മലപ്പുറം: താനൂർ ബോട്ടപകടത്തിൽ അറസ്‌റ്റിലായ തുറമുഖ വകുപ്പ് ഉദ്യോഗസ്‌ഥർക്ക് എതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു. പോർട്ട് ഓഫിസ് ജീവനക്കാരനായ ബേപ്പൂർ പോർട്ട് കൺസർവേറ്റർ പ്രസാദ്, സർവേയർ സെബാസ്‌റ്റ്യൻ എന്നിവർക്ക് എതിരെയാണ് പ്രത്യേക അന്വേഷണ സംഘം കൊലക്കുറ്റം ചുമത്തിയത്.
ബോട്ടുടമയായ നാസറിന് ചട്ടങ്ങൾ ലംഘിച്ചു സർവീസ് നടത്താൻ വഴിവിട്ടു സഹായം ചെയ്‌തെന്ന് കണ്ടെത്തിയതിന്റെ അടിസ്‌ഥാനത്തിലാണ് ഇരുവർക്കുമെതിരെ കേസെടുത്തത്. അപകടത്തിൽപ്പെട്ട അറ്റ്ലാന്റിക് ബോട്ടുമായി ബന്ധപ്പെട്ട രേഖകൾ ബേപ്പൂർ, ആലപ്പുഴ തുറമുഖ ഓഫീസുകളിൽ നിന്ന് നേരത്തെ തന്നെ പ്രത്യേക അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു.
ഉദ്യോഗസ്‌ഥരുടെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിരുന്നു. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഉദ്യോഗസ്‌ഥ വീഴ്‌ച കണ്ടെത്തിയത്. ബോട്ടിന്റെ നിർമാണ ഘട്ടത്തിൽ തന്നെ പരാതി ലഭിച്ചിട്ടും ഇക്കാര്യം മറച്ചുവെച്ചു ബോട്ടിന് സർവീസ് അനുമതി നൽകി, പരാതി ലഭിച്ചെന്നത് റിപ്പോർട്ടിൽ രേഖപ്പെടുത്തിയില്ല തുടങ്ങിയവയാണ് പോർട്ട് ഓഫീസ് കൺസർവേറ്ററായ പ്രസാദിനെതിരെയുള്ള കണ്ടെത്തൽ. സർവേയറായ സെബാസ്‌റ്റ്യനും ബോട്ടുടമക്ക് സഹായം ചെയ്‌തുവെന്നും കണ്ടെത്തിയിട്ടുണ്ട്.
Most Read: ലൈംഗികാതിക്രമ കേസ്; സിസിടിവി ദൃശ്യം ആവശ്യപ്പെട്ട് ഗുസ്‌തി ഫെഡറേഷനുകൾക്ക് നോട്ടീസ്