മലപ്പുറം: താനൂർ ബോട്ടപകടത്തിൽ അന്വേഷണം തുറമുഖ വകുപ്പ് ഉദ്യോഗസ്‌ഥരിലേക്ക്. ബേപ്പൂരിലെയും പൊന്നാനിയിലെയും തുറമുഖ ഓഫീസുകളിൽ നിന്ന് ബോട്ടിന് അനുമതി നൽകിയതുമായി ബന്ധപ്പെട്ട രേഖകൾ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. രേഖകൾ പരിശോധിച്ചതിൽ നിന്ന് ഉദ്യോഗസ്‌ഥർ ഗുരുതര വീഴ്‌ച വരുത്തിയത് ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെയാണ് അന്വേഷണം ഉദ്യോഗസ്‌ഥരിലേക്ക് നീളുന്നത്.
വീഴ്‌ച വരുത്തിയ ഉദ്യോഗസ്‌ഥരെ വിളിച്ചുവരുത്തി മൊഴിയെടുക്കും. അതേസമയം, അപകടത്തിൽപ്പെട്ട ബോട്ടിന്റെ സാങ്കേതിക കാര്യങ്ങൾ പരിശോധിക്കുന്നതിനായി കൊച്ചി സാങ്കേതിക സർവലാശാലയിൽ നിന്നുള്ള വിദഗ്‌ധ സംഘം ഇന്നോ നാളെയോ താനൂരിൽ എത്തും. അന്വേഷണ സംഘം ആവശ്യപ്പെട്ടത് അനുസരിച്ചാണ് സാങ്കേതിക വിദഗ്‌ധർ എത്തുന്നത്.
മീൻപിടിത്ത വള്ളം യാത്രാബോട്ടാക്കി മാറ്റുമ്പോൾ പാലിക്കേണ്ട മാനദണ്ഡങ്ങൾ അറ്റ്ലാന്റിക് ബോട്ട് പാലിച്ചിട്ടുണ്ടോ എന്നാണ് പ്രധാനമായും സംഘം പരിശോധിക്കുക. അപകടത്തിൽപ്പെട്ട ബോട്ട് മീൻപിടിത്ത വള്ളം രൂപംമാറ്റി നിർമിച്ചതാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ബോട്ടുടമ നാസറിനെ ചോദ്യം ചെയ്യലിന് കസ്‌റ്റഡിയിൽ വിട്ടുകിട്ടുന്നതിന് അന്വേഷണ സംഘം ഉടൻ അപേക്ഷ നൽകും. നിലവിൽ ഇയാൾ തിരൂർ സബ് ജയിലിലാണ്.
അതേസമയം, താനൂർ ബോട്ട് ദുരന്തത്തിന്റെ പ്രാഥമിക റിപ്പോർട് മലപ്പുറം ജില്ലാ കളക്‌ടർ കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു. യാത്രക്ക് അനുമതി ഉണ്ടായിരുന്നത് 22 പേർക്ക് മാത്രമാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ, യാത്ര ചെയ്‌തത് 37 പേരാണ്. ഓവർലോഡിങ് ആണ് അപകടത്തിന് കാരണമായതെന്ന് ജില്ലാ കളക്‌ടർ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്‌തമാക്കുന്നു.
പെരുന്നാൾ സമയത്ത് ബോട്ട് സർവീസ് നിർത്താൻ ആവശ്യപ്പെട്ടിരുന്നു എന്ന് താനൂർ മുനിസിപ്പാലിറ്റി അറിയിച്ചു. സർവീസ് നിർത്തിവെച്ചെങ്കിലും തൊട്ടടുത്ത ദിവസം വീണ്ടും ആരംഭിച്ചിരുന്നുവെന്നും മുനിസിപ്പാലിറ്റി വ്യക്‌തമാക്കി. ബോട്ടിൽ ആളെ കയറ്റുന്നിടത്ത് എത്ര പേരെ കയറ്റാൻ സാധിക്കും എന്ന് എഴുതി വെക്കണമെന്ന് കോടതി നിർദ്ദേശം നൽകുകയും ചെയ്‌തു.
Most Read: ഡോ.വന്ദനയുടെ കൊലപാതകം; പ്രതിയുടെ കസ്‌റ്റഡി അപേക്ഷ ഇന്ന് നൽകും