ന്യൂഡെൽഹി: ത്രിപുര മുഖ്യമന്ത്രിയായി മാണിക് സാഹ ഇന്ന് സത്യപ്രതിജ്‌ഞ ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർ സത്യപ്രതിജ്‌ഞാ ചടങ്ങിൽ പങ്കെടുക്കും. ഇന്ന് രാവിലെ പത്ത് മണിക്ക് അഗർത്തലയിലെ സ്വാമി വിവേകാനന്ദ മൈതാനിയിൽ ഒരുക്കിയ പ്രത്യേക വേദിയിലാണ് സത്യപ്രതിജ്‌ഞാ ചടങ്ങുകൾ നടക്കുക. ത്രിപുരയിൽ രണ്ടാം ബിജെപി സർക്കാരാണ് ഇന്ന് അധികാരത്തിലേറുന്നത്.
ഇതര സംസ്‌ഥാനങ്ങളിൽ നിന്നുള്ള മുഖ്യമന്ത്രിമാരും കേന്ദ്ര നേതാക്കൾ ഉൾപ്പടെ ഉള്ളവരും ചടങ്ങിൽ പങ്കെടുക്കാനെത്തും. ത്രിപുരയിലെ തുടർഭരണം ഹോളിയോടൊപ്പം ആഘോഷിക്കാനാണ് ബിജെപിയുടെ തീരുമാനം. അതേസമയം, ത്രിപുരയിൽ നടക്കുന്ന സംഘർഷങ്ങളിൽ പ്രതിഷേധിച്ചു സിപിഎം, കോൺഗ്രസ് പാർട്ടികൾ സത്യപ്രതിജ്‌ഞാ ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ചേർന്ന ബിജെപി നിയമസഭാ കക്ഷി യോഗത്തിലാണ് ത്രിപുര മുഖ്യമന്ത്രിയായി മാണിക് സാഹ തന്നെ തുടരാൻ തീരുമാനിച്ചത്. കോൺഗ്രസിൽ നിന്ന് ബിജെപിയിൽ എത്തിയ മാണിക് സാഹയെ 2022ൽ ആണ് ബിജെപി മുഖ്യമന്ത്രിയാക്കിയത്. ബിപ്ളബ് ദേബിനെ മാറ്റിയായിരുന്നു നിയമനം. ഒരു കൊല്ലം മാത്രമാണ് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി കസേരയിൽ മാണിക് സാഹ ഇരുന്നത്.
Most Read: ബ്രഹ്‌മപുരം തീപിടിത്തം; കേസ് ഇന്ന് വീണ്ടും ഹൈക്കോടതിയിൽ