പട്‌ന: എക്‌സിറ്റ് പോൾ പ്രവചനങ്ങളെയും കടത്തിവെട്ടി ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലേക്ക്. നെഞ്ചും വിരിച്ചാണ് പത്താം തവണ നിതീഷ് കുമാർ മുഖ്യമന്ത്രിയാകാൻ പോകുന്നത്. 202 സീറ്റിലാണ് എൻഡിഎ വിജയിച്ചത്. പ്രതിപക്ഷ ഇന്ത്യാ സഖ്യം വെറും 35 സീറ്റിൽ ഒതുങ്ങി.
91 സീറ്റുമായി ബിജെപി വലിയ ഒറ്റകക്ഷിയായപ്പോൾ ജെഡിയു 83 സീറ്റുമായി വൻ മുന്നേറ്റമുണ്ടാക്കി. അതേസമയം, 2020ലെ ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്ന ആർജെഡി 27 സീറ്റിൽ ഒതുങ്ങി. കോൺഗ്രസ് പാടെ തകർന്ന് നാല് സീറ്റിൽ മാത്രമായി. എൻഡിഎക്ക് ഒപ്പമുള്ള എൽജെപി (റാംവിലാസ്) 19 സീറ്റിലാണ് മുന്നേറിയത്.
പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടി പ്രകടനത്തിൽ പാടെ പിന്നിലായി. സംസ്‌ഥാനത്തെങ്ങും എൻഡിഎ പ്രവർത്തകർ വിജയാഹ്ളാദം തുടങ്ങി. 243 അംഗ നിയമസഭയിൽ 122 സീറ്റാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്. 2020 തിരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യം 125 സീറ്റ് നേടി അധികാരം പിടിച്ചപ്പോൾ ആർജെഡി- കോൺഗ്രസ്- ഇടതുകക്ഷികൾ അടങ്ങിയ മഹാസഖ്യത്തിന് 110 സീറ്റ് മാത്രമായിരുന്നു നേടാനായത്.
Most Read| ലോകത്ത് നിർബന്ധമായും കണ്ടിരിക്കേണ്ട സ്‌ഥലങ്ങൾ; പട്ടികയിൽ കൊച്ചിയും





































