കൊച്ചി: താനൂരിൽ 22 പേരുടെ മരണത്തിന് ഇടയാക്കിയ ബോട്ടപകടത്തിൽ കേസെടുത്തതിൽ ചിലർ അസ്വസ്‌ഥർ ആണെന്ന് ഹൈക്കോടതി. ബോട്ട് ദുരന്തത്തിൽ സ്വമേധയാ എടുത്ത കേസിലും നടത്തിയ പരാമർശത്തിലുമാണ് ചിലർ അസ്വസ്‌ഥരായത്. കടുത്ത സൈബർ ആക്രമണം നേരിടേണ്ടി വരുന്നുവെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്‌തമാക്കി.
മറ്റൊരു ബോട്ട് ദുരന്തം ഇനി ഉണ്ടാവരുത്. അതുകൊണ്ട് സർക്കാർ കോടതിക്കൊപ്പം നിക്കണമെന്നും ഡിവിഷൻ ബെഞ്ച് വ്യക്‌തമാക്കി. ജനങ്ങൾക്ക് വേണ്ടി സംസാരിക്കുമ്പോൾ അത് സർക്കാർ വിരുദ്ധമാകുമോയെന്നും കോടതി ചോദിച്ചു. ജഡ്‌ജിമാർക്ക് സംസാരിക്കാൻ കഴിയുന്നില്ല. പരാമർശങ്ങളിൽ കോടതിക്ക് നേരെ ശക്‌തമായ ആക്രമണം ഉണ്ടാകുന്നു. അഭിഭാഷകരും സൈബർ ആക്രമണത്തിന്റെ ഭാഗമാകുന്നുവെന്നും കോടതി പരാമർശിച്ചു.
അതേസമയം, താനൂർ ബോട്ട് ദുരന്തത്തിന്റെ പ്രാഥമിക റിപ്പോർട് മലപ്പുറം ജില്ലാ കളക്‌ടർ ഇന്ന് കോടതിയിൽ സമർപ്പിച്ചു. യാത്രക്ക് അനുമതി ഉണ്ടായിരുന്നത് 22 പേർക്ക് മാത്രമാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ, യാത്ര ചെയ്‌തത് 37 പേരാണ്. ഓവർലോഡിങ് ആണ് അപകടത്തിന് കാരണമായതെന്ന് ജില്ലാ കളക്‌ടർ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്‌തമാക്കുന്നു.
അതിനിടെ, കേസിൽ കക്ഷി ചേരാൻ മരിച്ചയാളുടെ അമ്മ നൽകിയ അപേക്ഷ സർക്കാർ എതിർത്തു. പെരുന്നാൾ സമയത്ത് ബോട്ട് സർവീസ് നിർത്താൻ ആവശ്യപ്പെട്ടിരുന്നു എന്ന് താനൂർ മുനിസിപ്പാലിറ്റി അറിയിച്ചു. സർവീസ് നിർത്തിവെച്ചെങ്കിലും തൊട്ടടുത്ത ദിവസം വീണ്ടും ആരംഭിച്ചിരുന്നുവെന്നും മുനിസിപ്പാലിറ്റി വ്യക്‌തമാക്കി.
ബോട്ടിൽ ആളെ കയറ്റുന്നിടത്ത് എത്ര പേരെ കയറ്റാൻ സാധിക്കും എന്ന് എഴുതി വെക്കണമെന്ന് കോടതി നിർദ്ദേശം നൽകുകയും ചെയ്‌തു. കേസിൽ അഡ്വ. വിഎം ശ്യാംകുമാറിനെ അമിക്കസ് ക്യൂറിയായി ഹൈക്കോടതി നിയോഗിച്ചു.
Most Read: ഡോ. വന്ദനാ ദാസ് കൊലപാതകം; പിജി ഡോക്‌ടർമാരുടെ സമരം ഭാഗികമായി പിൻവലിച്ചു