ന്യൂഡെൽഹി: ഡെൽഹി മുഖ്യമന്ത്രിയായി അതിഷി മർലേന ചുമതലയേറ്റു. അരവിന്ദ് കെജ്രിവാൾ രാജിവെച്ചതിനെ തുടർന്നാണ് അതിഷി മുഖ്യമന്ത്രിയായത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് വരെ അതിഷി പദവിയിലുണ്ടാകും. മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ഒഴിഞ്ഞ കസേര അതിഷി തന്റെ സീറ്റിന് അടുത്തായി ഓഫീസിൽ സ്ഥാപിച്ചു.
കെജ്രിവാളിന്റെ അടയാളമായാണ് കസേര സ്ഥാപിച്ചതെന്ന് അതിഷി പറഞ്ഞു. ”ഈ കസേര പ്രതിനിധീകരിക്കുന്നത് കെജ്രിവാളിനെയാണ്. നാല് മാസത്തിനുശേഷം ഡെൽഹിയിലെ ജനങ്ങൾ അദ്ദേഹത്തെ വീണ്ടും മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കുമെന്ന് വിശ്വാസമുണ്ട്”- അതിഷി പറഞ്ഞു.
ഡെൽഹിയിലെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയാണ് അതിഷി. മുഖ്യമന്ത്രി പദം ഏറ്റെടുത്തുവെങ്കിലും ധനം, വിദ്യാഭ്യാസം ഉൾപ്പടെയുള്ള 13 വകുപ്പുകൾ അതിഷി തന്നെ കൈകാര്യം ചെയ്യും. ഡെൽഹി രാജ്ഭവനിൽ ഇന്നലെ നടന്ന ചടങ്ങിൽ അതിഷിക്ക് പുറമെ, ഗോപാൽ റായി, കൈലാഷ് ഗെഹ്ലോട്ട്, സൗരഭ് ഭരദ്വാജ്, ഇമ്രാൻ ഹുസൈൻ, മുകേഷ് അഹ്ലാവത് എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
കെജ്രിവാൾ മന്ത്രിസഭയിൽ ഉണ്ടായിരുന്ന ഗോപാൽ റായ്, കൈലാഷ് ഗെഹ്ലോട്ട്, സൗരഭ് ഭരദ്വാജ്, ഇമ്രാൻ ഹുസൈൻ എന്നിവരെ നിലനിർത്തിക്കൊണ്ടാണ് മന്ത്രിസഭാ അഴിച്ചുപണി. മുകേഷ് കുമാർ അഹ്ലാവത് പുതുമുഖമാണ്. കെജ്രിവാൾ മന്ത്രിസഭയിൽ ഏഴ് പേരായിരുന്നെങ്കിൽ അതിഷി മന്ത്രിസഭയിൽ ആറ് പേരേയുള്ളൂ. മദ്യനയ അഴിമതിക്കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെ അരവിന്ദ് കെജ്രിവാൾ രാജി പ്രഖ്യാപിക്കുകയായിരുന്നു.
Most Read| ‘ആകാശമൊന്നും ഇടിഞ്ഞുവീഴില്ല’; ബുൾഡോസർ രാജ് തടഞ്ഞ് സുപ്രീം കോടതി