തിരുവനന്തപുരം: മോഷണക്കുറ്റം ആരോപിച്ച് പോലീസ് സ്റ്റേഷനിലെത്തിച്ച ദളിത് യുവതിയെ മണിക്കൂറുകളോളം മാനസികമായി പീഡിപ്പിക്കുകയും വ്യാജ കേസെടുക്കുകയും ചെയ്ത സംഭവത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥനെതിരെ കൂടി നടപടി. പേരൂർക്കട പോലീസ് സ്റ്റേഷനിലെ എഎസ്ഐ പ്രസന്നനെ സസ്പെൻഡ് ചെയ്തു.
സംഭവദിവസം സ്റ്റേഷനിലെ ജിഡി ചുമതലയുണ്ടായിരുന്നത് പ്രസന്നനായിരുന്നു. കന്റോൺമെന്റ് അസി. കമ്മീഷണറുടെ റിപ്പോർട്ടിനെ തുടർന്നാണ് നടപടി. ബിന്ദുവിനോട് അസഭ്യം പറഞ്ഞതും ഈ ഉദ്യോഗസ്ഥനായിരുന്നു. കുടിക്കാൻ വെള്ളം ചോദിച്ചപ്പോൾ ശുചിമുറിയിൽ പോയി കുടിക്കാൻ പറഞ്ഞത് പ്രസന്നൻ ആന്നെന്ന് ബിന്ദു നേരത്തെ പറഞ്ഞിരുന്നു.
ഇയാൾക്കെതിരെ നടപടി വേണമെന്നും ബിന്ദു ആവശ്യപ്പെട്ടിരുന്നു. സംഭവം പുറത്തുവന്നതിന് പിന്നാലെ പേരൂർക്കട എസ്ഐ പ്രസാദിനെ സസ്പെൻഡ് ചെയ്തിരുന്നു. ജോലിക്ക് നിന്ന വീട്ടിൽ നിന്ന് മാല മോഷണം പോയെന്ന പരാതിയിലാണ് കഴിഞ്ഞ മാസം 23ആം തീയതി തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിനി ബിന്ദുവിനെ പേരൂർക്കട സ്റ്റേഷനിൽ വിളിച്ചുവരുത്തിയത്. 24ആം തീയതി ഉച്ചയ്ക്ക് 12 മണിക്കാണ് ബിന്ദുവിനെ വിട്ടയച്ചത്.
ദാഹിച്ചപ്പോൾ കുടിക്കാൻ വെള്ളം പോലും നൽകാതെ മണിക്കൂറുകളോളമാണ് പോലീസ് യുവതിയെ മാനസികമായി പീഡിപ്പിച്ചത്. ഒടുവിൽ മോഷ്ടിക്കപ്പെട്ടെന്ന് കരുതിയ 18 ഗ്രാം സ്വർണമാല അതേ വീട്ടിൽ നിന്ന് തന്നെ കണ്ടെത്തിയെങ്കിലും യുവതി കുറ്റം സമ്മതിച്ചെന്ന് കാട്ടി എഫ്ഐആർ റദ്ദാക്കാതെ പോലീസ് തുടർനടപടി സ്വീകരിക്കുകയായിരുന്നു.
Most Read| ഗാസയുടെ പൂർണ നിയന്ത്രണം ഏറ്റെടുക്കുംവരെ പിൻമാറില്ല; ബെന്യാമിൻ നെതന്യാഹു