താനൂർ ബോട്ട് ദുരന്തം; മൊബൈൽ ആപ്പിന് രൂപം കൊടുത്താൽ ആവർത്തിക്കാതിരിക്കാം

ഇത്തരം മനുഷ്യ നിർമിത അപകടങ്ങളെ 99 ശതമാനവും പിടിച്ചുകെട്ടാൻ ആധുനിക സാങ്കേതിക സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയാൽ സാധിക്കും. ഇതിനായി സർക്കാർ ആദ്യം തുടങ്ങേണ്ടത് ഒരു മൊബൈൽ ആപ്പാണ്. ബുക്കിങ് ആപ്പല്ല, സേഫ്റ്റി ആപ്പാണ് സർക്കാർ തുടങ്ങേണ്ടത്.

By Esahaque Eswaramangalam, Chief Editor
  • Follow author on
Tanur Boat Disaster _ Mobile App
Rep. Image
Ajwa Travels

മലപ്പുറം: താനൂർ ഒട്ടുംപുറം തൂവൽതീരത്ത് വിനോദയാത്രാ സംഘം സഞ്ചരിച്ച ബോട്ട് മറിഞ്ഞ് 20ഓളം പേർ മരിക്കാനും 20 ഓളം പേരെ ഗുരുതര പരിക്കുകളിലേയ്‌ക്ക് നയിക്കാനും കാരണമായ ഇത്തരം ബോട്ട് ദുരന്തങ്ങൾ ഇനിയും ഉണ്ടാകാതിരിക്കാൻ ഒരു മൊബൈൽ ആപ്പിന് രൂപം കൊടുക്കാൻ സർക്കാർ തയ്യാറാകണം.

സംസ്‌ഥാനത്തെ വിവിധ സ്‌ഥലങ്ങളിലായി സർക്കാർ ലൈസൻസ് അനുവദിച്ചിട്ടുള്ളത് 400ഓളം വിനോദസഞ്ചാര ബോട്ടുകൾക്കാണ്. ഇവയെല്ലാം ഒരു കേന്ദ്രീകൃത മൊബൈൽ ആപ്പിലേക്ക് ഏകോപിപ്പിക്കാവുന്നതാണ്. അതാത് ബോട്ടുകളിൽ കയറുന്നവരുടെ പേരും വയസും സ്‌ഥലവും മൊബൈൽ നമ്പറും ഈ ആപ്പിലേക്ക് പ്രവേശിപ്പിച്ച ശേഷംമാത്രം ബോട്ട് യാത്ര ആരംഭിക്കാൻ പാടുള്ളു എന്ന നിയമം കർശനമാക്കുക. നിശ്‌ചിത സമയം കഴിഞ്ഞാൽ ഈ ആപ്പ് പ്രവർത്തിക്കാനും പാടില്ല.

ബോട്ടിന്റെ സർക്കാർ അംഗീകൃത സർട്ടിഫിക്കറ്റ്, പൂർണമായ വിശദാംശങ്ങളോടെ പൊതുജനങ്ങൾക്ക് കാണാവുന്ന തരത്തിൽ ബോട്ടിൽ പ്രദർശിപ്പിക്കുക. കേരളത്തിലെ വിനോദ സഞ്ചാര ബോട്ടുകളുടെ പൂർണമായ വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്ന ഒരു വെബ്സൈറ്റും സജ്‌ജീകരിക്കാവുന്നതാണ്. പാസഞ്ചർ ബോട്ടുകൾക്ക് ഉള്ളതുപോലെ, വിനോദസഞ്ചാര ബോട്ടുകൾക്കും ഒരു നമ്പർ അനുവദിച്ചാൽ, പ്രസ്‌തുത നമ്പർ ഉപയോഗിച്ച് പൊതുജനങ്ങൾക്ക് ഈ വെബ് സൈറ്റിൽ സെർച്ച് ചെയ്‌ത്‌ ബോട്ടുമായി ബന്ധപ്പെട്ട സകല വിവരങ്ങളും ശേഖരിക്കാൻ സാധിക്കണം.

ബോട്ടിൽ കയറുന്ന ഓരോ വ്യക്‌തികൾക്കും പ്രസ്‌തുത ബോട്ട് യാത്രക്കുള്ള ഇൻഷുറൻസ് ടിക്കറ്റിനൊപ്പം ലഭ്യമാക്കണം. ഈ വിവരം അപ്പോൾ തന്നെ യാത്രക്കാരുടെ മൊബൈലിലേക്ക് സന്ദേശമായി എത്തിക്കണം. ഈ സന്ദേശത്തിൽ ബോട്ടിന്റെ സർക്കാർ അംഗീകാരത്തിന്റെ ലൈസൻസ് നമ്പറും നൽകാവുന്നതാണ്. കയറുന്ന യാത്രക്കാർക്ക്, ആവശ്യമെങ്കിൽ കൂടുതൽ തുകക്കുള്ള ഇൻഷുറൻസ് ടിക്കറ്റിനു ഒപ്പം എടുക്കാവുന്ന ഒപ്‌ഷനും ഈ ആപ്പിൽ സജ്‌ജീകരിക്കാവുന്നതാണ്.

ഓരോ ബോട്ട് യാത്രയും തുടങ്ങും മുൻപ്, ബോട്ട് ഡ്രൈവറും ബോട്ടിലെ മറ്റൊരു സഹായിയും ഈ ആപ്പിലെ സുരക്ഷാ സത്യവാങ്മൂലം ടിക്ക് ചെയ്‌ത്‌, അംഗീകാരം വാങ്ങിയ ശേഷം മാത്രം ബോട്ട് മുന്നോട്ടു എടുക്കുന്ന രീതിയും നടപ്പിലാക്കുക. ബോട്ടിന്റെ പ്രവേശന കവാടത്തിൽ നിർബന്ധമായും ക്യാമറ സ്‌ഥാപിക്കുക.

ഓരോ യാത്രികനും ഈ ക്യാമറയിൽ പതിയണം. എന്നാൽ ക്യാമറ ബോട്ടിനകത്ത്, യാത്രികരുടെ സ്വകാര്യതയിലേക്ക് പ്രവേശിക്കാതിരിക്കാൻ ശ്രദ്ധിക്കുകയും വേണം. ആവശ്യമെങ്കിൽ, ആധുനിക സാങ്കേതിക വിദ്യ കൂടുതൽ ഉപയോഗിച്ചു കൊണ്ട് ബോട്ടിന്റെ സകല നിയന്ത്രണവും ഭാവിയിൽ, കേന്ദ്രീകൃതമാക്കാൻ കഴിയും.

2002 ജൂലൈ 27ന് സംസ്‌ഥാന ജലഗതാഗത വകുപ്പിന്റെ എ 53 നമ്പർ ബോട്ട് വേമ്പനാട്ട് കായലിൽ മുങ്ങി മരണമടഞ്ഞത് 29 പേരാണ്. ഇതിലും സ്‌ത്രീകളാണ്‌ കൂടുതൽ മരണമടഞ്ഞത്. 15 സ്‌ത്രീകളും 9 മാസം പ്രായമുള്ള ഒരു ശിശുവും ഉൾപ്പെട്ടിരുന്നു. അന്നും എണ്ണത്തിൽ കൂടുതൽ ആളുകളെ കയറ്റിയ ബോട്ട് കായലിലെ മണൽത്തിട്ടയിൽ ഇടിച്ചാണ് അപകടം ഉണ്ടായത്.

അഞ്ചുവർഷങ്ങൾക്ക് ശേഷം, 2007 ഫെബ്രുവരി 20ന് ബോട്ട് മുങ്ങി 18 പേരാണ് മരണപ്പെട്ടത്. ഇടുക്കി ജില്ലാതിർത്തിയിൽ ഭൂതത്താൻ കെട്ട് അണക്കെട്ടിനു സമീപം തട്ടേക്കാട് ആയിരുന്നു ഈ അപകടം. അങ്കമാലി എളവൂർ സെന്റ് ആന്റണീസ് സ്‌കൂളിൽ നിന്നും വിനോദയാത്രക്ക് പോയ സംഘമാണ് അപകടത്തിൽപ്പെട്ടത്. 15 വിദ്യാർഥികളും രണ്ട് അദ്ധ്യാപകരും ഒരു ജീവനക്കാരിയുമാണ് അപകടത്തിൽ മരണമടഞ്ഞത്. ഈ ബോട്ടും നിയമവിരുദ്ധമായാണ് അന്ന് യാത്രക്ക് ഇറക്കിയത്.

രണ്ടു വർഷങ്ങൾക്ക് ശേഷം, കേരളത്തിലെ ഏറ്റവും വലിയ ബോട്ടുദുരന്തം! 2009 സെപ്റ്റംബർ 30ന് തേക്കടിയിലുണ്ടായ ബോട്ടപകടത്തിൽ 11 സ്‌ത്രീകളും 13 കുട്ടികളും ഉൾപ്പെടെ 46 യാത്രികരാണ് മരിച്ചത്. അന്ന് മരണപ്പെട്ടവരിലേറെയും ഇതര സംസ്‌ഥാനങ്ങളിൽ നിന്നുള്ളവരോ വിദേശികളോ ആയിരുന്നു.

നാലു വർഷങ്ങൾക്ക് ശേഷം 2013 ജനുവരി 26ന് ആലപ്പുഴ പുന്നമടയിൽ ഹൗസ് ബോട്ട് മുങ്ങി നാല് പേർ മരണമടഞ്ഞു. ചെന്നൈയിൽ നിന്നുള്ള വിനോദസഞ്ചാരികളാണ് അപകടത്തിൽ പെട്ടത്. യാത്ര ചെയ്യാൻ ഒരുക്കി നിർത്തിയിരുന്ന ഹൗസ് ബോട്ടിലേക്ക് മറ്റൊരു ചെറിയ ഹൗസ് ബോട്ടിലൂടെ കയറാൻ ശ്രമിക്കുന്നതിനിടെ അതു മറിയുകയാണുണ്ടായത്.

1924 ജനുവരി 14ന് ആലപ്പുഴ ജില്ലയിലെ പല്ലനയിൽ നടന്ന ബോട്ടപകടത്തിൽ മഹാകവി കുമാരനാശാൻ അടക്കം 24 പേർ മരണമടഞ്ഞതു മുതൽ ഇന്നുവരെ ഇരുപതോളം ബോട്ടപകടങ്ങളിൽ ഇതുവരെ മരണപ്പെട്ടത് 200ഓളം പേരാണ്. ഇവയെല്ലാം സുരക്ഷാ മുകരുതലുകൾ പാലിക്കാതെ, നിയമം തെറ്റിച്ചത് കൊണ്ടുമാത്രം സംഭവിച്ചതാണ്. ഇത്തരം മനുഷ്യ നിർമിത അപകടങ്ങളെ 99 ശതമാനവും പിടിച്ചുകെട്ടാൻ ആധുനിക സാങ്കേതിക സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയാൽ സാധിക്കും. ഇനിയെങ്കിലും സർക്കാർ അതിന് തയ്യാറാകട്ടെ.

Most Read: എന്തിനാണ് വനിതകൾക്ക് മാത്രമായി ഒരു ദിനം? ചരിത്രം അറിയാം

ലേഖകൻ; ഇ.എം എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഇസഹാഖ് ഈശ്വരമംഗലം മാദ്ധ്യമ പ്രവർത്തന മേഖലയിൽ വ്യക്‌തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. 'കേരളീയം' മലയാള സാംസ്‌കാരിക മാസികയുടെ എഡിറ്ററായി 5 വർഷം പ്രവർത്തിച്ചിട്ടുണ്ട്. GCC Business News -ന്റെ സ്‌ഥാപകനും എഡിറ്ററുമാണ്. മാദ്ധ്യമ രംഗത്തെ പ്രവർത്തന മികവിന് 2008-ൽ കെ.എൻ.എൻ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. വിവിധ ബിസിനസ് സംരംഭങ്ങളിലും സാമൂഹിക സംഘടനകളിലും പങ്കാളിയാണ്.

COMMENTS

  1. Great Idea, But government should understand the situation and if adopt this choice people will get atleast an awareness and safety of their life. It will not cost too much for government.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE