കോഴിക്കോട്: ബാങ്ക് ലോൺ സംഘടിപ്പിച്ച് കൊടുക്കുമെന്ന് വാഗ്‌ദാനം ചെയ്‌ത് തട്ടിപ്പ്. കോഴിക്കോട് കുന്ദമംഗലത്തെ ഫിൻ സ്‌റ്റോർ എന്ന സ്‌ഥാപനത്തിന്റെ ഉടമ അരുൺ ദാസ് ആണ് തട്ടിപ്പ് നടത്തിയത്. തട്ടിയെടുത്ത പണവും രേഖകളുമായി സ്‌ഥാപന ഉടമ മുങ്ങി. ഇടപാടുകാരുടെയും ജീവനക്കാരുടെയും പരാതിയിൽ സ്‌ഥാപന ഉടമയ്‌ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഇയാൾക്കായുള്ള അന്വേഷണം പോലീസ് ഊർജിതമാക്കി.
മൂന്ന് മാസത്തിനുള്ളിൽ ലോൺ എന്ന് വാഗ്‌ദാനം ചെയ്‌താണ് അരുൺ ദാസ് കുന്ദമംഗലത്ത് സ്‌ഥാപനം തുടങ്ങിയത്. മൂന്ന് ഓഫിസുകളിലായി പതിനഞ്ചോളം ജീവനക്കാരെയും നിയമിച്ചിരുന്നു. ഇവരെ ഉപയോഗിച്ച് ലോൺ ആവശ്യമുള്ളവരെ കണ്ടെത്തും. പിന്നീട് ലോൺ ആവശ്യമുള്ള വ്യക്‌തികളിൽ നിന്ന് ആധാർ കാർഡിന്റെയും ബാങ്ക് പാസ് ബുക്കിന്റെയും പകർപ്പുകൾ വാങ്ങും. ആയിരം രൂപയാണ് പ്രോസസിങ് ഫീസായി ഈടാക്കുന്നത്.
രണ്ട് ദിവസം മുൻപ് ഉടമയായ അരുൺ ദാസ് സ്‌ഥാപനം പൂട്ടി സ്‌ഥലം വിടുകയും ചെയ്‌തു. ഇതോടെയാണ് തട്ടിപ്പ് പുറത്തായത്. അരുൺ ദാസും ഒപ്പമുണ്ടായിരുന്ന റനീഷ് എന്നയാളും ചേർന്ന് കബളിപ്പിച്ചുവെന്നാണ് ജീവനക്കാർ പറയുന്നത്. അരുൺ സ്‌ഥാപനം പൂട്ടി പോയപ്പോഴാണ് തട്ടിപ്പുകാരാണെന്ന് മനസിലാക്കുന്നതെന്നും ജീവനക്കാർ പറഞ്ഞു. നിരവധി പേരാണ് ഇവരുടെ തട്ടിപ്പിന് ഇരയായിട്ടുള്ളത്. അരുൺ ദാസിനും റനീഷിനുമെതിരെ കുന്ദമംഗലം പോലീസ് വഞ്ചനാക്കുറ്റത്തിന് കേസെടുത്തു. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
Most Read: 15 ലക്ഷം തട്ടിയെന്ന പരാതി; മോൻസനെതിരെ ഒരു കേസ് കൂടി രജിസ്‌റ്റർ ചെയ്‌തു







































