പട്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്നറിയാം. വൈകീട്ട് നാലുമണിക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താസമ്മേളനം നടത്തും. ബിഹാർ നിയമസഭയുടെ കാലാവധി നവംബറിലാണ് അവസാനിക്കുന്നത്. നവംബർ 22ന് മുൻപ് തിരഞ്ഞെടുപ്പ് നടത്തുമെന്ന് കഴിഞ്ഞദിവസം മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ പറഞ്ഞിരുന്നു.
വോട്ടെടുപ്പ് രണ്ട് ഘട്ടമായി നടത്തണമെന്ന് പ്രതിപക്ഷവും ഒറ്റഘട്ടമായി നടത്തണമെന്ന് ബിജെപിയും കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബിഹാറിൽ അന്തിമ വോട്ടർപട്ടിക തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചിരുന്നു. പുതുക്കിയ പട്ടികയിൻമേലുള്ള പരാതികൾ പരിശോധിച്ച ശേഷമാണ് അന്തിമ വോട്ടർ പട്ടിക തയ്യാറാക്കിയത്.
243 നിയമസഭാ മണ്ഡലങ്ങളാണ് സംസ്ഥാനത്തുള്ളത്. ഇക്കുറി എൻഡിഎയും ഇന്ത്യ സഖ്യവും തമ്മിലാണ് മൽസരം. ബിജെപി ജനതാദൾ (യുനൈറ്റഡ്), ലോക് ജൻശക്തി പാർട്ടി എന്നിവയുമാണ് എൻഡിഎ സഖ്യത്തിലുള്ളത്. ആർജെഡി നയിക്കുന്ന പ്രതിപക്ഷ സഖ്യത്തിൽ കോൺഗ്രസും ഇടതുപാർട്ടികളും ഉൾപ്പെടും.
ബിജെപി (80), ജെഡിയു (45), ആർജെഡി (77), കോൺഗ്രസ് (19) എന്നിങ്ങനെയാണ് നിലവിലെ കക്ഷി നില. 2020ലെ തിരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളായാണ് നടന്നത്. ഒക്ടോബർ 28ന് ആദ്യഘട്ടം. നവംബർ മൂന്നിനും ഏഴിനും രണ്ടും മൂന്നും ഘട്ടം. നവംബർ പത്തിന് ഫലം പ്രഖ്യാപിക്കുകയും ചെയ്തു. 2015ലെ തിരഞ്ഞെടുപ്പ് അഞ്ച് ഘട്ടങ്ങളായാണ് നടന്നത്.
Most Read| കടൽവെള്ളത്തിന് ഇളം ചുവപ്പ് നിറം! എന്തെന്ന് മനസിലാവാതെ എടക്കഴിയൂർ ഗ്രാമം