ന്യൂഡെൽഹി: ബംഗ്ളാദേശിലെ സ്‌ഥിതിഗതികളിൽ ആശങ്കയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ ഹിന്ദുക്കളുടെയും വിവിധ ന്യൂനപക്ഷ വിഭാഗങ്ങളുടെയും സുരക്ഷയിൽ ആശങ്കയുണ്ട്. എന്നാൽ, സാഹചര്യങ്ങൾ എത്രയും പെട്ടെന്ന് മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. ചെങ്കോട്ടയിൽ നടന്ന 78ആം സ്വാതന്ത്ര്യദിന സന്ദേശത്തിലാണ് പ്രധാനമന്ത്രി ആശങ്ക പ്രകടിപ്പിച്ചത്.
”അയൽരാജ്യമെന്ന നിലയിൽ ബംഗ്ളാദേശിൽ നടക്കുന്ന സംഭവങ്ങളിൽ ഞങ്ങൾക്ക് ആശങ്കയുണ്ട്. എത്രയും പെട്ടെന്ന് സാഹചര്യങ്ങൾ മെച്ചപ്പെടുമെന്ന് വിശ്വസിക്കുന്നു. സമാധാനത്തിന്റെയും സമൃദ്ധിയുടെയും പാതയിൽ അയൽരാജ്യങ്ങൾ പോകണമെന്നാണ് ഇന്ത്യയുടെ ആഗ്രഹം. മുന്നോട്ടുള്ള വികസന പാതയിൽ ബംഗ്ളാദേശിന് എല്ലാവിധ ആശംസകളും നേരുന്നു”- മോദി പറഞ്ഞു.
രാവിലെ ഏഴ് മണിയോടെ രാജ്‌ഘട്ടിലെത്തി ഗാന്ധി സ്‌മൃതിയിൽ പുഷ്‌പ്പാർച്ചന നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തി പതാക ഉയർത്തിയത്. തുടർന്ന് രാജ്യത്തെ അഭിസംബോധന ചെയ്‌തു. സ്വാതന്ത്ര സമര സേനാനികളെ അനുസ്‌മരിച്ച് കൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം തുടങ്ങിയത്. നമ്മുടെ കർഷകരും ജവാൻമാരുമൊക്കെ രാഷ്‌ട്ര നിർമാണത്തിലെ പങ്കാളികളാണെന്നും സ്വാതന്ത്ര്യത്തിനായി പോരാടിയവരുടെ പുണ്യ സ്‌മരണക്ക് മുമ്പിൽ ആദരം അർപ്പിക്കുന്നുവെന്നും മോദി പറഞ്ഞു.
Most Read| ഏറ്റവും ഉയരം കുറവ്; ലോക റെക്കോർഡ് നേടി ബ്രസീലിയൻ ദമ്പതികൾ