കോഴിക്കോട്: ഫെബ്രുവരി 28ന് താമരശ്ശേരിയിൽ വിദ്യാർഥികൾ തമ്മിൽ വാക്കേറ്റവും സംഘർഷവും ഉണ്ടാകുകയും ഇതിനിടെ തലയ്‌ക്ക് ഗുരുതരമായി ഷഹബാസിന് പരിക്കേൽക്കുകയും മാർച്ച് ഒന്നിന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലിരിക്കെ മരിക്കുകയും ചെയ്‌തിരുന്നു.
താമരശ്ശേരി വ്യാപാരഭവനില്‍വെച്ച് ട്രിസ് ട്യൂഷന്‍ സെന്ററില്‍ പഠിക്കുന്ന വിവിധ സ്‌കൂളുകളില്‍ നിന്നുള്ള പത്താം ക്ളാസ് വിദ്യാര്‍ഥികളുടെ യാത്രയയപ്പ് പരിപാടിയെ തുടർന്നുണ്ടായ സംഘർഷമാണ് വിദ്യാർഥികൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ കലാശിച്ചത്. ട്യൂഷന്‍ സെന്ററില്‍ പഠിക്കുന്ന താമരശ്ശേരി ജി.വി.എച്ച്.എസ്.എസ്. വിദ്യാര്‍ഥികളുമായി എളേറ്റില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളും മുഹമ്മദ് ഷഹബാസ് ഉള്‍പ്പെടെ പുറത്തുനിന്നുള്ള വിദ്യാര്‍ഥികളും ചേര്‍ന്ന് ഏറ്റുമുട്ടുകയായിരുന്നു.
കേസിൽ നേരത്തെ ജുവനൈൽ ജസ്‌റ്റിസ് ബോർഡ് ജാമ്യാപേക്ഷ തള്ളിയതോടെയാണ് ഇവർ ജില്ലാ കോടതിയെ സമീപിച്ചത്. ആറ് വിദ്യാർഥികളാണ് കേസിൽ കുറ്റാരോപിതരായിട്ടുള്ളത്. പ്രതികളെല്ലാവരും പ്രായപൂർത്തി എത്താത്തവർ ആയതിനാൽ വെള്ളിമാടുകുന്നിലെ ജുവനൈൽ ഹോമിലാണ് താമസിപ്പിച്ചിരിക്കുന്നത്.
വിദ്യാർഥികളുടെ പ്രായം പരിഗണിച്ച് ജാമ്യം അനുവദിക്കണമെന്ന പ്രതികളായ കുട്ടികളുടെ അഭിഭാഷകരുടെ വാദം കോടതി പൂർണമായും തള്ളി. ഒന്നര മാസത്തോളമായി ജുവനൈൽ ഹോമിൽ കഴിയുകയാണെന്നും ഇതു കുട്ടികളുടെ മാനസികാവസ്‌ഥയെ സാരമായി ബാധിക്കുമെന്നും കോടതിയെ ബോധിപ്പിച്ചിരുന്നു.
ജാമ്യം നൽകരുതെന്നും പ്രായപൂർത്തിയാകാത്ത കാര്യം കേസിൽ പരിഗണിക്കരുതെന്നും പ്രോസിക്യൂഷനും ഷഹബാസിന്റെ കുടുംബവും ആവശ്യപ്പെട്ടിരുന്നു. ഇവരെ പുറത്തുവിട്ടാൽ സമൂഹത്തിനു തെറ്റായ സന്ദേശമാകും നൽകുന്നത്. കൃത്യമായി ആസൂത്രണം ചെയ്‌തു നടത്തിയ കൊലപാതകമാണ്. ജാമ്യം കിട്ടി പുറത്തിറങ്ങിയാൽ ഇവർ സാക്ഷികളെ സ്വാധീനിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിലേക്കു നീങ്ങുമെന്നും കോടതിയെ അറിയിച്ചിരുന്നു.
പൊലീസും ജാമ്യം നൽകുന്നതിനെ എതിർത്തു. കുട്ടികളെ പുറത്തുവിട്ടാൽ അത് അവരുടെ സുരക്ഷയ്‌ക്ക് തന്നെ ഭീഷണിയാകാൻ ഇടയുണ്ടെന്ന വാദമാണ് പോലീസ് സ്വീകരിച്ചത്. ഇതോടെ കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു. നഞ്ചക്കുകൊണ്ടുള്ള അടികൊണ്ടാണ് ഷഹബാസിനു തലയ്‌ക്ക് ഗുരുതരമായി പരുക്കേറ്റത്.
MOST READ | ബലാൽസംഗം ഇര ക്ഷണിച്ചുവരുത്തിയത്; പ്രതിക്ക് ജാമ്യം