ന്യൂഡെൽഹി: 18 ദിവസത്തിന് ശേഷം, ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ള ഉൾപ്പെട്ട ആക്‌സിയോം-4 ദൗത്യ സംഘം ഭൂമിയിൽ എത്തി. കാലിഫോർണിയ തീരത്തിന് സമീപം പസഫിക് സമുദ്രത്തിൽ ഇന്ത്യൻ സമയം ചൊവ്വാഴ്‌ച വൈകീട്ട് 3.01ന് സ്‌പ്ളാഷ് ഡൗൺ ചെയ്‌തു. ഡ്രാഗൺ ഗ്രേസ് പേടകം ഷിപ്പിലേക്ക് മാറ്റി. മിഷൻ കമാൻഡറായ പെഗ്ഗി വിറ്റ്‌സന് പിന്നാലെ രണ്ടാമനായി മിഷൻ പൈലറ്റായ ശുഭാംശു ശുക്ള പുറത്തിറങ്ങി.
സ്‌പേസ് എക്‌സിന്റെ സ്‌പീഡ് ബോട്ടുകളാണ് റിക്കവറി ഷിപ്പിലേക്ക് പേടകത്തെ ചങ്ങലകളിൽ ബന്ധിച്ച് എത്തിച്ചത്. റിക്കവറി ഷിപ്പിൽ നിന്ന് ഇവരെ ഹെലികോപ്‌ടർ മാർഗം തീരത്തേക്ക് എത്തിച്ചു. യുഎസിലെ ജോൺസൺ സ്‌പേസ് സെന്ററിൽ ഒരാഴ്‌ച മെഡിക്കൽ വിദഗ്‌ധരുടെ നിരീക്ഷണത്തിൽ യാത്രികർ താമസിക്കും. ഇതിന് ശേഷമേ ശുഭാംശു ഇന്ത്യയിലേക്ക് മടങ്ങൂ.
ശുഭാംശു ശുക്ളയെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്‌തു. രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ ഇന്ത്യക്കാരനെന്ന നിലയിൽ ധൈര്യത്തിലൂടെയും ആത്‌മാർപ്പണത്തിലൂടെയും കോടിക്കണക്കിന് പേരുടെ സ്വപ്‌നങ്ങളെ സ്വാധീനിച്ച വ്യക്‌തിയാണ് ശുഭാംശു എന്ന് പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു. ഇന്ത്യയുടെ ഗഗൻയാൻ പദ്ധതിയിലേക്കുള്ള മറ്റൊരു നാഴികക്കല്ലാണ് ശുഭാംശു ശുക്ളയുടെ യാത്രയിലൂടെ പിന്നിട്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ബഹിരാകാശത്ത് ശുഭാംശു ശുക്ള ഏഴ് പരീക്ഷണങ്ങൾ പൂർത്തിയാക്കിയെന്ന് ഐഎസ്ആർഒ അറിയിച്ചു. ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിൽ നിന്ന് ജൂൺ 25ന് ഇന്ത്യൻ സമയം ഉച്ചയ്‌ക്ക് 12.01നായിരുന്നു ആക്‌സിയോം-4ന്റെ വിക്ഷേപണം. 26നാണ് സംഘം രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തിയത്. 433 മണിക്കൂറാണ് ഇവർ നിലയത്തിൽ ചിലവഴിച്ചത്. 288 തവണ ഭൂമിയെ ചുറ്റി. 7.6 ദശലക്ഷം മൈലുകൾ സഞ്ചരിച്ചു.
യുഎസ് ബഹിരാകാശ സഞ്ചാരി പെഗ്ഗി വിറ്റ്‌സണൻ, സ്ളാവോസ് വിസ്‌നീവ്‌സ്‌കി (പോളണ്ട്), ടിബോർ കാപു (ഹംഗറി) എന്നിവരാണ് സഹയാത്രികർ. ഇവരെ വഹിച്ചുള്ള ക്രൂ ഡ്രാഗൺ പേടകം ഇന്നലെ വൈകിട്ട് ഇന്ത്യൻ സമയം 4.45ന് ബഹിരാകാശ നിലയത്തിൽ നിന്ന് അൺഡോക്ക് ചെയ്‌തു. ആശയവിനിമയത്തിലെ തകരാർ കാരണം പത്ത് മിനിറ്റ് താമസിച്ചാണ് ഈ പ്രക്രിയ പൂർത്തിയാക്കിയത്. ശുഭാംശുവിന്റെ യാത്രയ്‌ക്കായി 500 കോടി രൂപയാണ് ഇന്ത്യ ചിലവഴിച്ചിരിക്കുന്നത്.
യുഎസ് ബഹിരാകാശ സഞ്ചാരി പെഗ്ഗി വിറ്റ്‌സണൻ, സ്ളാവോസ് വിസ്‌നീവ്‌സ്‌കി (പോളണ്ട്), ടിബോർ കാപു (ഹംഗറി) എന്നിവരാണ് സഹയാത്രികർ. ശുഭാംശുവിന്റെ കണ്ടുപിടിത്തങ്ങൾ രാജ്യത്തിന്റെ സ്വപ്‌ന പദ്ധതികളായ ഗഗൻയാൻ, ഭാരതീയ അന്തരീക്ഷ് ഭവൻ സ്‌പേസ് സ്‌റ്റേഷൻ എന്നിവയ്‌ക്ക് കൂടുതൽ കരുത്ത് പകരും. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിനായി തിരഞ്ഞെടുക്കപ്പെട്ട നാലുപേരിൽ ഒരാളാണ് ശുഭാംശു ശുക്ള.
Most Read| നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവെച്ചു; സ്‌ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയം