ന്യൂഡെൽഹി: അരവിന്ദ് കെജ്‌രിവാളിന് പകരം അതിഷി ഡെൽഹി മുഖ്യമന്ത്രിയാകും. ആംആദ്‌മിയുടെ നിയമസഭാകക്ഷി യോഗത്തിൽ കെജ്‌രിവാളാണ് അതിഷിയുടെ പേര് മുന്നോട്ടുവെച്ചത്. സ്‌ഥാനം ഏൽക്കുന്നതോടെ ഷീല ദീക്ഷിതിനും സുഷമ സ്വരാജിനും ശേഷം ഡെൽഹി മുഖ്യമന്ത്രിയാകുന്ന മൂന്നാമത്തെ വനിതയാകും അതിഷി.
കെജ്‌രിവാൾ മന്ത്രിസഭയിൽ വിദ്യാഭ്യാസം, പൊതുമരാമത്ത്, ടൂറിസം, സാംസ്‌കാരിക വകുപ്പ് മന്ത്രിയാണ് അതിഷി. കൽകാജി മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായ അതിഷി എഎപിയുടെ രാഷ്‌ട്രീയകാര്യ സമിതി അംഗവുമാണ്. കെജ്‌രിവാൾ തന്നിൽ അർപ്പിച്ച വിശ്വാസമാണ് സ്‌ഥാനലബ്‌ധിക്ക് പിന്നിലെന്ന് അതിഷി നിയമസഭാ കക്ഷി യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
മറ്റേതെങ്കിലും പാർട്ടിയിൽ ആണെങ്കിൽ തനിക്ക് മൽസരിക്കാൻ സീറ്റ് പോലും ലഭിക്കുമായിരുന്നില്ല. കെജ്‌രിവാളാണ് തന്നെ എംഎൽഎയും മന്ത്രിയും ആക്കിയത്. ഇപ്പോഴിതാ മുഖ്യമന്ത്രിയുമാക്കി- അതിഷി പറഞ്ഞു. പക്ഷേ, താൻ ദുഖിതയാണെന്ന് അതിഷി കൂട്ടിച്ചേർത്തു.
എന്റെ ബഡാ ഭായി അരവിന്ദ് കെജ്‌രിവാൾ മുഖ്യമന്ത്രി പദം ഒഴിയുന്നതിൽ ഞാൻ ദുഃഖിതയാണ്. ഡെൽഹിയുടെ പ്രിയപ്പെട്ട മുഖ്യമന്ത്രിയാണ് അദ്ദേഹം. ഡെൽഹിയിലെ രണ്ടുകോടി ജനങ്ങളെ നിർത്തി ഞാൻ പറയുന്നു, എഎപി എംഎൽഎമാരെ സാക്ഷി നിർത്തി ഞാൻ പറയുന്നു, ഡെൽഹിക്ക് ഒറ്റയൊരു മുഖ്യമന്ത്രിയെ ഉള്ളൂ, അത് അരവിന്ദ് കെജ്‌രിവാൾ ആണ്- അതിഷി പറഞ്ഞു.
കഴിഞ്ഞ രണ്ടുവർഷമായി ബിജെപി കെജ്‌രിവാളിനെ വേട്ടയാടുകയാണെന്നും അതിഷി ആരോപിച്ചു. ഐആർഎസ് ജോലി ഉപേക്ഷിച്ച് പുതിയ രാഷ്‌ട്രീയ പാർട്ടിയുമായി തിരഞ്ഞെടുപ്പിനെ നേരിട്ട വ്യക്‌തിയാണ് അദ്ദേഹം. പിന്നാലെ മന്ത്രിയുമായി. അത്തരമൊരു ആളുടെ പേരിലാണ് ബിജെപി വ്യാജ അഴിമതി ആരോപണം ഉന്നയിക്കുന്നതെന്നും അതിഷി ആരോപിച്ചു.
കെജ്‌രിവാൾ ജയിലിൽ അടയ്‌ക്കപെട്ട സമയത്ത് ബിജെപിക്കെതിരെയും കേന്ദ്ര സർക്കാരിനെതിരെയും രൂക്ഷ വിമർശനം ഉയർത്തിയ നേതാവാണ് അതിഷി. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഡെൽഹി ഈസ്‌റ്റ് മണ്ഡലത്തിൽ നിന്ന് ഗൗതം ഗംഭീറിനെതിരെയായിരുന്നു അതിഷിയുടെ ആദ്യ രാഷ്‌ട്രീയ പോരാട്ടം. 4.77ലക്ഷം വോട്ടുകൾക്ക് ഗൗതം ഗംഭീറിനോട് പരാജയപ്പെട്ടെങ്കിലും 2020ൽ ശക്‌തമായ തിരിച്ചുവരവാണ് അതിഷി നടത്തിയത്.
സൗത്ത് ഡെൽഹിയിലെ കൽകാജി മണ്ഡലത്തിൽ നിന്ന് ബിജെപി സ്‌ഥാനാർഥിയെ പരാജയപ്പെടുത്തി, അതിഷി ആദ്യമായി ഡെൽഹി നിയമസഭയിലെത്തി. ഈ തിരഞ്ഞെടുപ്പിന് ശേഷം എഎപിയുടെ ഗോവ ഘടകത്തിന്റെ ചുമതലക്കാരിയായും അതിഷിയെ പാർട്ടി നിയോഗിച്ചു. മദ്യനയ അഴിമതിയാരോപണ കൊടുങ്കാറ്റിൽ മനീഷ് സിസോദിയയും സത്യേന്ദ്ര ജെയിനും എഎപി മന്ത്രിസഭയിൽ നിന്ന് രാജിവെച്ചതോടെയാണ് അതിഷിയെ തേടി മന്ത്രിപദവിയെത്തിയത്.
രണ്ടു ദിവസത്തിനകം ഡെൽഹി മുഖ്യമന്ത്രി പദത്തിൽ നിന്ന് രാജിവെക്കുമെന്ന് ഞായറാഴ്‌ചയാണ് കെജ്‌രിവാൾ പ്രഖ്യാപിച്ചത്. വൈകിട്ട് 4.30ന് കെജ്‌രിവാൾ ലഫ്. ഗവർണർ വികെ സക്‌സേനയെ സന്ദർശിക്കുന്നുണ്ട്. മദ്യനയക്കേസിൽ സുപ്രീം കോടതി ജാമ്യം അനുവദിച്ചെങ്കിലും അഴിമതി ആരോപണം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഭരണത്തിൽ നിന്ന് ഒഴിയാനും പാർട്ടി നേതൃത്വത്തിൽ ശക്‌തമാകാനും കെജ്‌രിവാൾ തീരുമാനിച്ചതെന്ന് ആംആദ്‌മി പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
Most Read| എംപോക്‌സ്; ലോകത്തെ ആദ്യ വാക്‌സിന് അംഗീകാരം നൽകി ലോകാരോഗ്യ സംഘടന