കണ്ണൂർ: നാട്ടിലിറങ്ങുന്ന കാട്ടുമൃഗങ്ങളെ തുരത്താൻ പുത്തൻ പ്രതിരോധം തീർത്ത് കണ്ണൂർ മാട്ടറ പ്രദേശത്തുകാർ. കാട്ടിനുള്ളിൽ തേനീച്ച പെട്ടികൾ സ്‌ഥാപിച്ചാണ് കാട്ടുമൃഗങ്ങളെ തുരത്താൻ വ്യത്യസ്‌ത പരീക്ഷണവുമായി ഒരു മലയോര ഗ്രാമം മുഴുവൻ മുന്നിട്ടിറങ്ങിയിരിക്കുന്നത്. വന്യമൃഗ ശല്യം തടയാൻ സൗരോർജ വേലികളടക്കം സ്‌ഥാപിച്ചിരുന്നെങ്കിലും പരിഹരമായില്ല. അങ്ങനെയാണ് നാട്ടുകാർ തന്നെ പുത്തൻ വിദ്യ കണ്ടെത്തിയത്.
‘ബീ ഫെൻസിങ്’ വിദ്യയാണ് ഇവിടെ പരീക്ഷിക്കാൻ പോകുന്നത്. ആനകൾക്ക് വനത്തിൽ അറിയാവുന്ന ജീവിയാണ് തേനീച്ച. സാധാരണയായി തേനീച്ചയുമായി കാട്ടാനകൾ ഏറ്റുമുട്ടാൻ നിക്കാറില്ല. 27 പെട്ടികളാണ് ആദ്യം സ്‌ഥാപിച്ചിരിക്കുന്നത്. ഇവ ഒരു പരിധിവരെ കാട്ടാനകൾ അടക്കമുള്ള വന്യമൃഗങ്ങളെ തടയുമെന്നാണ് നാട്ടുകാരുടെ പ്രതികരണം. നാട്ടുകാർ തന്നെയാണ് തേനീച്ച പെട്ടികളുടെ പരിപാലനവും നടത്തുന്നത്.
കൂട്ടിൽ നിന്ന് ലഭിക്കുന്ന തേനിന് കാട്ടുതേനിന്റെ ഗുണം ഉണ്ടെങ്കിൽ അത് ആ തരത്തിൽ തന്നെ വിപണനം ചെയ്യാനുള്ള പദ്ധതിയും കർഷകർക്കിടയിലുണ്ട്. തെക്കൻ കേരളത്തിൽ നിന്നും എത്തി മണ്ണിനോടും മലമ്പനിയോടും പടവെട്ടിയ കുടിയേറ്റ കർഷകരുടെ ഗ്രാമമാണ് കണ്ണൂരിലെ മാട്ടറ. കാലം കഴിയുന്തോറും വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായതോടെ ഓരോരുത്തരായി ഇവിടെ നിന്ന് മലയിറങ്ങുകയായിരുന്നു.
Most Read: കെഎസ്ആര്‍ടിസി ഡീസല്‍ വില വര്‍ധന; ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും






































