പാറ്റ്ന: ബിഹാര്‍ തിരഞ്ഞെടുപ്പ് ആദ്യ ഘട്ടത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ആര്‍ജെഡി പ്രകടന പത്രിക തേജസ്വി യാദവ് പുറത്തുവിട്ടു. മുഖ്യമന്ത്രി നിതീഷ് കുമാറിനെയും, ബിജെപിയെയും വിമര്‍ശിച്ചു കൊണ്ടാണ് അദ്ദേഹം പാര്‍ട്ടിയുടെ പ്രകടന പത്രിക പുറത്തിറക്കിയത്.
ബിജെപിയെ പോലെ വ്യാജ വാഗ്‌ദാനങ്ങൾ നല്‍കി ജനങ്ങളെ വിഡ്ഡികളാക്കാന്‍ ഇല്ലെന്നും തങ്ങളുടെ വാഗ്‌ദാനങ്ങൾ പൂര്‍ണമായും പാലിക്കുമെന്നും അദ്ദേഹം ചടങ്ങില്‍ പറഞ്ഞു. പത്ത് ലക്ഷം തൊഴിലവസരങ്ങള്‍, സ്‍മാർട്ട് വില്ലേജുകള്‍ എന്നിവ അടക്കം പത്ത് വാഗ്‌ദാനങ്ങളാണ് ആര്‍ജെഡി പ്രകടന പത്രിക മുന്നോട്ട് വെക്കുന്നത്.
പൊതുമേഖലയില്‍ 10 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കുകയാണ് മുഖ്യലക്ഷ്യം.കര്‍ശകര്‍ക്ക് അവരുടെ ഉല്‍പന്നങ്ങള്‍ക്ക് ചിലവിനനുസരിച്ചുള്ള താങ്ങുവില ഉറപ്പാക്കാന്‍ നടപടി എടുക്കും.
സംസ്‌ഥാനത്ത് പുതിയ വ്യാവസായിക നയം രൂപീകരിക്കും. സര്‍ക്കാര്‍ അദ്ധ്യാപകരുടെ നിയമനം വേഗത്തിലാക്കും. സര്‍ക്കാര്‍ ജോലികളിലേക്കുള്ള അപേക്ഷകളില്‍ ഫീസ് ഈടാക്കില്ല.
സംസ്‌ഥാനത്ത് സ്‍മാർട്ട് വില്ലേജുകള്‍ക്ക് രൂപം നല്‍കും. അംഗനവാടി ജീവനക്കാരുടെ എണ്ണം ഇരട്ടിയാക്കും. എല്ലാ പഞ്ചായത്തിലും ഒരു സൗജന്യ കംപ്യൂട്ടര്‍ സെന്റര്‍ വീതം നിര്‍മ്മിക്കും. സ്‌ത്രീകള്‍ക്ക് പ്രസവ സമയത്ത് ഒറ്റത്തവണ സഹായമായി 4000 രൂപ നല്‍കും. എന്നിവയാണ് പ്രകടന പത്രികയില്‍ ഉള്‍ക്കൊള്ളിച്ച വാഗ്‌ദാനങ്ങൾ. കര്‍ഷകര്‍, യുവാക്കള്‍, ദിവസ വേതന തൊഴിലാളികള്‍, സ്‌ത്രീകള്‍ എന്നിങ്ങനെ എല്ലാ മേഖലയിലെയും വോട്ടുകള്‍ ലക്ഷ്യമിട്ടുള്ളതാണ് പത്രിക.
സൗജന്യ കോവിഡ് വാക്‌സിൻ ലഭ്യമാക്കും എന്ന പ്രഖ്യാപനവുമായാണ് ബിജെപി പ്രകടന പത്രിക പുറത്തിറക്കിയത്. ഇതിനെതിരെ പല കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.
മൂന്ന് ഘട്ടങ്ങളിലായാണ് ബിഹാര്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഒക്‌ടോബർ 28, നവംബര്‍ 3, 7 തീയതികളിലാണ് വോട്ടെടുപ്പ് തീരുമാനിച്ചത്. നവംബര്‍ 10-നാണ് ഫലപ്രഖ്യാപനം.
Read Also: തമിഴ്‌നാടിനും, ബിഹാറിനും പിന്നാലെ സൗജന്യ വാക്‌സിൻ പ്രഖ്യാപിച്ച് പുതുച്ചേരിയും







































