കൊല്ലം: ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം ചവറ സ്വദേശി അതുല്യയുടെ (30) ഭർത്താവ് സതീഷ് ശങ്കറിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. സതീഷിന്റെ പീഡനം മൂലമാണ് അതുല്യ ആത്‍മഹത്യ ചെയ്‌തതെന്ന് ബന്ധുക്കൾ പരാതിപ്പെട്ടിരുന്നു. ദുബായിലെ സ്വകാര്യ കമ്പനിയിൽ സൈറ്റ് എൻജിനിയറായ സതീഷിനെ പിരിച്ചുവിട്ടെന്ന് കമ്പനി അറിയിക്കുകയായിരുന്നു.
സതീഷ് ഉപദ്രവിക്കുന്നതിന്റെയും അസഭ്യം പറയുന്നതിന്റെയും വീഡിയോ ദൃശ്യങ്ങൾ അതുല്യ ബന്ധുക്കൾക്ക് അയച്ചുകൊടുത്തിരുന്നു. ഈ വീഡിയോയുടെയും കുടുംബാംഗങ്ങളുടെ പരാതിയുടെയും അടിസ്‌ഥാനത്തിലാണ് സതീഷിനെ പിരിച്ചുവിട്ടതെന്ന് കമ്പനി പറഞ്ഞു. ഒരുവർഷം മുമ്പാണ് ഇയാൾ ഇവിടെ ജോലിക്ക് ചേർന്നത്.
ശാസ്‌താംകോട്ട സ്വദേശിയായ സതീഷ് കുമാറിനെതിരെ ചവറ പോലീസ് കേസെടുത്തിരുന്നു. സതീഷിനെ നാട്ടിലെത്തിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചേക്കും. കൊലപാതക കുറ്റത്തിന് പുറമെ സ്‌ത്രീധന പീഡനം, കൈ കൊണ്ടും ആയുധം കൊണ്ടും മാരകമായി പരിക്കേൽപ്പിക്കൽ തുടങ്ങി ആറിലധികം വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
മരണത്തിൽ ദുരൂഹത ഉണ്ടെന്ന് ആരോപിച്ച് ബന്ധുക്കൾ ഇന്ന് ഷാർജ പോലീസിലും പരാതി നൽകുന്നുണ്ട്. ശനിയാഴ്‌ച രാവിലെയായിരുന്നു തേവലക്കര തെക്കുംഭാഗം സ്വദേശി അതുല്യ ഭവനിൽ എസ് രാജശേഖരൻ പിള്ളയുടെയും തുളസിഭായിയുടെ മകളായ അതുല്യ ശേഖറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഷാർജ റോളപാർക്കിന് സമീപത്തെ ഫ്‌ളാറ്റിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം.
സതീഷിന്റെ മാനസിക, ശാരീരിക പീഡനമാണ് അതുല്യയുടെ മരണകാരണമെന്ന് കുടുംബവും സുഹൃത്തുക്കളും ആരോപിച്ചിരുന്നു. ഇത് ശരിവയ്‌ക്കുന്ന വീഡിയോ ദൃശ്യങ്ങളും വാട്‌സ് ആപ് ചാറ്റുകളും ശബ്‌ദ സന്ദേശങ്ങളും പുറത്തുവരികയും ചെയ്‌തിരുന്നു. അതിനിടെ, അതുല്യയുടെ പോസ്‌റ്റുമോർട്ടം ഇന്ന് ഷാർജയിൽ നടക്കും. തുടർന്ന് നാട്ടിലെത്തിക്കുന്ന മൃതദേഹം ബന്ധുക്കൾ ആവശ്യപ്പെട്ടാൽ വീണ്ടും പോസ്‌റ്റുമോർട്ടം നടത്തുന്നത് ആലോചിക്കുമെന്ന് പോലീസ് വ്യക്‌തമാക്കി.
Most Read| ജീവന്റെ സാന്നിധ്യം, ഒരുലക്ഷത്തിലധികം വർഷം പഴക്കം; സമുദ്രത്തിനടിയിൽ നിഗൂഢ നഗരം!