കോട്ടയം: ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി പരിധിയിൽ തിരഞ്ഞെടുപ്പ് പ്രചാരണം നിർത്തിവച്ച് ജനപക്ഷം ചെയർമാനും പൂഞ്ഞാർ എംഎൽഎയുമായ പിസി ജോർജ്. പ്രചാരണ പരിപാടികൾക്കിടെ കഴിഞ്ഞ ദിവസം പിസി ജോർജിനു നേരെ നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രചാരണം നിർത്തിവച്ചത്.
ചിലർ കലാപത്തിനു ശ്രമിക്കുകയാണെന്നും അതിനാൽ പ്രചാരണ പരിപാടികൾ നിർത്തി വെക്കുകയാണ് എന്നുമാണ് പിസി ജോർജിന്റെ വിശദീകരണം. കൂടാതെ ഉമ്മൻ ചാണ്ടിക്കെതിരെ കഴിഞ്ഞ ദിവസം നടത്തിയ പരാമർശങ്ങളിൽ യൂത്ത് കോൺഗ്രസും ജോർജിനെതിരെ പ്രതിഷേധിച്ചിരുന്നു. ഈ പശ്‌ചാത്തലം കൂടി കണക്കിലെത്താണ് തീരുമാനമെന്നാണ് റിപ്പോർട്.
കഴിഞ്ഞ ദിവസം നടന്ന പ്രചാരണ പരിപാടിയിൽ പ്രതിഷേധിച്ചവർക്ക് എതിരെ പിസി ജോർജ് ഭീഷണി മുഴക്കിയിരുന്നു. സമൂഹമാദ്ധ്യമങ്ങളിൽ ഇതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. തീക്കോയി പഞ്ചായത്തിലെ തേവർ പാറയിൽ വാഹന പര്യടനം നടത്തുന്നതിനിടെ ആയിരുന്നു പിസി ജോർജിനെതിരെ പ്രതിഷേധം ഉണ്ടായത്.
സംസാരിച്ചുകൊണ്ടിരിക്കെ അദ്ദേഹത്തെ ചിലർ കൂക്കി വിളിക്കുകയായിരുന്നു. ഇതോടെ പിസി ജോർജ് ഇവർക്കെതിരെ തിരിയുക ആയിരുന്നു. സൗകര്യമുണ്ടെങ്കിൽ മാത്രം തനിക്ക് വോട്ട് ചെയ്‌താൽ മതിയെന്ന് പറഞ്ഞ അദ്ദേഹം സ്‌ഥാനാർഥിക്ക് വോട്ട് ചോദിക്കാൻ അനുവാദമില്ലെന്ന് ആരാണ് പറഞ്ഞതെന്നും ചോദിച്ചു.
മാത്രവുമല്ല മെയ് രണ്ട് കഴിഞ്ഞ് ഞാൻ എംഎൽഎ ആണെന്ന് ഓർത്തോ എന്നും നിങ്ങളുടെയൊക്കെ വോട്ടില്ലാതെ തന്നെ ഞാൻ എംഎൽഎ ആയിട്ട് ഇവിടെ വരുമെന്നും പിസി വെല്ലുവിളിച്ചു. തുടർന്ന് സഭ്യമല്ലാത്ത രീതിയിലുള്ള പദപ്രയോഗങ്ങളും അദ്ദേഹം നടത്തി, ഒരിക്കൽ കൂടി വോട്ട് അഭ്യർഥിച്ച ശേഷമാണ് പിസി ജോർജ് മടങ്ങിയത്.
Read Also: ജയിലിലിടും, മുഖത്ത് ആസിഡ് ഒഴിക്കും; ശിവസേന നേതാവ് ഭീഷണി മുഴക്കിയതായി വനിതാ എംപി