കൊച്ചി: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കുടുംബം സമർപ്പിച്ച ഹരജി ഹൈക്കോടതി തള്ളി. സിബിഐ അന്വേഷണം വേണ്ടെന്നാണ് ഹൈക്കോടതിയുടെ വിലയിരുത്തൽ. പകരം കണ്ണൂർ ഡിഐജി അന്വേഷണത്തിന് മേൽനോട്ടം വഹിക്കണമെന്നും കോടതി ഉത്തരവിട്ടു.
പ്രത്യേകാന്വേഷണ സംഘം അന്വേഷണ പുരോഗതി യഥാസമയങ്ങളിൽ ഹരജിക്കാരെ അറിയിക്കണം. എസ്‌ഐടിയുടെ അന്തിമ റിപ്പോർട് ഡിജിപിക്ക് സമർപ്പിക്കുകയും അന്തിമ അനുമതി തേടുകയും വേണമെന്ന് വ്യക്‌തമാക്കിക്കൊണ്ടാണ് ജസ്‌റ്റിസ് കൗസർ എടപ്പഗത്ത് ഹരജി തീർപ്പാക്കിയത്. നവീൻ ബാബുവിന്റെ മരണം കൊലപാതകമാണോ എന്നതടക്കം കുടുംബം ഉന്നയിക്കുന്ന കാര്യങ്ങളും പ്രത്യേകാന്വേഷണ സംഘം പരിശോധിക്കണമെന്ന് കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ ഭാര്യ മഞ്‌ജുഷയാണ് കോടതിയിൽ ഹരജി നൽകിയത്. 2024 ഓഗസ്‌റ്റ് 15ന് രാവിലെയാണ് നവീൻ ബാബുവിനെ കണ്ണൂരിലെ താമസ സ്‌ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. തലേന്ന് കണ്ണൂർ കളക്‌ട്രേറ്റിൽ നടന്ന യാത്രയയപ്പ് ചടങ്ങിനിടെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പിപി ദിവ്യ നവീൻ ബാബുവിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു.
ആത്‍മഹത്യക്ക് പിന്നിൽ അഴിമതി ആരോപണമാണെന്ന പരാതികൾ ഉയർന്നതോടെ ദിവ്യക്കെതിരെ ആത്‍മഹത്യാ പ്രേരണാക്കുറ്റം ചുമത്തി കേസെടുത്തു. അന്വേഷണത്തിനായി പ്രത്യേകാന്വേഷണ സംഘത്തെ നിയോഗിച്ചെങ്കിലും കേസ് അട്ടിമറിക്കപ്പെടുന്നു എന്നാരോപിച്ച് നവീൻ ബാബുവിന്റെ ഭാര്യ മഞ്‌ജുഷ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസ് സിബിഐ അന്വേഷിക്കണം എന്നായിരുന്നു ആവശ്യം.
Most Read| യുവാവിന്റെ ഫോൺ അടിച്ചുമാറ്റി കുരങ്ങൻ; കോൾ വന്നപ്പോൾ അറ്റൻഡ് ചെയ്‌തു