, നമ്മുടെ മനസിലെ മുൻവിധികളെ ഊട്ടിയുറപ്പിക്കുന്ന വിധത്തിലുള്ള വ്യാജവാർത്തകൾ അല്ലങ്കിൽ വ്യാജവിവരങ്ങളാണ് എല്ലായ്‌പ്പോഴുംസൃഷ്‌ടിക്കുക. പൃഥ്വിരാജ് 25 കോടി പിഴയടച്ചു എന്നു വായിക്കുമ്പോൾ നമ്മുടെ ഉള്ളിലെ, നിരന്തര മോഹഭംഗങ്ങളിൽ നിന്ന് രൂപംകൊണ്ട അസൂയാലുവിന് കിട്ടുന്ന ഒരു സുഖമുണ്ട്. പിന്നെ ആ സുഖത്തിനെ കൂടുതൽ ഉത്തേജിപ്പിക്കാൻ പറ്റുന്ന, ന്യായീകരിക്കാൻ പറ്റുന്ന കുറെയെണ്ണം കൂടി വായിച്ചാൽ, അതിനെയൊക്കെ ലൈക്കിയാൽ സുഖം അതിന്റെ മൂർധന്യതയിൽ എത്തും. അതെ, ഒരു തരത്തിൽ ഭയാനകമായ ഒരു ലഹരി തന്നെയാണിതും. ചികിൽസ ആവശ്യമുള്ള ലഹരി.

Clickbait Fake News in Kerala
പുഷപകവിമാനം (ഒരു ചിത്രീകരണം)

വിമാനം കണ്ടെത്തിയത് ഭാരതീയർ. ആദ്യരൂപം പുഷപകവിമാനം; നാസയിലെ മുൻ ശാസ്‌ത്രജ്‌ഞൻ എന്ന വ്യാജവാർത്ത 20132014 കാലത്ത് വന്നിരുന്നത് ഓർക്കുമല്ലോ. ദേവശിൽപി വിശ്വകർമ്മാവ് ബ്രഹ്‌മദേവന് വേണ്ടി നിർമ്മിച്ച പുഷ്‌പക വിമാനമാണ് ലോകത്തിലെ ആദ്യവിമാനം. പിന്നീട് കുബേരൻ ബ്രഹ്‌മദേവനെ തപസു ചെയ്‌ത്‌ ഈ വിമാനം നേടുകയും ലങ്കാധിപതിയും അസുരരാജാവുമായ രാവണൻ പിന്നീട് ഇത് കുബേരനിൽ നിന്ന് ബലമായി തട്ടിയെടുക്കുകയും ചെയ്‌തു. ഈ വിമാനമാണ് സീതയെ തട്ടിക്കൊണ്ടുപോകാൻ രാവണൻ ഉപയോഗിച്ചത്.

പിന്നീട്, രാവണനെ വധിച്ച ശ്രീരാമൻ പുഷ്‌പക വിമാനത്തിലാണ് അയോധ്യയിലേക്ക് മടങ്ങിയത്. രാമായണത്തിൽ വിശദമായി പ്രതിപാദിക്കുന്ന ഈ വിമാനമാണ് വിമാനത്തിന്റെ ആദ്യരൂപവും സങ്കൽപവും ലോകത്തിന് സമ്മാനിച്ചത്. എന്നിങ്ങനെ പോകുന്ന ആ ഫോർവേർഡ് സത്യമാണെന്ന് വിശ്വസിക്കാനും അത് പ്രചരിപ്പിക്കാനും സാധിക്കുന്നവർ വ്യക്‌തിപരമായ മോഹഭംഗങ്ങൾ കൂടാതെ, ദേശീയ തീവ്രവാദി എന്ന നിലയിൽ ഇതര വികസിത രാജ്യങ്ങളെ നമ്മുടെ രാജ്യവുമായി വിവേകരഹിതമായി താരതമ്യം ചെയ്‌ത്‌ എത്തിച്ചേരുന്ന മനസികാവസ്‌ഥ കൂടി അനുഭവിക്കുന്നവരാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

Clickbait Fake News in Kerala
അച്ചടി വിപ്ളവത്തിന്‌ തുടക്കം കുറിച്ച 1450കളിലെ ഗുട്ടൺബർഗിന്റെ അച്ചടിയന്ത്രം (Recreated)

മഷി എന്നാണ് ഉണ്ടായത്? എഴുത്ത് എന്നാണ് ഉണ്ടായത്? അച്ചടി എന്നാണ് ഉണ്ടായത്? ലോകത്തിലെ ആദ്യ പുസ്‌തകം എന്നാണ് ഉണ്ടായത്? എന്തിനധികം ഈ പറയുന്ന രാമായണത്തിൽ ഇങ്ങനെ പറഞ്ഞിട്ടുണ്ടോ? ഇതിനെക്കുറിച്ചൊന്നും ചിന്തിക്കാതെ, അറിയാൻ ശ്രമിക്കാതെ പുഷ്‌പകവിമാനം യാഥാർഥ്യമാണെന്ന് വിശ്വസിക്കാൻ സാധിക്കുന്നവരാണ് നമ്മിൽ ഏറിയപങ്കും!.

ഉയർന്ന ചിന്താ-വിശകലന ശേഷിയുള്ളവർ മടിയൻമാരായ മനുഷ്യ സമൂഹത്തിൽ സ്വാഭാവികമായും കുറവാണ്. അധികം ആലോചിക്കാതെ, വളരെ പെട്ടെന്ന് തീരുമാനങ്ങൾ എടുക്കുന്നവരാണ് നമ്മിൽ അധികവും. അതാണ്‌ സ്വതവേ മടിയരായ മനുഷ്യ ജീവികൾക്ക് ഏറെ ഇഷ്‌ടവും. നമ്മുടെ തലച്ചോറിന്റെ ഈ ഇഷ്‌ടത്തിന് മുകളിൽ, ഒരു കടിഞ്ഞാൺ കൊണ്ടുവന്നാൽ മാത്രമാണ് നമുക്ക് ചിന്തിക്കാൻ സമയം ലഭിക്കൂ. ഇത് പക്ഷെ, അത്ര എളുപ്പമുള്ള കാര്യമല്ല.

Clickbait Fake News in Kerala

മനശാസ്‌ത്ര ഭാഷയിൽ പറഞ്ഞാൽ, ബിഹേവിയറൽ ഹ്യൂറിസ്‌റ്റിക്‌സ് എന്ന എളുപ്പവഴിയാണ് നമ്മുടെതലച്ചോറിന് ഏറെയിഷ്‌ടം. അതായത്, വൈജ്‌ഞാനിക തലത്തിൽ നിന്ന് കാര്യങ്ങളെ വിശകലനം ചെയ്‌തു തീരുമാനം എടുക്കുന്നതിന് പകരം, തന്നിൽ സർവസമയത്തും ഉണർന്നിരിക്കുന്ന വൈകാരിക ഘടകങ്ങളെ ആശ്രയിച്ചുകൊണ്ട് മുന്നോട്ടുപോകുന്ന രീതിയാണ് ‘Behavioral Heuristics’. ഇതാകുമ്പോൾ തലച്ചോറിന് ഒട്ടും പണിപ്പെടേണ്ടതില്ല.

മറ്റൊന്നുകൂടി നമ്മിൽ ഉണ്ടായേക്കും, നമ്മുടെ നീതിബോധം, യുക്‌തി ബോധം, വിവേകബോധം, മനുഷ്യത്വം, കാഴ്‌ചപ്പാട്‌, വിശകലന ശേഷി എന്നിവയുടെ കുറവിനോട് കൂടുതൽ ചേർന്ന് നിൽക്കുന്ന വിവരങ്ങൾ വിശ്വസിക്കാനും വിരുദ്ധമായവയെ അവിശ്വസിക്കാനുമുള്ള പ്രവണത. ഇതിനെ, ‘ഹോമോഫിലി’ (Homophily) എന്നാണ് മനശാസ്‌ത്രം പറയുന്നത്. ഇതൊക്കെയാണ് വ്യാജവാർത്ത വിശ്വസിക്കുന്ന മിക്കവരിലും കാണുന്നതും.

Clickbait Fake News in Kerala
Echo chamber (courtesy: media wired)

ഇതിനൊപ്പം മനശാസ്‌ത്ര വിദഗ്‌ധർ പറയുന്ന ‘എക്കോ ചേംബറുകളുടെ’ കൂടി ഭാഗമായാണ് നമ്മുടെ ജീവിതമെങ്കിൽ, നാം വിശ്വസിക്കുന്ന വാർത്തകൾ/ വിവരങ്ങൾ വയറലാകാനും കൂടുതൽ വിശ്വസിക്കാനും ന്യായീകരിക്കാനും ഊർജം കൂടും. നാം വിശ്വസിക്കുന്ന, വിശ്വസിക്കാൻ ഇഷ്‌ടപ്പെടുന്ന വാർത്തകളെ പിന്തുണക്കുന്ന സാഹചര്യം നമുക്ക് മുന്നിലോ ചുറ്റിലുമോ ഉണ്ടായിരിക്കുക എന്നതാണ് ‘എക്കോ ചേംബർ’ എന്ന വിശേഷണം കൊണ്ട് അർഥമാക്കുന്നത്. ഇവിടെ നിന്നാണ് പിന്നീട് മാസ് ഹിസ്‌റ്റീരിയ (സമൂഹഭ്രാന്ത്‌) എന്നതലത്തിലേക്ക് കാര്യങ്ങൾ പോകുന്നത്.

എന്താണ് പരിഹാരം?

Clickbait Fake News in Kerala
courtesy: WNP

ഭരണകൂടങ്ങളെ സൃഷ്‌ടിക്കാനും താഴെയിറക്കാനും സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാനും യുദ്ധങ്ങൾ സൃഷ്‌ടിക്കാനുംവരെ സാധ്യമാകുന്ന വ്യാജവാർത്തകൾ നമുക്ക് ഇല്ലാതാക്കാൻ ഒരിക്കലും സാധ്യമല്ല എന്നതാണ് യാഥാർഥ്യം. നരവംശ ചരിത്രം പഠിക്കാൻ ശ്രമിക്കുന്ന ഏതൊരാൾക്കും ഈ യാഥാർഥ്യം തിരിച്ചറിയാൻ കഴിയും, സംസാരശേഷി ആർജിച്ച കാലം മുതൽ മനുഷ്യജീവികളുടെ ഭൂരിപക്ഷവും വ്യാജവാർത്തകൾ സൃഷ്‌ടിക്കുന്നതിലും അത് വിതരണം ചെയ്യുന്നതിലും മിടുക്കരായിരുന്നു. എന്നാൽ, ഇവയെ ശക്‌തമായി നിയന്ത്രിക്കാനും, അവക്കെതിരെ സമൂഹത്തെ ശ്രദ്ധാലുക്കളാക്കാനും ഭരണകൂടത്തിന് കഴിയും. അതിന് വേണ്ട നിയമനടപടികളും കരുതൽ നടപടികളും സർക്കാരിൽ നിന്നും ബന്ധപ്പെട്ട ഏജൻസികളിൽ നിന്നും ഉണ്ടാകേണ്ടത് അനിവാര്യമാണ്.

Most Read: ബോട്ട് ദുരന്തം പ്രതിരോധിക്കാൻ മൊബൈൽ ആപ്പിന് രൂപം കൊടുക്കാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE