ചെന്നൈ: കേരളാ-തമിഴ്നാട് അതിർത്തിയിലെ കളിയിക്കാവിള ചെക്പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വിൽസൺ എന്ന തമിഴ്നാട് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ ഒരു പ്രതി കൂടി പിടിയിൽ. ചെന്നൈ സ്വദേശി ശിഹാബുദ്ദീനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ചെന്നൈ വിമാനത്താവളത്തിൽ വെച്ച് എൻഐഎ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഖത്തറിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ നാടുകടത്തിയിരുന്നു. വിൽസണെ കൊലപ്പെടുത്താൻ പ്രതികൾക്ക് തോക്കും തിരകളും എത്തിച്ചുകൊടുത്തത് ശിഹാബുദ്ദീൻ ആണെന്നാണ് എഎൻഐ റിപ്പോർട്ട്.
ജനുവരി പത്താം തീയതി പുലർച്ചെ മുസ്ലിം പള്ളിക്ക് സമീപമുള്ള ചെക്പോസ്റ്റിൽ രാത്രി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എഎസ്ഐ വിൽസണെ വെടിവെച്ചും വെട്ടിയുമാണ് പ്രതികൾ കൊലപ്പെടുത്തിയത്. സംഭവത്തിൽ അബ്ദുൾ ഷമീം, തൗഫീഖ് എന്നിവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇന്ത്യൻ നാഷണൽ ലീഗ് തീവ്രവാദ സംഘടനയിൽ പ്രവർത്തിക്കുന്നവരാണ് പ്രതികളെന്ന് പോലീസ് പറയുന്നു. തങ്ങളുടെ സംഘത്തിലുള്ളവരെ അറസ്റ്റ് ചെയ്തതിന്റെ പ്രതികാരമായാണ് എഎസ്ഐയെ കൊലപ്പെടുത്തിയതെന്ന് പ്രതികൾ പോലീസിനോട് വ്യക്തമാക്കിയിരുന്നു. പ്രതികൾക്ക് തീവ്രവാദ ബന്ധമുണ്ടെന്ന ആരോപണത്തെ തുടർന്നാണ് എഎൻഐ കേസ് ഏറ്റെടുത്തത്.
Also Read: ഉദ്യോഗസ്ഥർ കൊണ്ടുപോയത് 2,300 രേഖകൾ, നികുതി വെട്ടിപ്പ് നടത്തിയിട്ടില്ല; വാദ്ര






































