തിരുവനന്തപുരം: വരും ദിവസങ്ങളിൽ സംസ്‌ഥാനത്ത് മരുന്നുകളുടെ ലഭ്യത കുറയാൻ സാധ്യത. ഈ സാമ്പത്തിക വർഷത്തെ മരുന്നുകൾ വാങ്ങുന്നതിനുള്ള ടെൻഡർ നടപടികൾ പൂർത്തിയാക്കാൻ കേരള മെഡിക്കൽ സർവീസസ് കോർപറേഷന് സാധിക്കാത്ത സാഹചര്യത്തിലാണ് മരുന്നുകളുടെ ലഭ്യത കുറയാൻ സാധ്യതയുള്ളത്.
സംസ്‌ഥാനത്ത് കർശന ടെൻഡർ മാനദണ്ഡങ്ങളാണ് ഉള്ളത്. 50 കോടി വിറ്റുവരവുള്ള കമ്പനികൾക്ക് മാത്രമാണ് നിലവിൽ ടെൻഡറിൽ പങ്കെടുക്കാൻ അവസരമുള്ളത്. ഇക്കാരണത്താൽ തന്നെ ചെറിയ കമ്പനികൾക്ക് ടെൻഡറിൽ പങ്കെടുക്കാനുള്ള അവസരം നഷ്‌ടമാകുകയും ചെയ്‌തു. തുടർന്ന് കഴിഞ്ഞ തിങ്കളാഴ്‌ചയാണ് ടെൻഡർ നിരക്ക് അന്തിമമാക്കിയത്.
കരാർ ഒപ്പുവച്ച് പണം കെട്ടിവച്ച ശേഷമാകും പർച്ചേസ് ഓർഡർ നൽകുക. ഈ നടപടികൾ പൂർത്തിയാകാൻ ഒരുമാസത്തോളം സമയം വേണ്ടിവരും. അതിനാൽ തന്നെ ഇക്കാലയളവിൽ സംസ്‌ഥാനത്ത് മരുന്നുകളുടെ ലഭ്യത കുറയാൻ ഇടയുണ്ട്. അതേസമയം തന്നെ മിക്കയിടങ്ങളിലും നിലവിൽ അവശ്യ മരുന്നുകൾ കിട്ടാനില്ലെന്ന പരാതിയും വ്യാപകമാണ്. ഈ സാഹചര്യത്തിൽ മരുന്ന് കൂടുതലുള്ള ആശുപത്രിയിൽ നിന്ന് കുറവ് വരുന്ന ഇടങ്ങളിലേക്ക് സ്‌റ്റോക്ക് നൽകാൻ മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ഡിഎംഒമാർക്ക് നിർദ്ദേശം നൽകുകയും ചെയ്‌തു.
Read also: ഡെൽഹിയിൽ കനത്ത മഴ തുടരുന്നു; നിരവധി വിമാനങ്ങൾ വഴിതിരിച്ചു വിട്ടു