ഭൂമിക യാദവ്… ഛത്തീസ്‌ഗഡിലെ റായ്‌പുരിലെ ഒരു ഗ്രാമത്തിൽ നിന്നുള്ള വളരെ സാധാരണ കുടുംബത്തിൽ നിന്നുള്ള പെൺകുട്ടി, അവഗണനകളും കളിയാക്കലുകളും നിറഞ്ഞ ബാല്യവും കൗമാരവും, ഇന്നവൾ ലോകശ്രദ്ധ നേടിയ ഫാഷൻ മോഡലായി വളർന്നെങ്കിൽ അതിന് പിന്നിൽ ആത്‌മ ധൈര്യത്തിന്റെയും നിശ്‌ചയ ദാർഢ്യത്തിന്റെയും ഒരു കഥയുണ്ട്.
ആഢംബര ഫാഷൻ ബ്രാൻഡിലെ മിന്നും താരമാണ് 19-കാരിയായ ഭൂമിക. ഒരു മോഡൽ മാനേജ്മെന്റ് കമ്പനി ഭൂമികയെ കണ്ടെത്തിയതോടെയാണ് ആ പെൺകുട്ടിയുടെ ജീവിതം തന്നെ മാറിമറിഞ്ഞത്. ഫാഷൻ ബ്രാൻഡായ ഷനേലിന് വേണ്ടിയാണ് ഭൂമിക പാരിസിലെ റാംപിലെത്തിയത്. ആഗോള തലത്തിൽ തന്നെ ശ്രദ്ധനേടുന്ന പ്രായം കുറഞ്ഞ ഇന്ത്യൻ മോഡലായി ഇതോടെ ഭൂമിക ലോകശ്രദ്ധയാകർഷിച്ചു.
റായ്‌പുരിലെ ഒരു സാധാരണ കുടുംബത്തിലാണ് ഭൂമിക ജനിച്ചത്. പിതാവ് ഡ്രൈവറാണ്. സ്‌കൂളും വീടും മാത്രമായിരുന്നു അവളുടെ ലോകം. സ്‌കൂളിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്ന കുട്ടികളിൽ ഒരാളായിരുന്നു. എന്നാൽ, പലപ്പോഴും നിറത്തിന്റെ പേരിലുള്ള അവഗണന ആ കുഞ്ഞുമനസിനെ നോവിച്ചിരുന്നു.
സ്‌കൂളിലെ സഹപാഠികളിൽ നിന്നും നാട്ടുകാരിൽ നിന്നും നേരിട്ട അവഗണകൾ ഭൂമികയെ മാനസികമായി നിരന്തരം വേട്ടയാടിയിരുന്നു. ‘കാലി’ (കറുപ്പ് നിറമുള്ളവൾ) എന്ന് വിളിച്ചാണ് പലരും ഭൂമികയെ കളിയാക്കിയിരുന്നത്. ആദ്യമൊക്കെ അവളിലെ ആത്‌മവിശ്വാസം കെടുത്തിയെങ്കിലും പതിയെ അതവൾ ഒരു വാശിയായി ഏറ്റെടുത്തു.
അവഗണിച്ചവരെ കൊണ്ട് വിജയിച്ചവളെന്ന് പറയിപ്പിക്കണമെന്നായിരുന്നു ഭൂമികയുടെ ആഗ്രഹം. അതിനായി അവൾ പരിശ്രമിക്കുകയും ചെയ്‌തു. എന്നാൽ, അന്നൊന്നും മോഡലിങ് എന്നത് ഭൂമികയുടെ സ്വപ്‌നത്തിൽ പോലും ഇല്ലായിരുന്നു. ആദായനികുതി വകുപ്പ് ഓഫീസർ ആകാനായിരുന്നു ഭൂമികളുടെ ആഗ്രഹം.
എന്നാൽ, അപ്രതീക്ഷിതമായാണ് മോഡലിങ് അവളിലേക്ക് വന്നുചേർന്നത്. റായ്‌പുരിലെ തെരുവിലൂടെ നടക്കുമ്പോഴാണ് ഒരു മോഡൽ മാനേജ്മെന്റ് കമ്പനിയുടെ സ്‌ഥാപകനായ നിൻജ സിങ് ഭൂമികയെ കണ്ടത്. തുടർന്നാണ് ഭൂമികയ്‌ക്ക് മോഡലിങ്ങിലേക്കുള്ള വഴിയൊരുങ്ങുന്നത്. മോഡലിങ്ങിനായി ആദ്യം അവസരങ്ങൾ ലഭിച്ചപ്പോൾ മാതാപിതാക്കൾക്ക് ഭയമായിരുന്നു.
അവരെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തിയാണ് ഭൂമിക ഫാഷൻ ലോകത്തേക്ക് കാലെടുത്ത് വെച്ചത്. പരിശീലനത്തിന് ശേഷം വിവിധ ഏജൻസികൾക്കൊപ്പം ഭൂമിക പ്രവർത്തിച്ചു. 19ആം വയസിലാണ് പാരിസ് റൺവേയിൽ ഈ പെൺകുട്ടി ആദ്യമായി റാംപ് വാക്ക് നടത്തിയത്. അന്ന് ഷാനേലിന് വേണ്ടിയാണ് റാംപിലെത്തിയത്.
ഇതിനോടകം മൂന്നുതവണ ഷാനേലിന് വേണ്ടി ഭൂമിക റാംപിലെത്തി. വോഗ് മാസികയിൽ ഫോട്ടോ എത്തിയതോടെയാണ് ലോകം മുഴുവൻ ഈ പെൺകുട്ടിയെ അറിഞ്ഞത്. കളിയാക്കിയവരെ കൊണ്ട് കയ്യടിപ്പിച്ച് ഭൂമിക ഇന്ന് ഫാഷൻ ലോകത്ത് തിളങ്ങുകയാണ്. ”ഒരാളുടെ ചർമത്തിന്റെ നിറം, അല്ലെങ്കിൽ അത്തരത്തിലുള്ള ഏതെങ്കിലും ഘടകങ്ങൾ ഇത്തരം വേദികളിൽ ഒരു മാനദണ്ഡമാകരുത്” എന്നാണ് ഭൂമികയുടെ അഭിപ്രായം.
Most Read| ഇത് അത്‌ഭുതം! ഒരൊറ്റ മാവിൽ വിരിഞ്ഞത് 350 ഇനം മാമ്പഴങ്ങൾ





































