കോഴിക്കോട്: ജില്ലയിലെ ബീച്ചുകളില്‍ നവംബര്‍ 12 മുതല്‍ നിയന്ത്രണങ്ങളോടെ പ്രവേശനം അനുവദിക്കും. ജില്ലാ കളക്‌ടറാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തുവിട്ടത്. കര്‍ശനമായ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് മാത്രമേ ആളുകളെ കടത്തിവിടാന്‍ പാടുള്ളു. കോവിഡ് മാനദണ്ഡ പ്രകാരം പാലിക്കേണ്ട കടമകള്‍ ഇവിടെങ്ങളില്‍ എല്ലാം പ്രത്യേകം പ്രദര്‍ശിപ്പിക്കണം.
പ്രവേശന കവാടത്തില്‍ സഞ്ചാരികളുടെ ശരീരോഷ്‌മാവ് പരിശോധിക്കാനും, കൈകള്‍ ശുചിയാക്കാനുമുള്ള സംവിധാനം ഒരുക്കണം. കൃത്യമായ ഇടവേളകളില്‍ നടപ്പാതകള്‍, കൈവരികള്‍ എന്നിവ അണുവിമുക്‌തമാക്കണം. വിശ്രമമുറി, ശുചിമുറി എന്നിവയും വൃത്തിയാക്കണം. ഇവിടെ ചുമതലയുള്ള ആളുകള്‍ക്ക് ആവശ്യമെങ്കില്‍ ടൂറിസം പോലീസിന്റെ സഹായവും തേടാം.
ആഭ്യന്തര വിനോദ സഞ്ചാരികള്‍ കൊവിഡ് 19 ജാഗ്രത പോര്‍ട്ടലില്‍ നിര്‍ബന്ധമായും രജിസ്‌റ്റർ ചെയ്യണം. ടൂറിസം കേന്ദ്രങ്ങളിലെത്തുന്നവരുടെ പേരും വിശദവിവരങ്ങളും രേഖപ്പെടുത്തണം. രോഗ ലക്ഷണങ്ങളുള്ള ആളുകളെ ഇവിടങ്ങളില്‍ പ്രവേശിക്കാന്‍ അനുവദിക്കരുത്.
മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധമായും കരുതുകയും ഉപയോഗിക്കയും വേണം. ബീച്ചുകളില്‍ സാമൂഹ്യ അകലം പാലിക്കണം. ഇതില്‍ വീഴ്‌ച വരുത്തുന്നവര്‍ക്ക് എതിരെ നടപടിയെടുക്കുമെന്ന് ജില്ലാ കളക്‌ടർ അറിയിച്ചു.
Read Also: പ്രതിദിന വാര്‍ത്താ സമ്മേളനത്തിന് അവധി പ്രഖ്യാപിച്ച് മുഖ്യമന്ത്രി