പട്‌ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി അവസാനിച്ചു. 1250ലേറെ സ്‌ഥാനാർഥികളാണ് പത്രിക സമർപ്പിച്ചിരിക്കുന്നത്. അന്തിമ കണക്കുകൾ പുറത്തുവിട്ടിട്ടില്ല. പത്രികകളുടെ സൂക്ഷ്‌മ പരിശോധന നാളെ നടക്കും.
തിങ്കളാഴ്‌ചയാണ് പത്രിക പിൻവലിക്കാനുള്ള അവസാന സമയം. രണ്ടുഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പിൽ 121 മണ്ഡലങ്ങളിലാണ് നവംബർ ആറിന് ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുക. സീറ്റ് വിഭജനം നേരത്തെ പൂർത്തിയാക്കിയ ഭരണപക്ഷമായ എൻഡിഎ സഖ്യം തിരഞ്ഞെടുപ്പിൽ മേൽക്കൈ നേടിയപ്പോൾ പ്രതിപക്ഷ ഇന്ത്യ സഖ്യത്തിൽ ഇനിയും അന്തിമ ധാരണയായിട്ടില്ല.
ഇന്ത്യ സഖ്യത്തിലെ സീറ്റ് പങ്കുവയ്‌ക്കൽ സംബന്ധിച്ച് പല കക്ഷികൾക്കിടയിലും അതൃപ്‌തിയുണ്ട്. അതിനിടെ, സഖ്യത്തിനൊപ്പം ഉണ്ടാകുമെന്ന് നേരത്തെ പറഞ്ഞ ജാർഖണ്ഡ് മുക്‌തി മോർച്ച (ജെഎംഎം) സ്വതന്ത്ര സ്‌ഥാനാർഥികളെ നിർത്തുമെന്ന് പ്രഖ്യാപിച്ചു. ജയസാധ്യതയുള്ള ആറ് സീറ്റുകളിൽ സ്‌ഥാനാർഥികളെ നിർത്തുമെന്നാണ് പ്രഖ്യാപനം.
ആദ്യഘട്ടത്തിലെ ആറ് സീറ്റുകളിൽ ഇന്ത്യ സഖ്യത്തിലെ സ്‌ഥാനാർഥികൾ തന്നെ പരസ്‌പരം ഏറ്റുമുട്ടുന്ന സാഹചര്യമുണ്ട്. ലാൽഗഞ്ച്, വൈശാലി, രാജ്‌പകാർ, ബച്‌വാര, രോസ്‌റ, ബിഹാർശരിഫ് സീറ്റുകളിലാണ് സഖ്യത്തിനുള്ളിൽ മൽസരം. അതേസമയം, സഖ്യത്തിനുള്ളിൽ പ്രശ്‌നങ്ങളില്ലെന്നും സീറ്റ് ധാരണകൾ പൂർത്തിയാക്കിയെന്നും കോൺഗ്രസ് നേതാവ് പവൻ ഖേര പറഞ്ഞു.
നവംബർ 11നാണ് രണ്ടാംഘട്ട വോട്ടെടുപ്പ്. നവംബർ 14നാണ് വോട്ടെണ്ണൽ. ബിഹാറിൽ ആകെ 7.43 കോടി വോട്ടർമാരാണുള്ളത്. ഇതിൽ 3.92 കോടി പുരുഷൻമാരും 3.5 കോടി സ്‌ത്രീകളും ഉൾപ്പെടുന്നുണ്ട്. 14 ലക്ഷം പുതിയ വോട്ടർമാരാണ്. സംസ്‌ഥാനത്തൊട്ടാകെ 90,712 പോളിങ് സ്‌റ്റേഷനുകൾ സജ്‌ജീകരിക്കും. ഇതിൽ 1044 എണ്ണം സ്‌ത്രീകൾ കൈകാര്യം ചെയ്യുന്ന പോളിങ് സ്‌റ്റേഷനുകളിലായിരിക്കും.
എല്ലായിടത്തും വെബ് കാസ്‌റ്റ് ഉണ്ടാകും. ബിഹാർ നിയമസഭയുടെ കാലാവധി നവംബറിലാണ് അവസാനിക്കുന്നത്. 243 നിയമസഭാ മണ്ഡലങ്ങളാണ് സംസ്‌ഥാനത്തുള്ളത്. ഇക്കുറി എൻഡിഎയും ഇന്ത്യ സഖ്യവും തമ്മിലാണ് മൽസരം. ബിജെപി ജനതാദൾ (യുനൈറ്റഡ്), ലോക് ജൻശക്‌തി പാർട്ടി എന്നിവയുമാണ് എൻഡിഎ സഖ്യത്തിലുള്ളത്. ആർജെഡി നയിക്കുന്ന പ്രതിപക്ഷ സഖ്യത്തിൽ കോൺഗ്രസും ഇടതുപാർട്ടികളും ഉൾപ്പെടും.
Most Read| ‘തനിയെ നെന്നിനീങ്ങുന്ന കല്ലുകൾ’; ഡെത്ത് വാലിയിലെ നിഗൂഢമായ രഹസ്യം!