കോട്ടയം: പാലാ നഗരസഭയിലെ നഗരസഭാ കക്ഷി നേതാവായ ബിനു പുളിക്കക്കണ്ടത്തെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി സിപിഎം. അച്ചടക്ക ലംഘനത്തിനാണ് പാർട്ടി ബ്രാഞ്ച് കമ്മിറ്റി അംഗമായ ബിനുവിനെ സിപിഎം പാലാ ഏരിയാ കമ്മിറ്റി പുറത്താക്കിയത്. ഇത് സംബന്ധിച്ച് പത്രക്കുറിപ്പും പുറത്തിറക്കി.
ജോസ് കെ മാണിയുമായി നിരന്തരം തർക്കത്തിലും വാക്കേറ്റത്തിലും ഏർപ്പെട്ടിരുന്ന ബിനു സിപിഎമ്മിനും കേരള കോൺഗ്രസിനും (എം) ഒരേസമയം തലവേദന സൃഷ്ടിച്ചിരുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് ബിജെപി വിട്ട് സിപിഎമ്മിൽ എത്തിയ ബിനു കൗൺസിലിൽ പാർട്ടി ചിഹ്നത്തിലാണ് മൽസരിച്ചത്. പാലാ നഗരസഭയിലേക്ക് വിജയിച്ച ഏക സിപിഎം അംഗമാണ്.
മുന്നണി ധാരണാപ്രകാരം സിപിഎമ്മിന് ലഭിക്കേണ്ട നഗരസഭാ അധ്യക്ഷ സ്ഥാനത്തേക്ക് ബിനുവിനെ പരിഗണിക്കാതിരിക്കാൻ കേരള കോൺഗ്രസ് സിപിഎം സംസ്ഥാന നേതൃത്വത്തിൽ വരെ സമ്മർദ്ദം ചെലുത്തിയിരുന്നു. കേരള കോൺഗ്രസ് തന്റെ നഗരസഭാ അധ്യക്ഷ സ്ഥാനം തട്ടിക്കളഞ്ഞതിൽ പ്രതിഷേധിച്ചു 2023 ജനുവരി മുതൽ പൊതുപരിപാടികളിൽ കറുപ്പ് ഷർട്ട് ഇട്ട് ബിനു പ്രതിഷേധിക്കുകയാണ്. കഴിഞ്ഞ ദിവസം കേരള കോൺഗ്രസിന് സിപിഎം രാജ്യസഭാ സീറ്റ് നൽകിയ നടപടിയിൽ പരിഹാസ സ്വരവുമായി ബിനു രംഗത്ത് എത്തിയിരുന്നു. ഇതോടെയാണ് പാർട്ടിയിൽ നിന്ന് പുറത്താക്കാൻ നേതൃത്വം തീരുമാനിച്ചത്.
Most Read| വോട്ടർമാരോട് നന്ദി പറയാൻ രാഹുൽ ഗാന്ധി നാളെ വയനാട്ടിൽ