ന്യൂഡെൽഹി: ബുൾഡോസർ രാജ് തടഞ്ഞ് സുപ്രീം കോടതി. സമീപ കാലത്ത് വിവിധ സംസ്‌ഥാനങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന, ബുൾഡോസർ രാജ് നടപടി ഒക്‌ടോബർ ഒന്നുവരെയാണ് തടഞ്ഞത്. കോടതി അനുമതി ഇല്ലാതെ പൊളിക്കൽ നടപടികൾ പാടില്ലെന്നാണ് ഉത്തരവ്. പൊളിക്കലുകൾ നിർത്തിവെച്ചാൽ ആകാശമൊന്നും ഇടിഞ്ഞുവീഴില്ലെന്നും സുപ്രീം കോടതി തുറന്നടിച്ചു.
കുറ്റാരോപിതനായ വ്യക്‌തികളുടെ കെട്ടിടങ്ങൾ ശിക്ഷാ നടപടിയായി പൊളിച്ചുനീക്കുന്ന വിവിധ സംസ്‌ഥാന സർക്കാരുകളുടെ നടപടികൾക്കെതിരെയുള്ള ഹരജിയിലാണ് കോടതി നടപടി. ജഹാംഗീർ പുരിയിലെ പൊളിക്കലിനെതിരെ സിപിഎം നേതാവ് വൃന്ദ കാരാട്ട് നൽകിയ ഹരജികൾ ഉൾപ്പടെ കോടതി പരിഗണിച്ചിരുന്നു.
പൊതു റോഡുകൾ, നടപ്പാതകൾ, റെയിൽവേ ലൈനുകൾ, ജലാശയങ്ങൾ എന്നിവയിലെ കയ്യേറ്റങ്ങൾക്ക് ഈ ഉത്തരവ് ബാധകമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കോടതിയുടെ അനുവാദമില്ലാതെ കുറ്റാരോപിതരുടെ വീടുകളും മറ്റു വസ്‌തുക്കളും പൊളിക്കാൻ പാടില്ല. സർക്കാരുകൾ ബുൾഡോസർ രാജ് നടപ്പാക്കുന്നത് നിയമങ്ങൾക്ക് മുകളിലൂടെ ബുൾഡോസർ ഓടിച്ചു കയറ്റുന്നതിന് തുല്യമെന്ന് കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു.
ആരെങ്കിലും ഒരു കേസിൽ പ്രതിയായെന്നത് കൊണ്ട് ആ വ്യക്‌തിയുടെയും ബന്ധുക്കളുടെയോ വസ്‌തുവകകൾ ഇടിച്ചു നിരത്തുന്നത് നിയമത്തെ ഇടിച്ചു നിരത്തുന്നത് തുല്യമാണെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്. ബുൾഡോസർ രാജിനെതിരെ ഈ മാസം മൂന്നാം തവണയാണ് സുപ്രീം കോടതി ആഞ്ഞടിക്കുന്നത്.
Most Read| നിപയിൽ ആശ്വാസം; സമ്പർക്ക പട്ടികയിലുള്ള 13 പേരുടെ ഫലം നെഗറ്റീവ്