എന്തിനാണ് വനിതകൾക്ക് മാത്രമായി ഒരു ദിനം? ഇത് ചിന്തിക്കാത്തവരായി ആരും ഉണ്ടാവില്ല. ഓരോ വർഷവും വനിതാ ദിനം വന്നെത്തുമ്പോൾ എല്ലാവരിലും ഉണ്ടാവുന്ന ഒരു ചോദ്യമാണിത്. ഈ ദിവസത്തിന് പിന്നിലെ ചരിത്രവും പ്രാധാന്യവും അധികമാർക്കും അറിയാത്തത് കൊണ്ടാണ് ഈ ദിനം ഏറെ വിമർശനങ്ങളിലൂടെയും ചോദ്യങ്ങളിലൂടെയും കടന്നു പോകുന്നത്.
എന്താണ് അന്താരാഷ്‌ട്ര വനിതാദിനം?
സമൂഹത്തിൽ സ്‌ത്രീകളുടെ നേട്ടങ്ങൾ ആഘോഷിക്കാനും അവരുടെ അവകാശങ്ങളുടെ പുരോഗതിക്കായി പ്രവർത്തിക്കാനുള്ള ദിവസമാണ് അന്താരാഷ്‌ട്ര വനിതാ ദിനമായി ആചരിക്കുന്നത്. ആരോഗ്യം, വിദ്യാഭ്യാസം, രാഷ്‌ട്രീയം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലയിൽ സ്‌ത്രീകൾ നേടിയ മുന്നേറ്റത്തിന്റെ ഓർമപ്പെടുത്തൽ കൂടിയാണ് ഈ ദിനം. സ്‌ത്രീകളുടെ ജീവിതം മെച്ചപ്പെടുത്താനായി നടത്തിയ ചരിത്രപരമായ യാത്രയുടെ പ്രതീകമാണ് ഓരോ വനിതാ ദിനവും.
1908ൽ ന്യൂയോർക്കിലെ 15,000 ത്തോളം വനിതാ ജീവനക്കാർ തുല്യ വേതനവും മെച്ചപ്പെട്ട തൊഴിൽ സാഹചര്യവും ആവശ്യപ്പെട്ട് തെരുവിലിറങ്ങിയ സംഭവമാണ് ഇന്ന് നാം ആഘോഷിക്കുന്ന വനിതാ ദിനാചരണത്തിലേക്ക് നയിച്ചത്. ജോലി സമയത്തിൽ ഇളവ് വരുത്തുക, ശമ്പളത്തിൽ ന്യായമായ വർധനവ് വരുത്തുക, വോട്ട് ചെയ്യാനുള്ള അവകാശം നൽകുക എന്നിവ ആയിരുന്നു സമരക്കാരുടെ ആവശ്യം. ഈ സംഭവത്തിന് ശേഷം, വനിതാദിനാഘോഷങ്ങളുടെ വ്യാപ്‌തി ലോകമെമ്പാടും വർധിക്കുകയായിരിന്നു.
പിന്നാലെ 1909 ഫെബ്രുവരി 28ന് അമേരിക്കയിൽ തെരേസ മൽക്കീൽ, അയ്‌റ സലാസർ എന്നീ വനിതകളുടെ നേതൃത്വത്തിലാണ് ആദ്യമായി വനിതാദിനം ആചരിക്കപ്പെട്ടത്. 1910ൽ കോപ്പൻഹേഗനിൽ 17 രാജ്യങ്ങളിൽ നിന്നുള്ള നൂറോളം പേർ പങ്കെടുത്ത ലോകവനിതാ സമ്മേളനം, വനിതാ ദിനാചരണത്തിന്റെ അടുത്ത ചുവടുവെയ്‌പ്പായി.
1911ൽ ഓസ്‌ട്രേലിയ, ഡെൻമാർക്ക്, ജർമനി, സ്വിറ്റ്‌സർലൻഡ് എന്നിവിടങ്ങളിൽ ഒരു ദശലക്ഷത്തിലധികം സ്‌ത്രീകൾ അവരുടെ അവകാശങ്ങൾക്കായി അണിനിരന്നതാണ് ആദ്യ വനിതാദിന ആഘോഷമായി കണക്കാക്കുന്നത്. അതിനും ആറ് പതിറ്റാണ്ടിന് ശേഷമാണ് 1975ൽ ഐക്യരാഷ്‌ട്രസഭ മാർച്ച് എട്ട് വനിതാ ദിനമായി പ്രഖ്യാപിച്ചത്. ചൈന, റഷ്യ ഉൾപ്പടെയുള്ള രാജ്യങ്ങൾ ഈ ദിവസം പൊതു അവധിയായാണ് ആഘോഷിക്കുന്നത്.

വനിതാദിന പ്രമേയം
ഓരോ വർഷവും വ്യത്യസ്‌ത പ്രമേയം അടിസ്‌ഥാനമാക്കിയാണ് ഈ ദിവസം രാജ്യം ആഘോഷിക്കുന്നത്. ‘ഡിജിറ്റ് ഓൾ; സാങ്കേതിക വിദ്യയും നവീകരണവും ലിംഗസമത്വത്തിനായി’ എന്നതാണ് ഈ വർഷത്തെ അന്താരാഷ്‌ട്ര വനിതാദിന പ്രമേയം. യുഎന്നിന്റെ കണക്ക് അനുസരിച്ചു ലോകത്ത് പുരുഷൻമാരേക്കാൾ 259 ദശലക്ഷം സ്‌ത്രീകൾക്ക് ഇന്റർനെറ്റ് ആക്‌സസ് ലഭിക്കുന്നുന്നില്ലെന്നാണ് വിവരം.
ശാസ്‌ത്രം, സാങ്കേതികവിദ്യ, എഞ്ചിനിയറിങ്, ഗണിത ശാസ്‌ത്രം എന്നീ മേഖലകളിൽ സ്‌ത്രീ പ്രാതിനിധ്യം കുറവാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. സാങ്കേതിക വിദ്യയിലെക്ക് സ്‌ത്രീകൾ കടന്നുവരുന്നത് കൂടുതൽ ക്രിയാൽമകമായ പരിഹാരങ്ങൾ കണ്ടെത്താനും ലിംഗസമത്വത്തെ പ്രോൽസാഹിപ്പിക്കാനും കാരണമാകുമെന്ന് യുഎൻ വെബ്‌സൈറ്റിൽ പറയുന്നു. അതേസമയം, ലിംഗസമത്വത്തിനുള്ള പോരാട്ടത്തിൽ ധാരാളം വികസനം സംഭവിച്ചിട്ടുണ്ടങ്കിലും സ്‌ത്രീകൾക്ക് നേരെയുള്ള അതിക്രമം ദീർഘകാല പ്രശ്‌നങ്ങളിൽ ഒന്നാണ് ഇന്നും.
Most Read: ത്രിപുര മുഖ്യമന്ത്രിയായി മാണിക് സാഹ ഇന്ന് സത്യപ്രതിജ്‌ഞ ചെയ്യും