മലപ്പുറം: മലപ്പുറം വണ്ടൂർ തിരുവാലിയിൽ നിപ ബാധിച്ച് മരിച്ച യുവാവിന്റെ സമ്പർക്ക പട്ടികയിലുള്ള 13 പേരുടെ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. മഞ്ചേരി മെഡിക്കൽ കോളേജിലായിരുന്നു പരിശോധന. യുവാവിന്റെ ഹൈറിസ്‌ക് സമ്പർക്ക പട്ടികയിൽ 26 പേർ ഉണ്ടെന്ന് മന്ത്രി അറിയിച്ചു.
ഇവർ നിരീക്ഷണത്തിലാണ്. നിപ ജാഗ്രതാ പ്രോട്ടോകോൾ അനുസരിച്ചുള്ള നടപടികൾ എടുത്തെന്നും രോഗലക്ഷണങ്ങൾ ഉള്ളവരുടെ സ്രവ സാമ്പിൾ പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു. രോഗം ബാധിച്ച് ഒമ്പത് ദിവസത്തിന് ശേഷമാണ് രോഗലക്ഷണം പ്രകടമാവുക. അതിനാൽ യുവാവുമായി അടുത്തിടപഴകിയ 26 പേർക്കും പ്രതിരോധ മരുന്ന് നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
ഈ മാസം ഒമ്പതിനാണ് യുവാവ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. യുവാവ് ബെംഗളൂരുവിൽ പഠിച്ചിരുന്നതുകൊണ്ട് കർണാടക സർക്കാരുമായി ഇക്കാര്യം ചർച്ച ചെയ്‌തിട്ടുണ്ട്. യുവാവ് പഠിച്ചിരുന്ന ഇൻസ്‌റ്റിറ്റ്യൂട്ട് കേന്ദ്രീകരിച്ച്, ആർക്കെങ്കിലും രോഗലക്ഷണം ഉണ്ടോയെന്ന് പരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.
യുവാവിന്റെ റൂട്ട് മാപ്പ് അനുസരിച്ച് 175 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്. ഇതിൽ 74 പേർ ആരോഗ്യ പ്രവർത്തകരാണ്. 126 പേർ പ്രൈമറി കോണ്ടാക്‌ട് പട്ടികയിലും 49 പേർ സെക്കണ്ടറി കോണ്ടാക്‌ട് പട്ടികയിലുമാണ്. പ്രൈമറി പട്ടികയിലുള്ള 104 പേരാണ് ഹൈ റിസ്‌ക് കാറ്റഗറിയിലുള്ളത്. സമ്പർക്ക പട്ടികയിലുള്ള പത്ത് പേർ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്.
Most Read| എംഎൽഎയും മന്ത്രിയും ആക്കിയത് കെജ്‌രിവാൾ, ഇപ്പോഴിതാ മുഖ്യമന്ത്രിയുമാക്കി; അതിഷി