കാസര്‍ഗോഡ്: കല്ലൂരാവി ഔഫ് അബ്‌ദുള്‍ റഹ്‌മാന്‍ വധക്കേസിലെ മുഖ്യപ്രതിയായ യൂത്ത് ലീഗ് നേതാവ് ഇര്‍ഷാദിന്റെ കസ്‌റ്റഡി കാലാവധി അവസാനിച്ചു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. മറ്റ് രണ്ട് പ്രതികള്‍ക്കായി നല്‍കിയ കസ്‌റ്റഡി അപേക്ഷയും കോടതി ഇന്ന് പരിഗണിക്കും.
ഇന്ന് 11 മണിക്കാണ് ഇര്‍ഷാദിനെ കോടതിയില്‍ ഹാജരാക്കുക. ഇര്‍ഷാദിനെ കൊലപാതകം നടന്ന സ്‌ഥലത്ത് എത്തിച്ച് കൊലയ്‌ക്ക് ഉപയോഗിച്ച കത്തി കണ്ടെടുത്തിരുന്നു. ഇര്‍ഷാദിനെ കൊലപാതകം നടന്ന മുണ്ടത്തോട് ബാവ നഗര്‍ റോഡിലെത്തിച്ച് കഴിഞ്ഞ ദിവസം തെളിവെടുപ്പ് നടത്തിയിരുന്നു.
കേസിലെ മറ്റ് രണ്ട് പ്രതികളായ ഹസന്‍, ആഷിര്‍ എന്നിവര്‍ക്കായി അന്വേഷണ സംഘം നല്‍കിയ കസ്‌റ്റഡി അപേക്ഷയില്‍ ഇന്ന് വിധി പറയും.
ഔഫിനെ താന്‍ കുത്തിയത് ഒറ്റക്കാണെന്നാണ് ഇര്‍ഷാദ് അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നത്. മറ്റ് പ്രതികള്‍ക്ക് സംഭവത്തില്‍ പങ്കില്ലെന്നായിരുന്നു ഇര്‍ഷാദിന്റെ മൊഴി. എന്നാല്‍ മറ്റ് രണ്ട് പ്രതികളെ കൂടി കസ്‌റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്‌താല്‍ മാത്രമെ കൊലപാതകത്തിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന കാര്യം വ്യക്‌തമാകൂ എന്നാണ് പോലീസ് പറയുന്നത്.
മാത്രവുമല്ല കൊലപാതകത്തിന് ശേഷം പ്രാദേശിക ലീഗ് നേതാക്കള്‍ പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ സൗകര്യം ഒരുക്കി കൊടുത്തതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പ്രതികളെ വിശദമായി ചോദ്യം ചെയ്‌താലേ കേസുമായി ബന്ധപ്പെട്ട മറ്റുള്ളവരിലേക്കും അന്വേഷണം സാധ്യമാകൂ എന്ന് പോലീസ് കോടതിയെ അറിയിക്കും.
Read Also: നെയ്യാറ്റിന്‍കരയിലെ ദമ്പതികളുടെ മരണം; മകന് ജോലി വാഗ്‌ദാനവുമായി സിപിഎം