തിരുവനന്തപുരം: ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല ഇന്ന്. ആറ്റുകാൽ അമ്മയുടെ അനുഗ്രഹം തേടി ലക്ഷക്കണക്കിന് സ്‌ത്രീകളാണ് ഇതിനോടകം തന്നെ ക്ഷേത്രത്തിൽ എത്തിയത്. കോവിഡിന് മുമ്പുള്ള മുൻവർഷങ്ങളെ അപേക്ഷിച്ചു ആളുകളുടെ എണ്ണത്തിൽ 40 ശതമാനം വർധനവാണ് ഇക്കുറി ആറ്റുകാലിൽ അനുഭവപ്പെടുന്നത്. 10.30ന് ക്ഷേത്ര മുറ്റത്തെ പണ്ടാര അടുപ്പിൽ തീ പകരുന്നതോടെ പൊങ്കാല ചടങ്ങുകൾക്ക് തുടക്കമാവും.
അടുപ്പുവെട്ടിന് ശേഷം ഉച്ചയ്‌ക്ക് 2.30ന് ആണ് നിവേദ്യം. രാത്രി കുത്തിയോട്ട വൃതക്കാർക്കുള്ള ചൂരൽകുത്ത്. രാത്രി 10.15ന് മണക്കാട് ശാസ്‌താ ക്ഷേത്രത്തിലേക്ക് ദേവിയെ എഴുന്നള്ളിക്കും. നാളെ രാവിലെ തിരുച്ചെഴുന്നള്ളത്തിന് ശേഷം രാവിലെ എട്ടിന് ദേവിയെ അകത്തേക്കു എഴുന്നള്ളിക്കും. രാത്രി 9.15ന് കാപ്പഴിക്കും. പുലർച്ചെ ഒന്നിന് നടത്തുന്ന കുരുതി തർപ്പണത്തോടെ ഈ വർഷത്തെ ഉൽസവത്തിന് സമാപനമാകും.
സുരക്ഷയ്‌ക്കായി 3300 പോലീസ് ഉദ്യോഗസ്‌ഥരെയാണ് വിന്യസിച്ചിട്ടുള്ളത്. ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയ 150 വളണ്ടിയർമാർ, അഗ്‌നിരക്ഷാ സേനയുടെ 250 ജീവനക്കാർ തുടങ്ങിയവർ സേവനത്തിനുണ്ട്. കെഎസ്ആർടിസി 400 സർവീസുകൾ നടത്തും. 1270 പൊതുടാപ്പുകൾ സജ്‌ജീകരിച്ചു. ശുചീകരണത്തിന് 3000 തൊഴിലാളികളെ കോർപറേഷൻ ഏർപ്പെടുത്തിയിട്ടുണ്ട്.
ആരോഗ്യ വകുപ്പിന്റെയും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും കൺട്രോൾ റൂമുകളും ക്ഷേത്ര പരിസരത്ത് സജ്‌ജമാക്കിയിട്ടുണ്ട്. ആംബുലൻസ് ഉൾപ്പടെയുള്ള 10 മെഡിക്കൽ ടീമുകളെ രാവിലെ അഞ്ചു മണി മുതൽ പൊങ്കാല അവസാനിക്കുന്നത് വരെ നിയോഗിച്ചിട്ടുണ്ട്. അതേസമയം, ചൂട് കൂടിയതിനാൽ നിർജലീകരണം ഒഴിവാക്കാൻ ദാഹം തോന്നുന്നില്ലെങ്കിലും ഇടയ്‌ക്കിടയ്‌ക്ക് വെള്ളം കുടിക്കാനും ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.
Most Read: മാണിക് സാഹ ത്രിപുര മുഖ്യമന്ത്രിയായി തുടരും; സത്യപ്രതിജ്‌ഞ ബുധനാഴ്‌ച