കൽപ്പറ്റ: കനത്ത മഴയെ തുടർന്ന് വയനാട് ചൂരൽമലയിലെ ബെയ്‌ലി പാലത്തിന്റെ സംരക്ഷണ ഭിത്തിയുടെ വിവിധ ഭാഗങ്ങളിൽ വിള്ളൽ രൂപപ്പെട്ട സാഹചര്യത്തിൽ പാലം വഴിയുള്ള യാത്ര നിരോധിച്ചു. ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടലിന് പിന്നാലെ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാനായി സൈന്യം നിർമിച്ച പാലമാണിത്.
കനത്ത മഴയിൽ പാലത്തിന്റെ തൂണുകൾക്ക് അടിയിൽ നിന്ന് മണ്ണ് ഒലിച്ചുപോയി. ഇതോടെയാണ് പാലം വഴിയുള്ള പ്രവേശനം നിരോധിച്ചത്. വയനാട് മുണ്ടക്കൈ-ചൂരൽമല ഉൾപ്പടെയുള്ള മേഖലകളിൽ കനത്ത മഴയാണ് രണ്ടുദിവസമായി തുടരുന്നത്. മഴയിൽ പുന്നപ്പുഴയിൽ വലിയ രീതിയിൽ കുത്തൊഴുക്ക് അനുഭവപ്പെടുന്നുണ്ടെങ്കിലും നിലവിൽ ജലനിരപ്പ് കുറയുന്നതായാണ് റിപ്പോർട്.
ബെയ്‌ലി പാലത്തിന് സമീപം വെള്ളം കയറിയതിനെ തുടർന്ന് ഏതാനും തൊഴിലാളികൾ കുടുങ്ങിയിരുന്നുവെങ്കിലും ജലനിരപ്പ് കുറഞ്ഞതോടെ അവർ തിരികെയെത്തി. മുണ്ടക്കൈയിൽ നിലവിൽ ജനവാസം ഇല്ലാത്തതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ അറിയിച്ചു.
വയനാട് കല്ലൂർ പുഴയിലും നൂൽപ്പുഴയിലും ജലനിരപ്പ് ഉയർന്നതായാണ് റിപ്പോർട്. കല്ലൂർ പുഴ കരകവിഞ്ഞു. പുഴംകുനി ഉന്നതിയിൽ വെള്ളം കയറിയതിനെ തുടർന്ന് കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി. കുട്ടികളടക്കം എട്ടുപേരെ തിരുവണ്ണൂർ അങ്കണവാടിയിലേക്കാണ് മാറ്റിപ്പാർപ്പിച്ചത്. അവശേഷിക്കുന്ന കുടുംബങ്ങളും ക്യാമ്പിലേക്ക് മാറും. രാത്രി 11.30ഓടെ നൂൽപ്പുഴ പഞ്ചായത്ത് അധികൃതരും പോലീസും എത്തിയാണ് കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റിയത്.
Most Read| ഭീകരർക്ക് അഭയം നൽകുന്ന രാജ്യങ്ങളെ വിമർശിക്കാൻ മടിക്കരുത്; രാജ്‌നാഥ് സിങ്