ന്യൂഡെൽഹി: ബിഹാറിലെ വോട്ടർ പട്ടികയിൽ വോട്ടർമാരുടെ തിരിച്ചറിയൽ രേഖകളിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് മൂന്ന് ലക്ഷം പേർക്ക് നോട്ടീസയച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്‌ഐആർ) സമയത്താണ് ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെട്ടത്.
ബംഗ്ളാദേശ്, നേപ്പാൾ, മ്യാൻമാർ, അഫ്‌ഗാനിസ്‌ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ചിലർ ഇന്ത്യൻ വോട്ടർ തിരിച്ചറിയൽ കാർഡുകൾ കൈവശം വച്ചിരിക്കുന്നതായി കണ്ടെത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു.
ബിഹാറിൽ എസ്‌ഐആറിനായി വീടുതോറുമുള്ള സന്ദർശന വേളയിൽ നേപ്പാൾ, ബംഗ്ളാദേശ്, മ്യാൻമർ, അഫ്‌ഗാനിസ്‌ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ധാരാളം ആളുകളെ ബിഎൽഒമാർ കണ്ടെത്തിയിട്ടുണ്ട്. ആധാർ, താമസ സർട്ടിഫിക്കറ്റ്, റേഷൻകാർഡ് മുതലായവ ഉൾപ്പടെ എല്ലാ രേഖകളും ഈ വ്യക്‌തികൾക്ക് ഉണ്ടായിരുന്നു. ഇതിനുപിന്നാലെ പ്രാദേശിക തലത്തിൽ അന്വേഷണങ്ങൾ നടത്തി. ശേഷമാണ് നോട്ടീസ് അയച്ചത് എന്നാണ് റിപ്പോർട്.
വ്യാഴാഴ്‌ച വരെ, കരട് പട്ടികയിൽ നിന്ന് പേരുകൾ ഉൾപ്പെടുത്താനോ നീക്കം ചെയ്യാനോ ആവശ്യപ്പെട്ട് ആകെ 1,95,802 അപേക്ഷകൾ ലഭിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷൻ സ്‌ഥിരീകരിച്ചു. ഇതിൽ 24,991 അപേക്ഷകൾ ഇതിനകം തീർപ്പാക്കി. പുതിയ ഉൾപ്പെടുത്തലുകളും ഒഴിവാക്കലുകളും സംബന്ധിച്ച എത്ര അപേക്ഷകൾ ഉണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ വ്യക്‌തമാക്കിയിട്ടില്ല.
സിപിഐ (എംഎൽ) 79 ഹരജികൾ സമർപ്പിച്ചു. ബിഹാറിലെ പ്രധാന പ്രതിപക്ഷ പാർട്ടിയായ രാഷ്‌ട്രീയ ജനതാദൾ (ആർജെഡി) മൂന്ന് ഹരജികളാണ് സമർപ്പിച്ചത്. ബിജെപിയും കോൺഗ്രസും ഉൾപ്പടെ ദേശീയ പാർട്ടികൾ ഇതുവരെ ഹരജികൾ സമർപ്പിച്ചിട്ടില്ല.
Most Read| കൗതുകമായി അഞ്ച് തലയുള്ള പന; 30 വർഷമായി സംരക്ഷിച്ച് നാട്ടുകാർ