ജറുസലേം: ഹമാസുമായുള്ള വെടിനിർത്തൽ താൽക്കാലികം മാത്രമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. വെടിനിർത്തൽ പ്രാബല്യത്തിൽ വരാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ രാജ്യത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹമാസുമായുള്ള വെടിനിർത്തൽ താൽക്കാലികം മാത്രമെന്നാണ് കണക്കാക്കുന്നതെന്നും ആവശ്യമെങ്കിൽ പോരാട്ടം തുടരാൻ ഇസ്രയേലിന് അവകാശമുണ്ടെന്നുമാണ് നെതന്യാഹു വ്യക്‌തമാക്കിയിരിക്കുന്നത്. ലബനനിലും സിറിയയിലും ഇസ്രയേലിനുണ്ടായ സൈനിക വിജയമാണ് ഹമാസിനെ വെടിനിർത്തലിന് പ്രേരിപ്പിച്ചത്. മധ്യപൂർവദേശത്തിന്റെ മുഖഛായ ഇസ്രയേൽ മാറ്റി. ഏറ്റവും സാധ്യമായ വെടിനിർത്തൽ കരാർ നടപ്പാക്കാൻ കഴിഞ്ഞുവെന്നും നെതന്യാഹു പറഞ്ഞു.
യുഎസ് നിയുക്‌ത പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ പിന്തുണ തനിക്കുണ്ടെന്നും ബുധനാഴ്‌ച സംസാരിച്ചിരുന്നെന്നും നെതന്യാഹു പറഞ്ഞു. യുഎസിന്റെ നേതൃത്വത്തിൽ ഖത്തറിന്റെയും ഈജിപ്‌തിന്റെയും മധ്യസ്‌ഥതയിൽ ദോഹയിൽ ഒരാഴ്‌ചയിലേറെ നീണ്ട ചർച്ചകളാണ് ഇതോടെ വിജയം കണ്ടത്.
കഴിഞ്ഞ 15 മാസമായി ലോകം പ്രതീക്ഷയോടെ കാത്തിരുന്ന തീരുമാനമായിരുന്നു ഹമാസ്-ഇസ്രയേൽ സമ്പൂർണ വെടിനിർത്തൽ. ഡൊണാൾഡ് ട്രംപ് പ്രസിഡണ്ടായി സ്‌ഥാനമേൽക്കുന്ന 20ന് മുൻപ് വെടിനിർത്തൽ പ്രഖ്യാപനം നടത്താൻ യുഎസ് സമ്മർദ്ദം ചെലുത്തിയിരുന്നു. ഇസ്രയേൽ ജയിലുകളിൽ തടവിലാക്കപ്പെട്ട 19 വയസിന് താഴെയുള്ള എല്ലാ പലസ്‌തീൻ സ്‌ത്രീകളെയും കുട്ടികളെയും കരാറിന്റെ ആദ്യഘട്ടമായി ഇസ്രയേൽ മോചിപ്പിക്കും.
42 ദിവസം നീളുന്ന ആദ്യഘട്ടത്തിന്റെ തുടക്കത്തിൽ, ഹമാസിന്റെ ബന്ദികളായ 100 പേരിൽ 33 പേരെ മോചിപ്പിക്കും. ഗാസയിലെ ജനവാസമേഖലകളിൽ നിന്ന് ഇസ്രയേൽ സൈന്യം പിൻമാറുകയും ചെയ്യും. ആദ്യഘട്ടം തീരും മുൻപ് തന്നെ രണ്ടാംഘട്ട ചർച്ചകൾ ആരംഭിക്കുകയും ചെയ്യും.
Most Read| കോടികളുടെ ആസ്‌തി; താമസം സ്‌റ്റോർ റൂമിന് സമാനമായ വീട്ടിൽ, സഞ്ചാരം സൈക്കിളിൽ







































