പാലക്കാട്: അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിലെ ജീവനക്കാരെ കൈയേറ്റം ചെയ്ത സംഭവത്തിലെ പ്രതി പിടിയിൽ. മണ്ണാർക്കാട് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് പ്രതിയായ അട്ടപ്പാടി സ്വദേശി അശ്വനിനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്.
ബൈക്കിൽ നിന്ന് വീണ് പരിക്കേറ്റ അശ്വനും സുഹൃത്തും കോട്ടത്തറ ആശുപത്രിയിൽ ചികിൽസയ്ക്കായി എത്തിയതായിരുന്നു. മുറിവ് വൃത്തിയാക്കുന്നതിനിടെ അശ്വിൻ നഴ്സിനോട് അപമര്യാദയായി പെരുമാറി. ബഹളം കെട്ടെത്തിയ ഹെഡ് നഴ്സിനോടും പ്രതികൾ തട്ടിക്കയറി. വനിതാ നഴ്സുമാരുടെ ഫോട്ടോ എടുക്കാനും പ്രതി ശ്രമിച്ചു. ഇത് തടഞ്ഞതോടെയാണ് ഒരു നഴ്സിനെയും രണ്ടു ഇസിജി ടെക്നീഷ്യൻമാരെയും പ്രതി മർദ്ദിച്ചത്.
അക്രമി സംഘം മദ്യലഹരിയിൽ ആയിരുന്നുവെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്. സംഭവത്തിന് പിന്നാലെ ഇരുവരും ഒളിവിൽ പോയി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മണ്ണാർക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രതി ചികിൽസയിൽ ആണെന്ന വിവരം പോലീസിന് ലഭിച്ചത്. തുടർന്ന് ആശുപത്രിയിൽ എത്തി പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് കോട്ടത്തറ ആശുപത്രിയിലെ ജീവനക്കാർ ഇന്ന് പ്രതിഷേധിച്ചിരുന്നു.
Most Read: അറ്റകുറ്റപ്പണി; സംസ്ഥാനത്ത് ഇന്ന് ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം







































